Connect with us

Kerala

കൂപ്പുകുത്തി തേങ്ങയും കൊപ്രയും

റെക്കോർഡ് വിലത്തകർച്ച

Published

|

Last Updated

നിലമ്പൂർ | നാളികേരത്തിന് വിലയിടിവ് തുടരുന്നത് കൊപ്ര വിലയെയും ബാധിച്ചു. നിലനിൽപ്പ് ഭീഷണിയിലായതോടെ കൊപ്രാ അട്ടികൾ നാടുനീങ്ങുന്നു. നാളികേരത്തിനും കൊപ്രക്കും വൻ വിലത്തകർച്ചയാണ്. ഒരു കിലോ നാളികേരത്തിന് 24 രൂപ മാത്രമാണ് നിലവിലെ വില. കൊപ്ര വില ക്വിന്റലിന് 8,000 രൂപയാണ്.

100 കിലോ നാളികേരം ഉണങ്ങിയാൽ 28 മുതൽ 29 കിലോ വരെ കൊപ്രയാണ് ലഭിക്കുക. കൂലിച്ചെലവ് കൂട്ടി നോക്കിയാൽ നഷ്ടം മാത്രമാണ് ബാക്കി. മലബാർ മേഖലയിൽ നിരവധി കൊപ്രാ അട്ടികളാണ് ഒരു കാലത്ത് സജീവമായി പ്രവർത്തിച്ചിരുന്നത്. കർഷകരിൽ നിന്ന് നാളികേരം സംഭരിച്ച് കൊപ്രയാക്കി നൽകുന്നതിനാണ് പലരും കൊപ്രാ അട്ടികൾ തുടങ്ങിയത്.

തൊഴിലാളികളുടെ കൂലിയിൽ ഉൾപ്പെടെ വർധനവ് ഉണ്ടായപ്പോഴും ആനുപാതികമായി കൊപ്ര വില ഉയർന്നില്ല. ക്വിന്റലിന് 11,000 രൂപ വരെ കൊപ്രക്ക് ലഭിച്ചിരുന്നു. ഇതാണ് 8,000ത്തിലേക്ക് കൂപ്പ് കുത്തിയത്. നഷ്ടം കൂടിയതോടെ പലരും കൊപ്രാ അട്ടികൾ അടച്ചുപൂട്ടി.