Kerala
കൂടത്തായി കൊലപാതക കേസ്; പ്രതി ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ജോളി പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്.
കൊച്ചി|കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ പ്രതി ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ തനിക്കെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നുമാണ് ജോളിയുടെ ആവശ്യം. എന്നാല്‍ ജോളി പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്.
നേരത്തെ ഹൈക്കോടതി നല്‍കിയ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. സുപ്രീംകോടതിയുടെ ഉത്തരവ് മറികടക്കാനാവില്ലെന്ന് ജസ്റ്റിസ് സി.എസ്.ഡയസിന്റെ ബെഞ്ച് വ്യക്തമാക്കി. കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കുമ്പോള്‍ സെഷന്‍സ് കോടതിക്ക് നീതിപൂര്‍വമായ തീരുമാനമെടുക്കാമെന്ന് കോടതി പറഞ്ഞു. ജോളിക്കെതിരായ എല്ലാ കേസുകളുടേയും വിചാരണ കോഴിക്കോട് പ്രത്യേക കോടതിയിലാണ് നടക്കുന്നത്. ഈ ഘട്ടത്തില്‍ ജോളിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ എതിര്‍വാദമുയര്‍ത്തി.
കോഴിക്കോട് കൂടത്തായിയില്‍ 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഒരേ കുടുംബത്തിലെ ആറ് പേരെ ഭക്ഷണത്തില്‍ സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്ന കേസിലെ മുഖ്യപ്രതിയാണ് ജോളി. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (58), മകന്‍ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന്‍ എംഎം മാത്യു മഞ്ചാടിയില്‍ (68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്‌കറിയയുടെ മകള്‍ ആല്‍ഫൈന്‍ (2), ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44) എന്നിവരാണ് കൊല്ലപ്പട്ടത്. ഒരു കുടുംബത്തിലെ ആറുപേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതോടെയാണ് ജോളിയും കൂടത്തായിയും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. 2019-ലാണ് കേരളത്തെ നടുക്കിയ കൊലപാതകങ്ങളുടെ വിവരം പുറത്തറിഞ്ഞത്