Kerala
കോതമംഗലം കൊലപാതകം; ആറ് വയസ്സുകാരിക്ക് അന്ത്യനിദ്ര
കോതമംഗലം കൊലപാതകം; ആറ് വയസ്സുകാരിക്ക് ഖബറില്‍ അന്ത്യനിദ്ര
കൊച്ചി | കോതമംഗലം നെല്ലിക്കുഴിയില്‍ ശ്വാസം മുട്ടിച്ച് രണ്ടാനമ്മ കൊലപ്പെടുത്തിയ ആറ് വയസ്സുകാരി മുസ്‌കാന്റെ മയ്യിത്ത് ഖബറടക്കി. കോതമംഗലം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മയ്യത്ത് പിതാവ് അജാസ് ഖാന്‍ ഏറ്റുവാങ്ങിയാണ് നെല്ലിക്കുന്ന് ഖബര്‍സ്ഥാനിലെത്തിച്ച് ഖബറടക്കിയത്. നാട്ടുകാരും ജനപ്രതിനിധികളും ഖബറടക്ക ചടങ്ങില്‍ പങ്കാളികളായി.
എം എല്‍ എ ആന്റണി ജോണ്‍, വാര്‍ഡ് മെമ്പര്‍ ടി എം അബ്്ദുല്‍ അസീസ്, പോലീസ് ഇന്‍സ്‌പെക്ടര്‍ പി ടി ബിജോയ് തുടങ്ങിയവരും ആശുപത്രിയില്‍ എത്തിയിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് ഉത്തര്‍പ്രദേശ് സ്വദേശി അജാസ്ഖാന്റെ മകള്‍ മുസ്‌കാനെ നെല്ലിക്കുഴിയിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേദിവസം ഭക്ഷണം കഴിച്ച ശേഷം ഉറങ്ങിയ മുസ്‌കാന്‍ പിറ്റേന്ന് രാവിലെ എഴുന്നേറ്റില്ലെന്നാണ് മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞത്.
എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശ്വാസം മുട്ടിച്ചുള്ള കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പോലീസ് ചോദ്യം ചെയ്യലിലാണ് രണ്ടാനമ്മ കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്.