Connect with us

articles

വിപ്ലവ സൗരഭ്യം പകര്‍ന്ന കൊടിക്കൂറ

വിപ്ലവം എന്ന നിരവധി മാനങ്ങളുള്ള വാക്ക് അന്ന് സമൂഹത്തില്‍ സജീവമായി ചര്‍ച്ച ചെയ്യുന്നതാണ്. ആ വാക്ക് കേള്‍ക്കുമ്പോള്‍ രക്തവും ആയുധവുമൊക്കെയായിരിക്കും ഓര്‍മ വരികയെങ്കില്‍ അതിനോട് കൂടെ ധാര്‍മികം എന്ന മറ്റൊരു വാക്ക് വിളക്കിച്ചേര്‍ത്ത് തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു ആശയം പ്രസരിപ്പിക്കുന്നതാണ് എസ് എസ് എഫിന്റെ മുദ്രാവാക്യം.

Published

|

Last Updated

നീലവാനില്‍ ധാര്‍മിക വിപ്ലവാലയൊലികള്‍ തീര്‍ക്കുന്ന ഹരിത ധവള നീലിമ. കേരളത്തിന് പുറത്തും സുന്നി വിദ്യാര്‍ഥികളുടെ സാന്നിധ്യമുള്ള ഇന്ത്യയുടെ മറ്റ് ദേശങ്ങളിലും പരദേശങ്ങളിലും ഈ കൊടിക്കൂറ ധാര്‍മിക ജീവിതത്തിന്റെ, ഇടപെടലിന്റെ, ചൂഷണത്തിനെതിരായ പ്രതിഷേധ സ്വരത്തിന്റെ, അവകാശങ്ങള്‍ ധ്വംസിക്കപ്പെടുമ്പോള്‍ ഒച്ചയുയര്‍ത്തലിന്റെ അടയാളവും ആവേശവുമായി മാറുന്നു. ഈ കൊടിയും അത് നെഞ്ചോട് ചേര്‍ത്ത് വാനിലേക്ക് മുഷ്ടി ചുരുട്ടി ചങ്കുപൊട്ടി വിളിക്കുന്ന “ധാര്‍മിക വിപ്ലവം സിന്ദാബാദ്’ എന്ന മുദ്രാവാക്യവും നിത്യഹരിതമായി നിലകൊള്ളുന്നത് കേവലം ആവേശം ജനിപ്പിക്കുക എന്ന നിലക്ക് മാത്രമല്ല. അണമുറിയാത്ത പ്രവര്‍ത്തനനിരതയും നയസമീപനങ്ങളിലെ പുതുമയും അജന്‍ഡകളിലെ ശക്തിയുമെല്ലാം അതിന് കാരണങ്ങളാണ്. വിദ്യാര്‍ഥികള്‍ എന്ന നാടിന്റെ സ്വത്തിനെ കണ്ണിമ ചിമ്മാതെ സംരക്ഷിക്കുന്ന, അവരുടെ ഭൗതികവും ആത്മീയവുമായ ജീവിതത്തിന് കരുത്തു പകരുന്ന ഈ പതാകക്കും മുദ്രാവാക്യത്തിനും തങ്ങളുടെ പിറവിയുടെ കഥ പറയാനുണ്ട്. പതാകയിലെ ഓരോ നിറത്തിനും അതിന്റെതായ സന്ദേശമുണ്ട്.

സംസ്ഥാന കമ്മിറ്റി രൂപവത്കരിച്ച ശേഷം കണ്‍വെന്‍ഷനില്‍ പങ്കെടുത്ത പ്രതിനിധികള്‍ യൂനിറ്റ് രൂപവത്കരണ ലക്ഷ്യവുമായി നാടുകളിലേക്ക് തിരിക്കുകയും സ്വന്തം നാട്ടിലും സമീപ പ്രദേശങ്ങളിലും എസ് എസ് എഫ് സ്ഥാപിക്കുകയും ചെയ്യുന്ന കാലം. എതിര്‍പ്പുകള്‍ക്ക് നടുവിലാണ് പലയിടത്തും യൂനിറ്റുകള്‍ യാഥാര്‍ഥ്യമായത്. ഒരു രൂപയുടെ ഫോമിലാണ് യൂനിറ്റ് അംഗീകാരത്തിന് സംസ്ഥാന കമ്മിറ്റിക്ക് മുമ്പാകെ അപേക്ഷിക്കേണ്ടത്. 25 പൈസയായിരുന്നു അംഗത്വ ഫീസ്. ചടുലമായ പ്രവര്‍ത്തനങ്ങളാണ് നാടുകളില്‍ തോറും. ഇതേസമയം, ഭരണഘടന തയ്യാറാക്കുന്നതിന് നിയമിച്ച ഏഴംഗ നിര്‍മാണ സമിതിയില്‍ ചര്‍ച്ചകള്‍ കൊടുമ്പിരി കൊള്ളുകയായിരുന്നു. പ്രവര്‍ത്തന ഘടന, പെരുമാറ്റച്ചട്ടം, അംഗത്വ മാനദണ്ഡം, കീഴ്കമ്മിറ്റികളുടെ പ്രവര്‍ത്തനം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതോടൊപ്പം പതാകയിലും ഒരോരോ അഭിപ്രായങ്ങളുയര്‍ന്നു. ഓരോ അംഗവും ഭരണഘടന തയ്യാറാക്കുകയും പിന്നീട് കാര്യമാത്ര പ്രസക്തമായ വിഷയങ്ങളെടുത്ത് ക്രോഡീകരിക്കുകയുമാണ് ചെയ്തതെന്ന് കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാര്‍ ഓര്‍ക്കുന്നുണ്ട്.

പതാകക്കും നിരവധി രൂപകല്‍പ്പനകള്‍ നിര്‍ദേശിക്കപ്പെട്ടിരുന്നു. ഭൂരിപക്ഷം ലഭിച്ച ഡിസൈനാണ് തിരഞ്ഞെടുത്തത്. “നീളത്തിന്റെ മൂന്നില്‍ രണ്ട് വീതിയെന്ന തോതിലുള്ളതും മുകള്‍ ഭാഗം പച്ചയും അടിഭാഗം നീലയും മധ്യഭാഗം വെള്ളയുമായ മൂന്ന് സമഭാഗങ്ങള്‍ ഉള്ളതും വെള്ളയുടെ മധ്യത്തില്‍ നീല കൊണ്ട് എസ് എസ് എഫ് എന്ന് ആലേഖനം ചെയ്യപ്പെട്ടതുമായിരിക്കും ഈ സംഘടനയുടെ പതാക’ (ഭരണഘടന പേജ് 1, 2). നീല അധ്വാനത്തെയും വെള്ള വിശുദ്ധിയെയും പച്ച സജീവതയെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. വിപ്ലവ വര്‍ണമായ ചുവപ്പ് അക്ഷരത്തിലാണ് എസ് എസ് എഫ് എഴുതേണ്ടത് എന്ന് കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടിരുന്നുവെങ്കിലും കര്‍മശേഷിയാണ് വിപ്ലവത്തേക്കാള്‍ ആവശ്യം എന്ന അഭിപ്രായം മാനിച്ച് നീലയാക്കുകയായിരുന്നു.

വിപ്ലവം എന്ന നിരവധി മാനങ്ങളുള്ള വാക്ക് അന്ന് സമൂഹത്തില്‍ സജീവമായി ചര്‍ച്ച ചെയ്യുന്നതാണ്. ആ വാക്ക് കേള്‍ക്കുമ്പോള്‍ രക്തവും ആയുധവുമൊക്കെയായിരിക്കും ഓര്‍മ വരികയെങ്കില്‍ അതിനോട് കൂടെ ധാര്‍മികം എന്ന മറ്റൊരു വാക്ക് വിളക്കിച്ചേര്‍ത്ത് തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു ആശയം പ്രസരിപ്പിക്കുന്നതാണ് എസ് എസ് എഫിന്റെ മുദ്രാവാക്യം. ധാര്‍മിക വിപ്ലവം സിന്ദാബാദ് എന്ന് കേള്‍ക്കുമ്പോഴെല്ലാം ആരാണ് ഇത് സംഭാവന ചെയ്തതെന്ന് പലരും ആലോചിച്ചിട്ടുണ്ടാകും. ദീര്‍ഘകാലം സംഘടനയുടെ സംസ്ഥാന നേതൃത്വത്തിലുണ്ടായിരുന്ന, കര്‍മോത്സുകത കൊണ്ട് തലമുറകളെ ആകര്‍ഷിച്ച എന്‍ അലി അബ്ദുല്ല ആ ഉദ്വേഗത്തിന് ശമനം നല്‍കും. കൂട്ടായ്മയില്‍ ജനിച്ച മുദ്രാവാക്യം എന്നാണ് അദ്ദേഹം വിശദീകരണം നല്‍കുന്നത്. മുദ്രാവാക്യത്തിന്റെ പിതാവായി ഒരാളെ ചൂണ്ടിക്കാണിക്കാനാകില്ല. കൂട്ടായ ആലോചനയില്‍, പ്രവര്‍ത്തനത്തില്‍ രൂപപ്പെട്ടതാണ് മുദ്രവാക്യമെന്ന് അര്‍ഥം.
പരിചിത മുദ്രാവാക്യങ്ങളില്‍ നിന്ന് എക്കാലത്തും വ്യതിരിക്തത പുലര്‍ത്താന്‍ എസ് എസ് എഫിന് സാധിച്ചതും കൂട്ടായ ശ്രമത്തിന്റെ ഫലമായാണ്. മനുഷ്യ ജീവിതത്തിന് ധാര്‍മികത അനിവാര്യമാണെന്നും അല്ലെങ്കില്‍ അരാജകത്വത്തിലേക്ക് വീണ് സാമൂഹിക ജീവിതം അരോചകമാകുമെന്നുമുള്ള ദീര്‍ഘവീക്ഷണവും അന്നത്തെ സ്ഥിതിഗതികളുമാണ് എസ് എസ് എഫിനെ പരുവപ്പെടുത്തിയത് എന്ന് കാണാം.

Latest