Kerala
കോട്ടയത്ത് ബാര്‍ ജീവനക്കാരെ കൊലപ്പെടുത്തിയ കേസ്: പ്രതികളെ റിമാന്‍ഡില്‍ വിട്ടു
മദ്യപിക്കുന്നതിനിടെ ബാറിനുള്ളിലിരുന്ന് പ്രതികള്‍ പുകവലിച്ചത് സുരേഷ് എതിർത്തതിനെ തുടർന്നുണ്ടായ വാക്കേറ്റമാണു കൊലപാതകത്തില്‍ കലാശിച്ചത്.
കോട്ടയം | കോട്ടയത്ത് ബാര്‍ ജീവനക്കാരെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ യുവാക്കളെ റിമാന്‍ഡില്‍ വിട്ടു. വേളൂര്‍ പുളിനാക്കല്‍ നടുത്തറ ശ്യാം രാജ് , പുളിക്കമറ്റം വാഴേപ്പറമ്പില്‍ ആദര്‍ശ്,പതിനാറില്‍ചിറ കാരക്കാട്ടില്‍ ഏബല്‍ ജോണ്‍, തിരുവാര്‍പ്പ് കാഞ്ഞിരം ഷാപ്പുംപടി പള്ളത്തുശേരില്‍ ജെബിന്‍ ജോസഫ് എന്നീ നാലുപേരെയാണ് റിമാന്‍ഡ് ചെയ്തത്. മല്ലപ്പള്ളി പുറമറ്റം മടത്തുംഭാഗം പൊട്ടന്‍മല ലക്ഷംവീട്ടില്‍ എം സുരേഷ് (50)ആണ് യുവാക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബാര്‍ ജീവനക്കാരന്‍.ടിബി റോഡ് ഭാഗത്തെ ബാറില്‍ മാര്‍ച്ച് 20ന് രാത്രിയിലായിരുന്നു സംഭവം.
ശ്യാംരാജും ആദര്‍ശും ബാറിനുള്ളില്‍ വെച്ച് മദ്യപിക്കുന്നതിനിടെ പുകവലിച്ചത് ബാര്‍ ജീവനക്കാരനായ സുരേഷ് എതിര്‍ത്തു. തുടര്‍ന്ന് മൂവരും തമ്മില്‍ വാക്കേറ്റമുണ്ടായി.തര്‍ക്കം മൂര്‍ച്ഛിച്ചതോടെ ബാറിന് പുറത്തിറങ്ങിയ ശ്യാജിത്തും ആദര്‍ശും ഇവരുടെ സുഹൃത്തുക്കളായ ഏബലിനെയും ജെബലിനെയും സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തി സുരേഷിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് കല്ലെറിഞ്ഞ് സുരേഷിനെ പരുക്കേല്‍പ്പിക്കാന്‍ പ്രതികള്‍ ശ്രമിച്ചു. ഇതിനിടയില്‍ ഒരു കല്ല് സുരേഷിന്റെ തലയ്ക്കു പിന്നില്‍ കൊള്ളുകയും ഗുരുതരമായ പരുക്ക് ഉണ്ടാകുകയും ചെയ്തു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.