food poison death
കോട്ടയം ഭക്ഷ്യവിഷബാധ: ഹോട്ടലുടമ അറസ്റ്റിൽ
ഹോട്ടലിൻ്റെ രണ്ട് പാർട്ണർമാരെ കൂടി പിടികൂടാനുണ്ട്.
കോട്ടയം | ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്‌സ് മരിച്ച സംഭവത്തില്‍ ഹോട്ടലുടമ അറസ്റ്റിൽ. കാസർകോട് കോയിപ്പടി സ്വദേശി ലത്തീഫ് ആണ് കോട്ടയം ഗാന്ധിനഗർ പോലീസിൻ്റെ പിടിയിലായത്. കർണാടകയിലെ കമ്മനഹള്ളിയിൽ നിന്നാണ് ലത്തീഫിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
ഭക്ഷ്യവിഷബാധയേറ്റാണ് യുവതി മരിച്ചതെന്ന് പരിശോധനഫലത്തില്‍ വ്യക്തമായിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ലഭിച്ചതിന് പിന്നാലെ കേസില്‍ ഹോട്ടല്‍ ഉടമകളെ പൊലീസ് പ്രതി ചേര്‍ത്തിരുന്നു. ഹോട്ടലിൻ്റെ രണ്ട് പാർട്ണർമാരെ കൂടി പിടികൂടാനുണ്ട്. ഇവർ ഒളിവിലാണ്. ഹോട്ടലിലെ മുഖ്യപാചകക്കാരന്‍ മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് സിറാജുദ്ദീനെ അറസ്റ്റ് ചെയ്തിരുന്നു. നരഹത്യയ്ക്ക് കേസെടുത്താണ് സിറാജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്‌സായിരുന്ന രശ്മി കഴിഞ്ഞ മാസം 29നാണ് ഓണ്‍ലൈനിലൂടെ കോട്ടയം സംക്രാന്തി പാര്‍ക്ക് ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങിക്കഴിച്ചത്. ഒരു മണിക്കൂറിനുള്ളില്‍ അവശയായ രശ്മിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് അണുബാധയുണ്ടായതാണ് രശ്മിയുടെ മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. പാര്‍ക്ക് ഹോട്ടലിനെതിരെ കൂടുതല്‍ പരാതികള്‍ നേരത്തേ പുറത്തു വന്നിരുന്നു. ഡിസംബര്‍ 29ന് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ഇരുപതോളം പേര്‍ക്കാണ് വിഷബാധയേറ്റത്.