Connect with us

Malappuram

കോട്ടയം- നിലമ്പൂര്‍ എക്‌സ്പ്രസ്സ് ഏഴിന് പുനരാരംഭിക്കും

പുലർച്ചെ 5.15ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് 11.45ന് നിലമ്പൂരിലെത്തും

Published

|

Last Updated

നിലമ്പൂര്‍ | ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം കോട്ടയം- നിലമ്പൂര്‍ എക്‌സ്പ്രസ് അടുത്തമാസം ഏഴ് മുതല്‍ ഓടിത്തുടങ്ങും. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 23ന് നിര്‍ത്തിയ സര്‍വീസാണ് പുനരാരംഭിക്കുന്നത്.

നേരത്തെ പാസഞ്ചര്‍ ട്രെയിനായി സര്‍വീസ് നടത്തിയിരുന്നത് എക്സ്പ്രസായാണ് പുനരാരംഭിക്കുന്നത്. വരുമാന വര്‍ധന ലക്ഷ്യമിട്ട് കഴിഞ്ഞ ഒക്ടോബറില്‍ രാജ്യത്തെ 358 പാസഞ്ചര്‍ ട്രെയിനുകള്‍ എക്സ്പ്രസാക്കി മാറ്റിയപ്പോഴാണ് നിലമ്പൂര്‍-കോട്ടയമടക്കം കേരളത്തിലെ 10 പാസഞ്ചറുകള്‍ എക്സ്പ്രസായി മാറിയത്. പാസഞ്ചര്‍ എക്‌സ്പ്രസായതോടെ നിലമ്പൂര്‍, വാണിയമ്പലം, അങ്ങാടിപ്പുറം, ഷൊര്‍ണൂര്‍ സ്റ്റേഷനുകളില്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ സ്്‌റ്റോപ്പുണ്ടാകുക. സ്ലീപ്പര്‍, എ സി ഉള്‍പ്പെടെയുള്ള കോച്ചുകള്‍ വരും. വേഗം കൂടുന്നതോടെ യാത്രക്കാര്‍ക്ക് സമയലാഭവും ഉണ്ടാകും. കോട്ടയത്ത് നിന്നും നിലമ്പൂരിലേക്ക് 06326 എന്ന നമ്പറിലും നിലമ്പൂരില്‍ നിന്നും കോട്ടയത്തേക്ക് മടങ്ങുന്ന ട്രെയിന്‍ 06325 എന്ന നമ്പറിലുമാണ് സര്‍വീസ് നടത്തുക.

പുലര്‍ച്ച 5.15നാണ് കോട്ടയത്ത് നിന്നും നിലമ്പൂരിലേക്ക് ട്രെയിന്‍ പുറപ്പെടുക. 6.40ന് എറണാകുളത്തും 8.28ന് തൃശൂരിലും 10.10ന് ഷൊര്‍ണൂരിലും എത്തുന്ന ട്രെയിന്‍ 11.45നാണ് നിലമ്പൂരിലെത്തുക. ഉച്ചകഴിഞ്ഞ 3.10ന് നിലമ്പൂരില്‍നിന്നും മടങ്ങുന്ന ട്രെയിന്‍ രാത്രി 10.15 ന് കോട്ടയത്ത് തിരിച്ചെത്തും. നിലവില്‍ നിലമ്പൂര്‍-ഷൊറണ്ണൂര്‍ പാതയില്‍ രാജ്യറാണി മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ. പകല്‍ ട്രെയിനുകളൊന്നും ഇല്ലാത്തത് ഈ പാതയിലെ യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു.
കോട്ടയം- നിലമ്പൂര്‍ എക്‌സ്പ്രസ് അടക്കം ഏഴ് സര്‍വീസുകളാണ് നിലമ്പൂര്‍ -ഷൊര്‍ണൂര്‍ പാതയില്‍ നിലവിലുണ്ടായിരുന്നത്. രാജ്യ റാണി മാത്രമാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. പകല്‍ സര്‍വീസുകള്‍ പുനരാരംഭിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്.