Kerala
കോട്ടയം നഴ്‌സിങ് കോളജ് റാഗിങ്; പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനം വിലക്കും
നഴ്‌സിങ് കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമായത്.
![](https://assets.sirajlive.com/2025/02/ragging-1-897x538.jpg)
കോട്ടയം|കോട്ടയത്തെ സര്‍ക്കാര്‍ നഴ്സിങ് കോളജ് ഹോസ്റ്റലില്‍ നടന്ന റാഗിങ്ങില്‍ നടപടി. പ്രതികളായ അഞ്ച് നഴ്‌സിങ് വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനം വിലക്കും. നഴ്‌സിങ് കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമായത്. നഴ്‌സിങ് കൗണ്‍സിലിന്റെ തീരുമാനം കോളജ് അധികൃതരെയും സര്‍ക്കാരിനെയും അറിയിക്കും. കോട്ടയം വാളകം സ്വദേശി സാമുവല്‍ ജോണ്‍സണ്‍(20), മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്(22), വയനാട് നടവയല്‍ സ്വദേശി ജീവ(18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജില്‍ ജിത്ത്(20), കോട്ടയം കോരുത്തോട് സ്വദേശി വിവേക്(21) എന്നിന്നവരാണ് പ്രതികള്‍.
പ്രതികളെ നേരത്തെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷനില്‍ തീരേണ്ട കാര്യമല്ല ഇതെന്നും മറ്റൊരാളും ഇനി ഇത് ചെയ്യാതിരിക്കാനുള്ള സന്ദേശമായി നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.
പീഡനത്തിന് ഇരയായ വിദ്യാര്‍ത്ഥിയുടെ പിറന്നാളിന് ചെലവ് ചെയ്യണമെന്ന് പ്രതികള്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞതാണ് ക്രൂരമായ റാഗിങിലേക്ക് എത്തിച്ചത്. വിദ്യാര്‍ത്ഥിയുടെ കയ്യും കാലും കെട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയും കോമ്പസ് ഉപയോഗിച്ച് ശരീരത്തില്‍ കുത്തിപ്പരുക്കേല്‍പ്പിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
റാഗിങുമായി ബന്ധപ്പെട്ട് കോളജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.സുലേഖ, അസി. പ്രൊഫസര്‍ അജീഷ് പി മാണി എന്നിവരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തിരമായി നീക്കം ചെയ്യാനും നിര്‍ദേശം നല്‍കിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.