kottur usthad
കോട്ടൂർ ഉസ്താദ്: അറിവൊഴുക്കിന്റെ 60 വർഷങ്ങൾ
ശൈഖുനാ കോട്ടൂർ ഉസ്താദിന്റെ ദർസിന്റെ അറുപതാം വാർഷിക സമ്മേളനം കോട്ടൂരിൽ ഇന്ന് സമാപിക്കുകയാണ്.
സമസ്ത ട്രഷറർ താജുൽ മുഹഖിഖീൻ ശൈഖുനാ കോട്ടൂർ കുഞ്ഞമ്മു മുസ്്ലിയാർ ദർസ് അധ്യാപന രംഗത്ത് 60 വർഷം തികക്കുകയാണ്. പണ്ഡിതന്മാർക്കിടയിൽ ആമുഖങ്ങൾ ആവശ്യമില്ലാത്ത വ്യക്തിത്വമാണ് കോട്ടൂർ ഉസ്താദ്. മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത് കോട്ടൂരിൽ പൊൻമളത്തൊടി കോയക്കുട്ടിയുടെയും അടാട്ടിൽ കുഞ്ഞിപ്പാത്തുവിന്റെയും മകനായി 1941ലാണ് ജനനം. ആദ്യമായി ഖുർആൻ പഠനം ആരംഭിക്കുന്നത് അബൂബക്കർ മുസ്്ലിയാർ എന്ന ഗുരുവര്യരിൽ നിന്നാണ്. പാലക്കാട് ജില്ലയിലെ അറക്കൽ വലിയുല്ലാഹിയുടെ സ്വാധീനം കാരണം ഇസ്്ലാമിലേക്ക് കടന്നുവന്ന പുതുവിശ്വാസി ആയിരുന്നു അബൂബക്കർ മുസ്്ലിയാർ. പുതുമുസ്്ലിം ആണെങ്കിലും വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നതിൽ നല്ല കഴിവായിരുന്നു അബൂബക്കർ മുസ്്ലിയാർക്ക്.
ദർസ് പഠനം ആരംഭിക്കുന്നത് വളവന്നൂർ പൊട്ടച്ചോല സൈതാലി മുസ്്ലിയാരുടെ അടുത്തു നിന്നാണ്. അറബി വ്യാകരണ ശാസ്ത്രത്തിൽ അഗാധ പ്രാവീണ്യമുള്ള അദ്ദേഹത്തിൽ നിന്നാണ് അൽഫിയ്യ ഉൾപ്പെടെയുള്ള പ്രാഥമിക കിതാബുകളെല്ലാം പഠിച്ചത്. പിന്നീട് ഒ കെ ഉസ്താദിന്റെ ദർസിൽ ചേർന്നു. തലക്കടത്തൂരും ചാലിയത്തുമായി അഞ്ച് വർഷം ഒ കെ ഉസ്താദിന്റെ ശിക്ഷണത്തിലായിരുന്നു. കോട്ടൂർ ഉസ്താദിലെ പണ്ഡിതനെ രൂപപ്പെടുത്തിയത് അക്കാലയാളവാണെന്ന് പറയാം.
സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദടക്കമുള്ള നിരവധി സഹപാഠികൾ അക്കാലത്ത് അവിടെ ഉണ്ടായിരുന്നു. ദർസീ പഠനത്തിനിടക്കാണ് ഒരസുഖം പിടിപെട്ടത്. ഉഷ്ണവാതം. ശരീരം മൊത്തം ചുട്ടുപഴുത്ത് പൊള്ളുന്ന പോലുള്ള അവസ്ഥ. പഠനം താറുമാറായി. പിന്നീടങ്ങോട്ട് ആകെ ക്ലേശപൂർണമായിരുന്നു ജീവിതം. പഠനത്തെ സാരമായി ബാധിച്ചു. ക്ലാസ്സിലിരിക്കാൻ പോലും പറ്റാതെ വന്നപ്പോൾ ഒ കെ ഉസ്താദ് പറഞ്ഞു “കോട്ടൂർ അവിടെ കിടന്നാൽ മതി’. അങ്ങനെ പള്ളിയുടെ ചെരുവിലും മറ്റും കിടന്ന് ക്ലാസ്സ് ശ്രദ്ധിച്ചു. ശറഹുൽ അഖാഇദ് അടക്കം എല്ലാം ഇങ്ങനെയാണ് ഓതിയത്. ഖുതുബി പോലെയുള്ള ചിലതൊന്നും തീരെ ഓതാനും പറ്റിയില്ല. ചിലതൊക്കെ ഭാഗികമായി ഓതി.
അസുഖം കൂടിയപ്പോൾ ചികിത്സാർഥം വെല്ലൂരിലെ സി എം സി ഹോസ്പിറ്റലിലെത്തി. ആ സാഹചര്യത്തിലാണ് ചികിത്സയോടൊപ്പം വെല്ലൂർ ബാഖിയാത്തിൽ പഠനവും നടത്താമെന്ന ചിന്ത വന്നത്. അങ്ങനെ ഉപരിപഠനത്തിന് വെല്ലൂർ ബാഖിയാത്തിൽ ചേർന്നു. പക്ഷേ, വെല്ലൂരിലെ പഠനം പൂർത്തിയാക്കാനോ ചികിത്സ മുഴുവനാക്കാനോ കഴിയാതെ ശൈഖുന നാട്ടിലെത്തി. കറങ്ങുന്ന ഒരു ഫാനിന്റെ മുന്നിലിരിക്കുകയായിരുന്നു ഏക ആശ്വാസം. ഉസ്താദുൽ അസാതീദിന്റെ അനുഗ്രഹം കൊണ്ടാണ് ദർസ് അധ്യാപനം ആരംഭിക്കുന്നത്. അതുകൊണ്ടു തന്നെയാകണം കോട്ടൂർ ഉസ്താദിന്റെ ദർസ് കേൾക്കുന്ന മഹാ പണ്ഡിതർ പോലും വിസ്മയിച്ചു പോകുന്നത്. ജീവിതത്തിൽ കാണുകയോ ഓതുകയോ ചെയ്യാത്ത ഗ്രന്ഥങ്ങൾ ശൈഖുന ക്ലാസ്സ് എടുക്കുന്നത് കാണുമ്പോൾ അത്ഭുതപ്പെടും.
സമകാലികരായ പണ്ഡിതന്മാർ മുഴുവൻ കോട്ടൂർ ഉസ്താദിന്റെ അഗാധ ജ്ഞാനം അംഗീകരിക്കുന്നവരാണ്. താജുൽഉലമ ഉള്ളാൾ തങ്ങൾ പറഞ്ഞു “എനിക്ക് കോട്ടൂരിൽ നിന്ന് കിതാബോതണമെന്നുണ്ട്’ മഹാ പണ്ഡിതനായിരുന്ന താജുൽഉലമയുടെ മനസ്സിന്റെ എളിമത്തവും കോട്ടൂരുസ്താദിന്റെ മഹത്വവും അടയാളപ്പെടുത്തുന്ന വാക്യമാണിത്. കോട്ടൂരുസ്താദിന്റെ ആത്മീയ സഞ്ചാരങ്ങൾ അതിശയിപ്പിക്കുന്നതാണ്. ഇന്ത്യയിൽ അറിയപ്പെട്ടതും അല്ലാത്തതുമായ മഹത്തുക്കളെ തേടിയുള്ള ഒരുപാട് യാത്രകൾ. ചാപ്പനങ്ങാടി ബാപ്പു മുസ്്ലിയാരുടെ നിർദേശമനുസരിച്ചായിരുന്നു ഈ യാത്ര. വർഷങ്ങളോളം അജ്മീറിലും നാഗൂരിലുമടക്കം നിരവധി മഖാമുകളിൽ കഴിച്ചുകൂട്ടി. ഇ സുലൈമാൻ ഉസ്താദ് പറയുന്നതിങ്ങനെയാണ് “കോട്ടൂർ ഉസ്താദ് അല്ലാഹുവിന്റെ മഹാന്മാരോട് ആത്മീയ ബന്ധമുള്ളവരാണ്. ഉസ്താദിന്റെ ദർസ് മഹാന്മാർ തുടങ്ങി വെച്ചതാണ്.’ ഇഹ്്യാഉസ്സുന്ന ഒതുക്കുങ്ങൽ, സഅദിയ്യ കാസർകോട്, ഹികമിയ്യ മഞ്ചേരി, ദാറുൽ അമാൻ എടവണ്ണപ്പാറ തുടങ്ങിയ സ്ഥാപനങ്ങളിലും ചെറുമുക്ക്, കൊണ്ടോട്ടി, പൊടിയാട്, കുണ്ടൂർ, പല്ലാർ, എടക്കഴിയൂർ, പൊന്മള, എസ്റ്റേറ്റ്മുക്ക് സ്വദേശമായ കോട്ടൂർ തുടങ്ങിയ പള്ളികളിലും ദർസ് നടത്തി ആയിരക്കണക്കിന് ശിഷ്യരെ വാർത്തെടുത്തു. ആറ് പതിറ്റാണ്ട് പിന്നിട്ട് ഈ ദർസ് ഇപ്പോൾ തെന്നല സി എം മർകസിൽ തുടരുന്നു.
ഉസ്താദുൽ അസാതീദ് ഒ കെ സൈനുദ്ദീൻ കുട്ടി മുസ്്ലിയാർ, ശൈഖ് ഹസൻ ഹസ്‌റത്ത്, വി സി സൈതാലി മുസ്്ലിയാർ തുടങ്ങിയവരാണ് ഉസ്താദുമാർ. ശൈഖുനാ കോട്ടൂർ ഉസ്താദിന്റെ ദർസിന്റെ അറുപതാം വാർഷിക സമ്മേളനം കോട്ടൂരിൽ ഇന്ന് സമാപിക്കുകയാണ്. ഉസ്താദിന്റെ ശിഷ്യ കൂട്ടായ്മയായ അൽ ഖിദ്മതുസ്സനിയ്യയാണ് സമ്മേളനത്തിന്റെ മുഖ്യ സംഘാടകർ.