Connect with us

International

കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ആസ്‌ട്രേലിയയില്‍ പ്രവേശനാനുമതി

കഴിഞ്ഞമാസം ആസ്‌ട്രേലിയ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് യാത്രാനുമതി നല്‍കിയിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ഇനിമുതല്‍ ആസ്‌ട്രേലിയയില്‍ പ്രവേശിക്കാം. അംഗീകരിച്ച വാക്‌സിനുകളുടെ പട്ടികയില്‍ ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കോവാക്‌സിനും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞമാസം ആസ്‌ട്രേലിയ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് യാത്രാനുമതി നല്‍കിയിരുന്നു. ബെയ്ജിങ്ങിലെ സിനോഫാമിന്റെ വാക്‌സിനും ആസ്‌ട്രേലിയന്‍ ഫാര്‍മ റെഗുലേറ്ററായ തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (ടി.ജി.എ) അംഗീകാരം നല്‍കി.

കോവാക്‌സിനും സിനോഫാമിന്റെ വാക്‌സിനും സ്വീകരിച്ചവര്‍ക്ക് ആസ്‌ട്രേലിയയില്‍ പ്രവേശിക്കാന്‍ ടി.ജി.എ അനുമതി നല്‍കി. 12 വയസിന് മുകളിലുള്ള കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും 18നും 60നും ഇടയില്‍ പ്രായമുള്ള ബി.ബി.ഐ.ബി.പി കോര്‍വ് സ്വീകരിച്ചവര്‍ക്കും യാത്രാനുമതി നല്‍കുമെന്ന് പ്രസ്താവനയില്‍ പറയുന്നു. ആസ്‌ട്രേലിയയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും തൊഴിലാളികള്‍ക്കും ഈ തീരുമാനം ഉപകാരമാകും.

അതേസമയം കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് ക്വാറന്റീന്‍ നിബന്ധനകളുണ്ടാകും. കൂടാതെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വേണ്ടിവരും. ലോകാരോഗ്യ സംഘടന കോവാക്‌സിന് അടിയന്തര ഉപയോഗ അനുമതി നല്‍കുന്നതിന് ഭാരത് ബയോടെക്കില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞദിവസം ഒമാന്‍ ഭരണകൂടവും കോവാക്‌സിന് അനുമതി നല്‍കിയിരുന്നു.