Connect with us

Kerala

കോവളം അപകടം: ബൈക്കോട്ട മത്സരമല്ലെന്ന് എം വി ഡി

അപകടസമയം ബൈക്ക് 100 കിലോമീറ്ററോളം വേഗതയിലായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | കോവളം ബൈക്കപകടത്തിന് മത്സരയോട്ടവുമായി ബന്ധമില്ലെന്ന് എം വി ഡി അറിയിച്ചു. ബൈക്കോട്ട മത്സരത്തിനിടെയല്ല അപകടമുണ്ടായതെന്നും ബൈക്കിൻ്റെ അമിത വേഗമാണെന്നും എം വി ഡി അഭിപ്രായപ്പെട്ടു. അതേസമയം, ഞായറാഴ്ചകളിൽ ഇവിടെ ബൈക്കോട്ട മത്സരമുണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നുണ്ട്.

അപകടസമയം ബൈക്ക് മണിക്കൂറിൽ 100 കിലോമീറ്ററോളം വേഗതയിലായിരുന്നു. വീട്ടമ്മ ശ്രദ്ധിക്കാതെ റോഡ് മുറിച്ച് കടന്നതും അപകടത്തിനു കാരണമായെന്ന് എം വി ഡി റിപ്പോർട്ടിൽ പറയുന്നു. അപകടത്തിൽ ഇടിയേറ്റ വഴിയാത്രക്കാരി സംഭവ സ്ഥലത്തു നിന്ന് 20 മീറ്റർ മാറി റോഡിലെ ഡിവൈഡറിലെ കുറ്റിക്കാട്ടിനിടയിലാണ് കിടന്നിരുന്നതെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. നൂറ് മീറ്ററോളം അപ്പുറത്തായിരുന്നു അപകടത്തിനിടയാക്കിയ ബൈക്കുണ്ടായിരുന്നത്.

ഞായറാഴ്ച രാവിലെ എട്ടിനുണ്ടായ അപകടത്തിൽ പനത്തുറ തുരുത്തി കോളനിയിൽ അശോകന്റെ ഭാര്യ സന്ധ്യ (53) തത്ക്ഷണം മരിച്ചിരുന്നു. ബൈക്ക് ഓടിച്ച പൊട്ടക്കുഴി ഗിരിദീപത്തിൽ അരവിന്ദ് (24) ചികിത്സയിലിരിക്കെ വൈകിട്ട് 3.50 നും മരിച്ചു. കോവളത്ത് ഒരു വർഷമായി റോഡിൽ ബൈക്കോട്ട മത്സരങ്ങളുണ്ടാകാറില്ലെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു പറഞ്ഞിരുന്നു.