Freedom fighters
പാറപ്പുറത്ത് കോയക്കുഞ്ഞി
എന്നാല്‍ ഒരാള്‍ മാത്രം പണം നാടിന്റെ സ്വാതന്ത്ര്യ സമരത്തിനായി മാറ്റിവെച്ചു. പണം മാത്രമല്ല ജീവന്‍ തന്നെ രാജ്യത്തിനു സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരുന്നു കോയക്കുഞ്ഞി.
പാരതന്ത്ര്യത്തിന്റെ ഇരുളില്‍ നിന്ന് പ്രകാശസമാനമായൊരു പുതിയ ആകാശവും ഭൂമിയും രാജ്യത്തിനു ലഭിച്ചത് വിദേശ വാഴ്ചക്കെതിരെ ഒരുപാടു പേര്‍ പൊരുതിയതിന്റെ ഫലമായിട്ടായിരുന്നു. ജീവനേക്കാള്‍ വലുതാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യമെന്നു ചിന്തിച്ച് ജീവത്യാഗം ചെയ്തവര്‍ ഏറെയാണ്. രണ്ട് നൂറ്റാണ്ട് നീണ്ട സാമ്രാജ്യത്വ ഭരണത്തിനെതിരെ എണ്ണമറ്റ ത്യാഗങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും നേതൃത്വം നല്‍കിയവരുടെ എണ്ണം തിട്ടപ്പെടുത്താനാകില്ല. അവരില്‍ അറിയപ്പെടുന്നവരേക്കാള്‍ കൂടുതല്‍ അറിയപ്പെടാത്തവരാണ്. ഇക്കൂട്ടരിൽ ഒരാളാണ് പാറപ്പുറത്ത് കോയക്കുഞ്ഞി.
കണ്ണൂര്‍ സിറ്റിയില്‍ സാമാന്യം ഭൂസ്വത്തുള്ള തറവാടായിരുന്നു പാറപ്പുറത്ത് കുടുംബം. 80 വര്‍ഷം മുമ്പ് ഈ തറവാട്ടില്‍ സ്വത്ത് വീതംവെപ്പ് നടന്നു. സ്വത്ത് വിറ്റുകിട്ടിയ പണം തറവാട്ടു കാരണവര്‍ അവകാശികള്‍ക്കു വീതംവെച്ചു നല്‍കി. എല്ലാവരും കിട്ടിയ പണം കച്ചവടത്തിലും ഭൂസ്വത്തിലും നിക്ഷേപിച്ചു. എന്നാല്‍ ഒരാള്‍ മാത്രം പണം നാടിന്റെ സ്വാതന്ത്ര്യ സമരത്തിനായി മാറ്റിവെച്ചു. പണം മാത്രമല്ല ജീവന്‍ തന്നെ രാജ്യത്തിനു സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരുന്നു കോയക്കുഞ്ഞി.
1919ലെ നിസ്സഹകരണ പ്രസ്ഥാനത്തില്‍ ഒരു പോരാളിയെന്ന നിലയില്‍ കണ്ണൂരിലും പരിസര പ്രദേശങ്ങളിലും നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. സൈമണ്‍ കമ്മീഷന്‍ റിപോര്‍ട്ട് ബഹിഷ്‌കരണവും അതോടനുബന്ധിച്ചു നടന്ന സമരങ്ങളും കണ്ണൂരിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ രജത രേഖയായാണ് വിലയിരുത്തപ്പെടുന്നത്. പാറപ്പുറത്ത് കോയക്കുഞ്ഞി എന്ന സമര ഭടനെ നാട്ടുകാര്‍ തിരിച്ചറിഞ്ഞ സമരം കൂടിയായിരുന്നു അത്. ഖിലാഫത്ത് പ്രസ്ഥാനത്തിലും കോണ്‍ഗ്രസ്സിലും നിറസാന്നിധ്യമായിരുന്ന കോയക്കുഞ്ഞി സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സംഘടിപ്പിച്ചിരുന്ന പ്രധാന പരിപാടികളിലെല്ലാം പങ്കെടുക്കുമായിരുന്നു. 1920ല്‍ കാണ്‍പൂരില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ മഹാ സമ്മേളനത്തില്‍ പങ്കെടുത്ത മലബാറില്‍ നിന്നുള്ള പ്രതിനിധികളില്‍ ഒരാള്‍ പാറപ്പുറത്ത് കോയക്കുഞ്ഞിയായിരുന്നു. 1921ല്‍ നാഗ്പൂരില്‍ മൗലാന മുഹമ്മദലിയുടെ അധ്യക്ഷതയില്‍ നടന്ന ഖിലാഫത്ത് സമ്മേളനത്തില്‍ മലബാറില്‍ നിന്ന് വളണ്ടിയറായി തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഒരാളും അദ്ദേഹമായിരുന്നു.
1921ല്‍ മൗലാന യാക്കൂബ് ഹസന്‍, യു ഗോപാല മേനോന്‍, കെ മാധവന്‍ നായര്‍ തുടങ്ങിയവരെ കോഴിക്കോട്ട് വെച്ച് അറസ്റ്റ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുവരുന്നെന്നറിഞ്ഞ കോയക്കുഞ്ഞിയും സംഘവും ഇതിനെതിരെ കണ്ണൂരില്‍ സമരം സംഘടിപ്പിച്ചു. രാത്രിയായതു കൊണ്ട് അറസ്റ്റിലായവരെ അന്ന് എടക്കാട് പോലീസ് സ്റ്റേഷനിലാണ് പാര്‍പ്പിച്ചത്.
കോയക്കുഞ്ഞിയുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ “ഛലോ പോലീസ് സ്റ്റേഷന്‍’ എന്ന മുദ്രാവാക്യം വിളിച്ച് എടക്കാട് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് സ്റ്റേഷനു സമീപം എത്തിയെന്നറിഞ്ഞ പോലീസ് സംഘം അറസ്റ്റിലായവരുമായി സെന്‍ട്രല്‍ ജയിലിലേക്ക് കുതിച്ചു. ഇതേ തുടര്‍ന്ന് മാര്‍ച്ച് സെന്‍ട്രല്‍ ജയിലിലേക്ക് തിരിച്ചു. പൊരിവെയിലത്ത് വിശപ്പും ദാഹവും സഹിച്ച് മാര്‍ച്ചില്‍ പങ്കെടുത്ത ചിലര്‍ മാര്‍ച്ച് നയിച്ച കോയക്കുഞ്ഞിയോട് പരാതിപ്പെട്ടപ്പോള്‍ പ്രവാചകാനുയായികള്‍ സഹിച്ച ത്യാഗങ്ങളെ കുറിച്ച് അവര്‍ക്കദ്ദേഹം പറഞ്ഞുകൊടുത്തു.
സൈമണ്‍ കമ്മീഷന്‍ റിപോര്‍ട്ട് ബഹിഷ്‌കരണ പരിപാടി വിജയിപ്പിക്കുന്നതിനു വേണ്ടി കണ്ണൂരില്‍ എസ് കോബ്രിയാലിന്റെ നേതൃത്വത്തില്‍ പാറപ്പുറത്ത് കോയക്കുഞ്ഞി, മാണിക്കോത്ത് ഉണ്ണി റൈറ്റര്‍, കൃഷ്ണന്‍ കമ്പൗണ്ടര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സമര പരിപാടികള്‍ ആവിഷ്‌കരിച്ചു.
1928ല്‍ സൈമണ്‍ കമ്മീഷനെ സ്വാഗതം ചെയ്യുന്നതിനായി കണ്ണൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ റാവു സാഹിബ് കെ ചന്തന്റെ അധ്യക്ഷതയില്‍ ആനന്ദമന്ദിരം സിനിമാ ഹാളി ല്‍ ബ്രിട്ടീഷ് ഭക്തരുടെ ഒരു യോഗം വിളിച്ചു ചേര്‍ത്തു. എന്നാല്‍ യോഗം തുടങ്ങുന്നതിനു മുമ്പേ ഒരു സംഘം കോണ്‍ഗ്രസ്സുകാര്‍ ഹാളില്‍ ഇരച്ചു കയറി. പാറപ്പുറത്ത് കോയക്കുഞ്ഞി, ആച്ചത്ത് അച്യുതന്‍, എം കെ കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സ്റ്റേജില്‍ കയറി സൈമണ്‍ കമ്മീഷനെ ബഹിഷ്‌കരിക്കേണ്ട ആവശ്യകതയെ കുറിച്ചു പ്രസംഗിച്ചു. ഈ സംഭവം സമര രംഗത്ത് വഴിത്തിരിവായി മാറിയെന്നാണ് സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ പത്രപ്രവര്‍ത്തകനുമായിരുന്ന പാമ്പന്‍ മാധവന്‍ വ്യക്തമാക്കി യത് (കണ്ണൂര്‍ പ്രസ്സ് ക്ലബ് സ്മരണിക 1989). സൈമണ്‍ കമ്മീഷനെ സ്വാഗതം ചെയ്യാനായി വിളിച്ചു ചേര്‍ത്ത പ്രസ്തുത യോഗം കമ്മീഷനെ ബഹിഷ്‌കരിക്കാനുള്ള തീരുമാനമെടുത്താണ് പിരിഞ്ഞത്. കെ കേളപ്പന്‍, മെയ്യാരത്ത് ശങ്കരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പയ്യന്നൂരിലും കെ പി ഗോപാലന്റെ നേതൃത്വത്തില്‍ കണ്ണൂരിലും നടന്ന ഉപ്പ് സത്യഗ്രഹ സമരങ്ങളിലും കോയക്കുഞ്ഞി പങ്കെടുത്തു. പയ്യന്നൂരിലെ സത്യഗ്രഹത്തില്‍ പങ്കെടുത്തതിന് കോയക്കുഞ്ഞി അടക്കമുള്ളവരെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു. പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയ കോയക്കുഞ്ഞിക്ക് മതപണ്ഡിതരുമായി പുലര്‍ത്തി പോന്നിരുന്ന ബന്ധവും പുസ്തക വായനയും കൂടുതല്‍ അറിവു നേടാന്‍ അവസരമൊരുക്കി. ഒരു വര്‍ഷത്തെ ജയില്‍ വാസത്തിനിടയില്‍ നബി സൂക്തം എന്നൊരു പുസ്തകം അദ്ദേഹം രചിച്ചു.
1924ലും 1929ലും മലബാറിലുണ്ടായ വെള്ളപ്പൊക്കവും ഭക്ഷ്യ ക്ഷാമവും ദുരിതത്തിലാക്കിയ ജനതയെ സഹായിക്കുന്നതിലും ദുരിതാശ്വാസ പ്രവത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിലും ഇദ്ദേഹം മുന്നിലായിരുന്നു. സെന്‍ട്രല്‍ ജയിലിലും ജില്ലാ ആശുപത്രിയിലും മരണപ്പെടുന്ന മുസ്‌ലിംകളുടെ മയ്യിത്ത് പരിപാലനത്തിന് അധികൃതര്‍ കോയക്കുഞ്ഞിയെയാണ് ആശ്രയിക്കാറുണ്ടായിരുന്നത്. ഈ മയ്യിത്തുകള്‍ കിലോമീറ്ററുകള്‍ ദൂരം ചുമന്ന് സിറ്റിയിലെ മണപ്പുറം ഖബര്‍സ്ഥാനില്‍ മറമാടും.
പാറപ്പുറത്ത് കോയക്കുഞ്ഞിയും മുഹമ്മദ് അബ്ദുര്‍റഹ്‌മാന്‍ സാഹിബും തമ്മില്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ എന്നതിലുപരി വലിയ ആത്മബന്ധമുണ്ടായിരുന്നു. സാഹിബിന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന അല്‍ അമീന്‍ പത്രത്തിന്റെ കോഴിക്കോട് ഓഫീസിലെ പതിവു സന്ദര്‍ശകനും കൂടിയായിരുന്നു അദ്ദേഹം.
അബ്ദുര്‍റഹ്‌മാന്‍ സാഹിബിന്റെ ആകസ്മിക മരണം കോയക്കുഞ്ഞിയുടെ ജീവിതത്തെ തന്നെ താളം തെറ്റിച്ച സംഭവമായിരുന്നു. നേരത്തേ കണ്ണൂരില്‍ നടന്ന സാമുദായിക ലഹള നിയന്ത്രിക്കുന്നതിനിടെ പോലീസിന്റെ ലാത്തി കൊണ്ട് തലക്കടിയേറ്റ കോയക്കുഞ്ഞി ഇതിന്റെ പേരില്‍ ദീര്‍ഘകാലം ചികിത്സയിലായിരുന്നു. അബ്ദുര്‍റഹ്‌മാന്‍ സാഹിബിന്റെ മരണം പാറപ്പുറത്ത് കോയക്കുഞ്ഞിയുടെ രോഗാവസ്ഥ രൂക്ഷമാക്കി. തന്റെ ജീവിതവും സമ്പത്തും എന്തിനു വേണ്ടിയാണോ ചെലവഴിച്ചത് ആ സ്വാതന്ത്ര്യദിനം പുലര്‍ന്നിട്ടും ആ ദിവസത്തിന്റെ മധുരം മനം നിറയെ ആസ്വദിക്കാനോ അതില്‍ ആഹ്ലാദിക്കാനോ അദ്ദേഹത്തിനു സാധിച്ചില്ല. അതിലേറെ സങ്കടം, ത്യാഗിയും ദേശാഭിമാനിയുമായ അദ്ദേഹത്തെ ഒപ്പമുണ്ടായിരുന്നവര്‍ പോലും വിസ്മരിച്ചു എന്നതാണ്. 1964 സെപ്തംബര്‍ ആറിന് കോയക്കുഞ്ഞി ലോകത്തോട് വിടചൊല്ലി.