Kerala
കൊയിലാണ്ടിയിൽ ആനകളിടഞ്ഞ ദുരന്തം; മരണം മൂന്നായി: അഞ്ച് പേരുടെ നില ഗുരുതരം
പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി.
![](https://assets.sirajlive.com/2025/02/weeaa-897x538.jpg)
കോഴിക്കോട് | കൊയിലാണ്ടിയില്‍ മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞുണ്ടായ ദുരന്തത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. അഞ്ച് പേരുടെ നില ഗുരുതരമാണ്. കുറവങ്ങാട് സ്വദേശിനികളായ ലീല (85), അമ്മുക്കുട്ടി (85), രാജന്‍ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ 31 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.
പീതാംബരന്‍, ഗോകുല്‍ എന്നീ ആനകളാണ് ഇടഞ്ഞത്. രണ്ട് ആനകളെയും പാപ്പാന്മാര്‍ എത്തി ഉടന്‍ തളച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വൈകിട്ട് ആറ് മണിയോടെ ഘോഷയാത്ര ക്ഷേത്ര പരിസരത്ത് എത്തിയപ്പോള്‍ വലിയ രീതിയില്‍ കരിമരുന്ന് പ്രയോഗം നടന്നിരുന്നു. ഉഗ്ര ശബ്ദത്തിലായിരുന്നു കരിമരുന്ന് പ്രയോഗം. ഇതോടെ ഒരു ആന ഇടഞ്ഞു. ഇടഞ്ഞ ആന തൊട്ടടുത്ത് നിന്ന മറ്റൊരു ആനയെ കുത്തിയതോടെ രണ്ട് ആനകളും ഇടഞ്ഞോടി.
കരിമരുന്ന് പ്രയോഗത്തിന്റെ പ്രകമ്പനത്തില്‍ സമീപത്തെ കെട്ടിടങ്ങളുടെ ഓടുകളും ഇളകി വീണിരുന്നു. ആന ഇടഞ്ഞതോടെ ഭയന്നോടിയവരില്‍ പലരും നിലത്ത് വീണു. സമീപത്തെ കെട്ടിടത്തിന് കേടുപാടുണ്ടാക്കിയ ആനകള്‍, വൃക്ഷങ്ങളും പിഴുതെറിഞ്ഞു.
പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജും സജ്ജമാക്കി. വിദഗ്ധ ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ജീവനക്കാരും ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പ് വരുത്താനും മന്ത്രി നിര്‍ദേശം നല്‍കി.മൃതദേഹങ്ങള്‍ കോഴിക്കോട് മെഡി. കോളജിലേക്ക് മാറ്റി.