Kerala
കോഴിക്കോട് വിമാനത്താവള 'റെസ' വികസനം; കേരളം പാരിസ്ഥിതികാനുമതി വൈകിപ്പിക്കുന്നതായി കേന്ദ്രം
എയര്‍പോര്‍ട്ട് അതോറിറ്റിക്ക് എല്ലാ തടസ്സങ്ങളും നീക്കി സൗജന്യ നിരക്കില്‍ ഭൂമി സംഘടിപ്പിച്ച് നല്‍കേണ്ട ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാറിനാണെന്നും എന്നാല്‍, ഇതുവരെ എല്ലാ ക്ലിയറന്‍സും ലഭ്യമായിട്ടില്ല.
ന്യൂഡല്‍ഹി | കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേയുടെ രണ്ടറ്റവും 240 മീറ്റര്‍ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയാ (RESA) വികസനം മന്ദഗതിയിലാവാന്‍ കാരണം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള മെല്ലെപ്പോക്ക് നയമാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി മുരളീധര്‍ മൊഹോള്‍. 2016ലെ ദേശീയ വ്യോമയാന നയമനുസരിച്ച് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് എല്ലാ തടസ്സങ്ങളും നീക്കി സൗജന്യ നിരക്കില്‍ ഭൂമി സംഘടിപ്പിച്ച് നല്‍കേണ്ട ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാറിനാണെന്നും എന്നാല്‍, ഇതുവരെ എല്ലാ ക്ലിയറന്‍സും ലഭ്യമായിട്ടില്ലെന്നും മന്ത്രി രാജ്യസഭയില്‍ കുറ്റപ്പെടുത്തി.
കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വെ വികസനം ഇഴഞ്ഞു നീങ്ങുന്നതുമായി ബന്ധപ്പെട്ട് അഡ്വ. ഹാരിസ് ബീരാന്‍ എം പി പാര്‍ലിമെന്റില്‍ ഉന്നയിച്ച നക്ഷത്രേതര ചോദ്യത്തിനാണ് വ്യോമയാന മന്ത്രി മറുപടി നല്‍കിയത്. റണ്‍വേയുടെ രണ്ട് അറ്റത്തുമായി 240 മീറ്റര്‍ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ വികസിപ്പിക്കുന്നതിന് 14.5 ഏക്കര്‍ ഭൂമി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് ആവശ്യമാണ്. 2022 മാര്‍ച്ച് മുതല്‍ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും നിരന്തരമായ സമ്മര്‍ദമുണ്ടായതു കൊണ്ട് മാത്രം 2023 ഒക്ടോബറില്‍ സംസ്ഥാന സര്‍ക്കാര്‍ 12.54 ഏക്കര്‍ ഭൂമി എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കൈമാറി. 2024 ഫെബ്രുവരി മുതല്‍ ‘റെസ’ പ്രവര്‍ത്തനാനുമതി നല്‍കിയെങ്കിലും പദ്ധതി പ്രദേശമായി കണക്കാക്കിയ 75 സ്ഥലങ്ങളില്‍ നാലിന് മാത്രമാണ് നിലവില്‍ ജിയോളജി വകുപ്പിന്റെ ഖനനാനുമതി ലഭിച്ചിട്ടുള്ളത് എന്നും മന്ത്രി പറഞ്ഞു.
സൈറ്റ് ക്ലിയറന്‍സ്, പൊളിക്കല്‍, മൊബിലൈസേഷന്‍, ബാരിക്കേഡിംഗ് ജോലികള്‍ പൂര്‍ത്തിയായി 2024 ജൂലൈ മാസത്തോടെ പരിസ്ഥിതി ക്ലിയറന്‍സും ഒക്ടോബറില്‍ പൊല്യൂഷന്‍ ക്ലിയറന്‍സും ലഭ്യമായെങ്കിലും ബാക്കി ഭൂമികളിലും ജിയോളജി വകുപ്പിന്റെ ഖനനാനുമതിയടക്കം ഇനിയും ലഭ്യമായിട്ടില്ലാത്ത അനുമതികള്‍ക്കും ക്ലിയറന്‍സിനും കാത്തിരിക്കുകയാണെന്നും എത്രയും വേഗം തടസ്സങ്ങള്‍ നീക്കി ഭൂമി പണി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു. എന്നാല്‍, കേരളവും കേന്ദ്രവും പരസ്പരം പഴിചാരി കോഴിക്കോട് വിമാനത്താവള വികസനത്തെ അവഗണിക്കുകയാണെന്നും ഇത്തരം അനാസ്ഥ തുടരുകയാണെങ്കില്‍ ശക്തമായ പ്രതിഷേധ നടപടികളുമായി മുന്നോട്ട് പോകേണ്ടി വരുമെന്നും അഡ്വ. ഹാരിസ് ബീരാന്‍ എം പി മാധ്യമങ്ങളോട് പറഞ്ഞു.