Kerala
കോഴിക്കോട് വിമാനത്താവള റണ്‍വേ വിപുലീകരണം; പരിസ്ഥിതി വകുപ്പിന്റെ അനുമതി കിട്ടി
വൈഡ് ബോഡി വിമാനങ്ങള്‍ സുരക്ഷിതമായി പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ റണ്‍വെ വികസന നടപടികള്‍ ആരംഭിച്ചിട്ട് കാലങ്ങളായി.
കോഴിക്കോട് | കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേ വികസനത്തിന് പരിസ്ഥിതി വകുപ്പിന്റെ അനുമതി ലഭിച്ചതായി വ്യോമയാന മന്ത്രി മുരളീധര്‍ മഹോളിന്റെ മറുപടി. കഴിഞ്ഞ ദിവസം അഡ്വ ഹാരിസ് ബീരാന്‍ എം പി കോഴിക്കോട് വിമാനത്താവളവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.
കോഡ് ഡി -ഇ വിഭാഗത്തില്‍ വരുന്ന വൈഡ് ബോഡി വിമാനങ്ങള്‍ ഇപ്പോള്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും താല്‍കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ചിട്ടാണുള്ളത്. 2020 ഓഗസ്റ്റ് 7 വിമാന ദുരന്തത്തിനു ശേഷം അന്വേഷണവിധേയമായി പ്രവര്‍ത്തനം നിര്‍ത്തിയ വിമാനങ്ങളില്‍ കോഡ് സി നാരോ ബോഡി വിമാനങ്ങള്‍ മാത്രമാണ് പുനസ്ഥാപിച്ചിട്ടുള്ളു. ഇപ്പോഴും തത്സ്ഥിതി തുടരുകയാണ്.
വൈഡ് ബോഡി വിമാനങ്ങള്‍ സുരക്ഷിതമായി പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ റണ്‍വെ വികസന നടപടികള്‍ ആരംഭിച്ചിട്ട് കാലങ്ങളായി. ഫെബ്രുവരിയിലാണ് പ്രവര്‍ത്തിക്ക് ഭരണാനുമതി ലഭിച്ചത്. ഇപ്പോള്‍ പരിസ്ഥിതി വകുപ്പിന്റെ അനുമതിയും ലഭിച്ചു.വിമാന ദുരന്തത്തിന് ശേഷം മന്ത്രാലയത്തിന് കീഴെ രൂപീകരിച്ച വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേയുടെ രണ്ടറ്റവും 240 മീറ്റര്‍ വീതം വികസിപ്പിക്കുന്നതിന് എയര്‍പോര്‍ട്ട് അതോറിറ്റിയ്ക്ക് 14.5 ഏക്കര്‍ സ്ഥലമാണ് വേണ്ടത്.കേരള ഗവണ്മെന്റ് 12.5 ഏക്കര്‍ സ്ഥലം നല്‍കിയിട്ടുണ്ട്. 484 കോടി രൂപയുടെ അനുമതിയും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് ലഭിച്ചിട്ടുണ്ട്.