Connect with us

Kerala

കോഴിക്കോട് കാര്‍ മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തിയ പോലീസിന് ആക്രമിച്ച് നാട്ടുകാര്‍; പ്രതി രക്ഷപ്പെട്ടു

ഞാറയ്ക്കല്‍ പോലീസിന്റെ പരാതിയില്‍ നൂറോളം നാട്ടുകാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Published

|

Last Updated

കോഴിക്കോട്  | കോഴിക്കോട് പൂളങ്കരയില്‍ കാര്‍ മോഷണക്കേസിലെ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തെ ആക്രമിച്ച് നാട്ടുകാര്‍. പോലീസ് സംഘം എത്തിയ വാഹനവും തകര്‍ക്കപ്പെട്ടു. സംഭവത്തിനിടെ പ്രതി രക്ഷപ്പെട്ടു. പ്രതിയെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ നാട്ടുകാര്‍ പോലീസിനെ ആക്രമിച്ച ശേഷം വാഹനത്തിന്റെ ചില്ലും തകര്‍ത്തു.

എറണാകുളം ഞാറയ്ക്കലില്‍ നിന്ന് മോഷണം പോയ കാര്‍ അന്വേഷിച്ചാണ് പോലീസ് പൂളങ്കരയിലെത്തിയത്. പ്രതിയായ ഷിഹാബിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി ബഹളം വച്ചത്. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടി. മോഷണക്കേസ് പ്രതിയാണെന്ന് പോലീസ് വിളിച്ചു പറഞ്ഞെങ്കിലും നാട്ടുകാര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. ഇവര്‍ പോലീസുകാരേയും വാഹനത്തേയും ആക്രമിക്കുകയായിരുന്നു.

ഇതിന് പിന്നാലെ ഞാറയ്ക്കല്‍ പോലീസ് പന്തീരങ്കാവ് പൊലീസിനെ വിവരമറിയിച്ചു. പന്തീരങ്കാവ് പോലീസ് ലാത്തി വീശിയാണ് നാട്ടുകാരെ പിരിച്ചുവിട്ടത്. എന്നാല്‍ ഇതിനിടെ പ്രതി രക്ഷപ്പെട്ടു. ഞാറയ്ക്കല്‍ പോലീസിന്റെ പരാതിയില്‍ നൂറോളം നാട്ടുകാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഘര്‍ഷത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.