nipah concern
കോഴിക്കോട് കൺട്രോൾ റൂം തുറക്കും, ആശുപത്രികളിൽ ജാഗ്രത; ഫലം വന്നതിന് ശേഷം വീണ്ടും യോഗം ചേരും
സമ്പർക്ക പട്ടികയിൽ 75 പേരാണ് ഉള്ളത്. ആശുപതികളിലെ അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി നിർദേശിച്ചു.
കോഴിക്കോട് | ജില്ലയിൽ നിപ്പാ സംശയിക്കുന്ന പശ്ചാത്തലത്തിൽ കൺട്രോൾ റൂം തുറക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. ആശുപത്രികളിൽ ജാഗ്രത ശക്തമാക്കും. ആശുപതികളിലെ അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി നിർദേശിച്ചു.
പൂനെ എൻ ഐ വിയിൽ നിന്നുള്ള ഫലം ഇന്ന് വൈകിട്ടോടെ പുറത്തുവരും. അതിന് ശേഷം വൈകീട്ട് ആറ് മണിയോടെ വീണ്ടും ഉന്നതതല യോഗം ചേരും. നിപ്പാ നിയന്ത്രണങ്ങൾക്കായി 16 ടീമുകൾ രൂപവത്കരിച്ചു. സമ്പർക്ക പട്ടികയിൽ 75 പേരാണ് ഉള്ളത്. നിപ്പാ ലക്ഷണങ്ങളുള്ളവരുമായി അടുത്ത ബന്ധം പുലർത്തിയവരെ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റും. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നാല് പേരാണ് ലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. ഒരാൾ വെന്റിലേറ്ററിലാണ്. മരിച്ച മരുതോങ്കര സ്വദേശിയുടെ ഭാര്യയും നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു.
വടകര ആയഞ്ചേരി, കുറ്റ്യാടി മരുതോങ്കര പ്രദേശങ്ങളിൽ നിന്ന് മരിച്ച രണ്ട് പേർക്കാണ് നിപ്പാ സംശയിക്കുന്നത്. കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇവർ മരിച്ചത്. മരിച്ച വടകര ആയഞ്ചേരി സ്വദേശിയായ രണ്ടാമത്തെയാളുടെ മൃതദേഹത്തിൽ നിന്ന് ശേഖരിച്ച സാമ്പിൾ ആണ് പരിശോധനക്ക് അയച്ചത്.
രോഗബാധ സംശയിക്കുന്നവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പരിശോധന ഫലത്തിൽ രോഗം സ്ഥിരീകരിച്ചാൽ, നിപ്പാ പ്രോട്ടോകോൾ നടപ്പാക്കും. കൻ്റോൺമെൻ്റ് സോൺ അടക്കം പ്രഖ്യാപിക്കും. പനി ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ആളും ഇയാൾ ചികിത്സയിലിരിക്കെ പിതാവുമായി ആശുപത്രിയിലെത്തിയ മറ്റൊരാളുമാണ് സമാന ലക്ഷണങ്ങളോടെ മരിച്ചത്. ആദ്യ മരണം ആഗസ്റ്റ് 30നായിരുന്നു. അന്ന് നിപ്പാ സംശയങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ, ഇതിന് പിന്നാലെയാണ് ഇതേ ആശുപത്രിയിൽ പിതാവിന് കൂട്ടിരിക്കാൻ എത്തിയ ആൾക്ക് സമാന രോഗലക്ഷണം കണ്ടെത്തിയത്. ഏറെ വൈകാതെ ഈ രോഗിയും മരിച്ചതോടെയാണ് ആരോഗ്യ വിഭാഗത്തിന് സംശയം തോന്നിയത്.
അപ്പോഴേക്കും ആദ്യം മരിച്ചയാളുടെ മക്കളും ബന്ധുക്കളുമടക്കം നാല് പേർക്ക് കൂടി രോഗലക്ഷണങ്ങൾ തുടങ്ങിയിരുന്നു. ഇതോടെയാണ് നിപ്പാ ആയിരിക്കാമെന്ന സംശയം ബലപ്പെട്ടത്. അപ്പോഴേക്കും ആദ്യത്തെയാളുടെ മൃതദേഹം സംസ്കരിച്ചിരുന്നു. മരിച്ച ആദ്യത്തെയാളുടെ മക്കളും സഹോദരി ഭർത്താവും മകനുമടക്കം നാല് പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്.
2018 മെയ് മാസത്തിലാണ് കേരളത്തിൽ ആദ്യമായി കോഴിക്കോട് നിപ്പാ സ്ഥിരീകരിച്ചത്. അന്ന് 17 പേർക്കാണ് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ജീവൻ നഷ്ടമായത്. 2021 ൽ കോഴിക്കോട് വീണ്ടും നിപ്പാ റിപ്പോർട്ട് ചെയ്തു. ഒരു കുട്ടി അന്ന് മരിച്ചിരുന്നു. പിന്നീട് ഇപ്പോഴാണ് വീണ്ടും നിപ്പാ ഭീതി ഉയരുന്നത്. 2018ല്‍ നിപ്പായുണ്ടായ പ്രദേശത്തിന്റെ 15 കിലോമീറ്റര്‍ ചുറ്റളവിലാണ് ഇപ്പോൾ രോഗബാധ സംശയം ഉയർന്നത്.