Connect with us

Kerala

കോഴിക്കോട് ഐസിയു പീഡന കേസ്; മൊഴിയെടുത്ത ഡോക്ടര്‍ക്കെതിരായ അതിജീവിതയുടെ പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

നാര്‍ക്കോട്ടിക് ഡിവൈഎസ്പിയാണ് അന്വേഷണ റിപ്പോര്‍ട്ട് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറിയത്.

Published

|

Last Updated

കോഴിക്കോട്|കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡന കേസില്‍ മൊഴിയെടുത്ത ഡോക്ടര്‍ കെ വി പ്രീതിക്കെതിരെ അതിജീവിതയുടെ പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നാര്‍ക്കോട്ടിക് ഡിവൈഎസ്പിയാണ് അന്വേഷണ റിപ്പോര്‍ട്ട് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറിയത്. ആദ്യം മൊഴിയെടുത്ത ഗൈനക്കോളജിസ്റ്റ് കെ വി പ്രീതിക്കെതിരെ വീണ്ടും അന്വേഷണം നടത്തണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കമ്മീഷണര്‍ ഓഫീസിനുമുന്നില്‍ അതിജീവിത സമരം നടത്തിയിരുന്നു.

മൊഴിയെടുത്ത ഡോ. കെ വി പ്രീതി ശാസ്ത്രീയ പരിശോധന നടത്തിയില്ലെന്നും പരാതി മുഴുവന്‍ രേഖപ്പടുത്തിയില്ലെന്നുമാണ് അതിജീവിതയുടെ പരാതി. ശരീരത്തില്‍ കണ്ട മുറിവുകള്‍ രേഖപ്പെടുത്താന്‍ നഴ്‌സുമാര്‍ പറഞ്ഞപ്പോള്‍ ഡോക്ടര്‍ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചെന്നും പരാതിയില്‍ പറയുന്നു. പരാതിയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും അതിജീവിത പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറിയത്.

പ്രതികളെ രക്ഷിക്കാന്‍ ഡോക്ടര്‍ കൂട്ടുനിന്നുവെന്നാണ് അതിജീവിതയുടെ പരാതി. ഗൈനക്കോളജിസ്റ്റിന്റേത് അവരുടെ നിഗമനങ്ങളെന്നും അതില്‍ വീഴ്ചയില്ലെന്നുമാണ് ഇത് അന്വേഷിച്ച മെഡിക്കല്‍ കോളജ് എസിപി സുദര്‍ശന്റെ കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് 2023 ജൂലൈയിലാണ് അതിജീവിത വിവരാവകാശ കമ്മീഷണറെ സമീപിച്ചത്. എന്നാല്‍ വിവരാവകാശ കമ്മീഷനില്‍ അപ്പീല്‍ നല്‍കാന്‍ കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു. നേരത്തെ നല്‍കിയ അപ്പീലില്‍ ഇതുവരെ മറുപടിയും ലഭിച്ചിട്ടില്ല. ഒപ്പം നിന്ന നഴ്‌സിങ് ഓഫീസര്‍ പി ബി അനിതയ്ക്കായി അതിജീവിത നേരത്തെ കണ്ണുകെട്ടി സമരം നടത്തിയിരുന്നു.

 

 

Latest