kozhikode ksrtc terminal
കോഴിക്കോട് കെ എസ് ആര്‍ ടി സി ടെര്‍മിനല്‍; നിര്‍മാണ അപാകതയില്‍ പിഴ ഈടാക്കും- ആന്റണി രാജു
വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി; പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതിയില്ല
തിരുവനന്തപുരം | കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനല്‍ നിര്‍മാണത്തിലെ അപാകത സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടക്കുകയാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇരട്ട കെട്ടിടത്തിന് കേടുപാടുകളുണ്ടെന്ന മദ്രാസ് ഐ ഐ ടിയുടെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. നിര്‍മാണ പിഴവില്‍ ബന്ധപ്പെട്ടവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു. കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനല്‍ നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി. പ്രതിപക്ഷ നിരയില്‍ നിന്ന് ടി സിദ്ദീഖാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
എല്‍ ഡി എഫാണ് പദ്ധതി കൊണ്ടുവന്നെങ്കിലും നിര്‍മാണം നടന്നത് യു ഡി എഫ് ഭരണകാലത്താണെന്ന് മന്ത്രി പറഞ്ഞു. വിജിലന്‍സ് അന്വേഷണം നടത്തിയാലെ ഇത് മറ്റൊരു പാലാരിവട്ടമാണോയെന്ന് മനസ്സിലാക്കാന്‍ കഴിയു. കുറ്റക്കാര്‍ ആരായാലും ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.