Connect with us

DRUGS

കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട; കടത്ത് പച്ചക്കറി ഇറക്കുമതിയുടെ മറവിൽ

പിടികൂടിയത് 794 ഗ്രാം ഹഷീഷ് ഓയിൽ, 256 ഗ്രാം എം ഡി എം എ

Published

|

Last Updated

കോഴിക്കോട് | 30 ലക്ഷം രൂപ വരുന്ന മയക്കുമരുന്നുമായി പിടിയിലായ നല്ലളം സ്വദേശി ലബൈക്ക് വീട്ടിൽ ജെയ്‌സലി(38)നെ കോടതി റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച രാത്രി ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ഇൻസ്‌പെക്ടർ എൻ പ്രജീഷിന്റെ നേതൃത്വത്തിലുള്ള കസബ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. വിൽപ്പനക്കായി കൊണ്ടുവന്ന 360 ഗ്രാം ഹഷീഷ് ഓയിലുമായി പിടികൂടിയ പ്രതിയെ കസബ സബ് ഇൻസ്‌പെക്ടർ ജഗൻമോഹൻ ദത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വീട്ടിൽ സൂക്ഷിച്ച മയക്കുമരുന്നിനെ കുറിച്ച് വിവരം ലഭിച്ചത്.

തുടർന്ന് നടത്തിയ പരിശോധനയിൽ എം ഡി എം എ ഉൾപ്പെടെ മാരകമായ ലഹരിമരുന്നാണ് പിടിച്ചെടുത്തത്. 10 ലക്ഷം രൂപയോളം വിലവരുന്ന 256 ഗ്രാം എം ഡി എം എ യും 20 ലക്ഷം രൂപയോളം വിലവരുന്ന 434 ഗ്രാം ഹഷീഷ് ഓയിലുമാണ് പിടിച്ചെടുത്തത്. സിന്തറ്റിക്, സെമി സിന്തറ്റിക് മയക്കുമരുന്നുകൾ സ്‌കൂൾ വിദ്യാർഥികളെ ലക്ഷ്യം വെച്ച് വിൽപ്പന നടത്തിയിരുന്ന ജെയ്‌സൽ ആദ്യമായാണ് പോലീസിന്റെ പിടിയിലാകുന്നത്.

സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം ഷാലു, എ പ്രശാന്ത്കുമാർ, സി കെ സുജിത്ത്, കസബ സബ് ഇൻസ്‌പെക്ടർ രാംദാസ്, സീനിയർ സി പി ഒമാരായ പി എം രതീഷ്, വി കെ ഷറീനബി, അജയൻ, എൻ രജ്ഞുഷ്, മനോജ്, സുനിൽ കൈപ്പുറത്ത്, ശ്രീശാന്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറികൾ കൊണ്ടുവരുന്നതിന്റെ മറവിലാണ് ജെയ്‌സൽ മയക്കുമരുന്ന് കടത്തിയിരുന്നത്. മണാലി, വിശാഖപട്ടണം എന്നിവിടങ്ങളിൽ നിന്ന് ചുരുങ്ങിയ വിലയിൽ കടത്തിക്കൊണ്ടു വരുന്ന ഹഷീഷ് ഓയിൽ ഗ്രാമിന് 2,000 രൂപക്കാണ് വിൽപ്പന നടത്തിയിരുന്നത്. മണാലി ചരസ്സ് എന്ന പേരിൽ വിപണിയിലിറങ്ങുന്ന ഹഷീഷ് ഓയിൽ ചോദിക്കുന്ന വിലക്കെടുക്കാൻ ആവശ്യക്കാരുണ്ടെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.
ഫോണിൽ പ്രത്യേക ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ആശയവിനിമയം നടത്തിയാണ് മയക്കുമരുന്ന് വിൽപ്പന നടത്തുന്നത്.

ആന്ധ്ര, മണാലി, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് എത്തിക്കുന്ന മയക്കുമരുന്നാണ് വിദ്യാർഥികളിലേക്ക് ഒഴുക്കിവിടുന്നത്. സംശയം തോന്നാതിരിക്കാൻ കൂട്ടുകാരിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പണം കടമെടുക്കാറാണ് പതിവ്. മയക്കുമരുന്നിന്റെ ഉറവിടം തേടിയുള്ള അന്വേഷണത്തിന് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡിനെ ചുമതലപ്പെടുത്തി. ജില്ലാ പോലീസ് മേധാവി രാജ്പാൽ മീണയുടെ നിർദേശപ്രകാരം നടന്ന പ്രത്യേക പരിശോധനയിലാണ് പ്രതി പിടിയിലായത്.