Connect with us

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ചികിത്സാപ്പിഴവുണ്ടായിട്ടില്ല; അസ്ഥിരോഗവിഭാഗം മേധാവി

വസ്തുതകൾ അറിയാതെ മെഡിക്കൽ കോളേജിനെ മോശമായി ചിത്രീകരിക്കുന്ന, തെറ്റിദ്ധാരണ പരത്തുന്ന ആരോപണങ്ങൾ നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൈയ്ക്ക് ഒടിവുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്ന ആരോപണത്തില്‍ പ്രതികരിച്ച് അസ്ഥിരോഗവിഭാഗം മേധാവി. ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്നും സാധാരണ ഇത്തരം ഒടിവുമായെത്തുന്ന രോഗികള്‍ക്ക് നല്‍കുന്ന സ്റ്റാന്‍ഡേര്‍ഡ് ചികിത്സയും സര്‍ജറിയുമാണ് ഇവിടെയും യുവാവിന് നടത്തിയതെന്നും ഓര്‍ത്തോപീഡിക്‌സ് വിഭാഗം മേധാവി ഡോ ജേക്കബ് മാത്യു പറഞ്ഞു.

കൈയിലെ മുട്ടിന് താഴെ ഒടുവുണ്ടായതിനാലാണ് വിദഗ്ധ പരിശോധനക്ക് ശേഷം ശസ്ത്രക്രിയ നടത്തി പ്ലേറ്റ് ഇട്ടത്. ഈ ഒടിവിന് താഴെയുള്ള ജോയിന്റ് ഇളകിയതിനാല്‍ അത് ഉറപ്പിക്കാനായി മറ്റൊരു കമ്പിയും ഇട്ടു. തൊലിപ്പുറത്ത് നിന്ന് എല്ലിനോട് ചേര്‍ന്നാണ് താല്‍ക്കാലികമായി കമ്പി ഇട്ടത്. ഈ കമ്പി പിന്നീട് മാറ്റും. ആദ്യമിട്ട പ്ലേറ്റ് അവിടെ തുടരുകയും ചെയ്യും.അല്ലാതെ കമ്പി മാറിയതല്ല. സമാന പ്രശ്‌നവുമായി എത്തുന്ന രോഗികള്‍ക്ക് സാധാരണ എങ്ങനെയാണോ ചെയ്യുന്നത് അത് തന്നെയാണ് ഈ രോഗിക്കും ചെയ്തതതെന്നും ശസ്ത്രക്രിയ വിജകരമാണെന്നുമാണ് ജേക്കബ് മാത്യു വിഷയത്തില്‍ വ്യക്തമാക്കിയത്.

മെയ് മാസം തന്നെ ഇതേ മെഡിക്കല്‍ കോളേജില്‍ ഇത്തരത്തിലുള്ള ഒടിവിനുള്ള ശസ്ത്രക്രിയകള്‍ നടത്തിയ മറ്റു രോഗികളുടെ എക്‌സ്‌റേകള്‍ ഇതിന് തെളിവാണ്. വസ്തുതകള്‍ അറിയാതെ മെഡിക്കല്‍ കോളേജിനെ മോശമായി ചിത്രീകരിക്കുകയാണ് നിലവില്‍  ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോതിപ്പാലം സ്വദേശി അജിത്താണ് ശസ്ത്രക്രിയ മാറിചെയ്തുവെന്ന പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ശനിയാഴ്ച കണ്ണഞ്ചേരിയില്‍ വെച്ച് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചുള്ള അപകടത്തിലാണ് അജിത്തിന് പരുക്കേറ്റത്. ആദ്യം കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അജിത്തിനെ പരുക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയും തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുകയുമായിരുന്നു.