Uae
ഓൺലൈൻ സ്‌കാമിലൂടെ കോഴിക്കോട് സ്വദേശിക്ക് നഷ്ടമായത് 17,140 ദിർഹം
സാധാരണ പേയ്മെന്റുകൾക്ക് ഒ ടി പി പോലുള്ളവ എന്റർ ചെയ്യേണ്ടതുണ്ടാവാറുണ്ട്. എന്നാൽ ഈ തട്ടിപ്പിൽ അതും ഉണ്ടായിട്ടില്ല.

ദുബൈ| ഓൺലൈൻ സ്‌കാമിലൂടെ കഴിഞ്ഞ ദിവസം കോഴിക്കോട് പൂനൂർ സ്വദേശിക്ക് നഷ്ടമായത് 17,140 ദിർഹം. സാലിക് പേയ്മെന്റ് നടത്തുന്നതിന് ഓൺലൈനിൽ നടത്തിയ സെർച്ചിലൂടെ ലഭിച്ച ലിങ്കിൽ പെയ്‌മെന്റ‌് നടത്തിയതിന് ശേഷമാണ് ക്രെഡിറ്റ് കാർഡിൽ നിന്ന് ക്യാഷ് നഷ്ടമായത്. ഇത്തിസലാത്ത് ക്വിക്ക് പേ എന്ന പേരിലാണ് 100 ദിർഹം സാലിക്കിന് പേയ്മെന്റ്എടുത്തത്.
എന്നാൽ അതിന് ശേഷം 17,140 ദിർഹം സ്മാർട്ട് ദുബൈ ഗവൺമെന്റ‌് എന്ന പേരിൽ പിൻവലിക്കപ്പെട്ടു. തുടർന്ന് 14,810 ദിർഹം കൂടി പിൻവലിക്കാനുള്ള ശ്രമം ഉണ്ടായി. എന്നാൽ ക്രെഡിറ്റ് കാർഡിൽ ബാലൻസ് ഇല്ലാത്തത് കാരണം അത് നടന്നില്ല. അർധരാത്രിയിൽ നടന്ന ഈ ട്രാൻസാക്ഷൻ അൽപസമയത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ ശ്രദ്ധയിലെത്തുന്നത്. ഉടൻ ബേങ്കുമായി ബന്ധപ്പെടുകയും ശേഷം പോലീസിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
സാധാരണ പേയ്മെന്റുകൾക്ക് ഒ ടി പി പോലുള്ളവ എന്റർ ചെയ്യേണ്ടതുണ്ടാവാറുണ്ട്. എന്നാൽ ഈ തട്ടിപ്പിൽ അതും ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.