From the print
കോഴിക്കോട് എന്‍ ഐ ടി; മലയാളി വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും എതിരെ പ്രതികാര നടപടി പതിവാകുന്നു
ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികളുടെ മര്‍ദനമേറ്റ വിദ്യാർഥിക്കെതിരെയും നടപടി
കോഴിക്കോട് | വിവാദങ്ങള്‍ തുടർക്കഥയായ കോഴിക്കോട് എന്‍ ഐ ടിയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും എതിരെ അധികൃതരുടെ പ്രതികാര നടപടികള്‍ പതിവായതായി പരാതി.
അഞ്ച് മലയാളി വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ ദിവസം 33 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. അധികൃതരുടെ അനാവശ്യ നിയന്ത്രണങ്ങള്‍ക്കും ഏകപക്ഷീയമായി രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചതിനും എതിരായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്കിയ വിദ്യാര്‍ഥികള്‍ക്കെതിരെയായിരുന്നു നടപടി. എന്നാല്‍ പ്രതിഷേധത്തില്‍ മലയാളി ഇതര വിദ്യാര്‍ഥികളും പങ്കെടുത്തിരുന്നുവെന്നാണ് വിദ്യാര്‍ഥികളും ഒരു വിഭാഗം അധ്യാപകരും പറയുന്നത്. കഴിഞ്ഞ ജനുവരി 22ന് ക്യാമ്പസില്‍ മതചടങ്ങ് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച മലയാളി വിദ്യാര്‍ഥിയെ ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട് 10 വിദ്യാര്‍ഥികൾക്കെതിരെ കുന്ദമംഗലം പോലീസ് കേസെടുത്തിരുന്നു. പരാതിക്കാരനായ മലയാളി വിദ്യാര്‍ഥിയെ സസ്പെന്‍ഡ് ചെയ്തത് വിവാദമാകുകയും ക്യാമ്പസില്‍ വന്‍ പ്രതിഷേധം ഉയരുകയും ചെയ്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥി ക്ഷേമ വിഭാഗം ഡീന്‍ സസ്പെന്ഷന് നടപ്പാക്കുന്നത് തടയുകയായിരുന്നു. പിന്നീട് എന്‍ ഐ ടി ഉന്നതര്‍ ഇടപെട്ട് വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തി കേസ് ഒത്തുതീര്‍പ്പാക്കുകയും ചെയ്തു എന്നാണ് ആരോപണം. അതേ ദിവസം ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികളുടെ മര്‍ദനമേറ്റ മറ്റൊരു വിദ്യാര്‍ഥി വകുപ്പ് മേധാവിക്കും രജിസ്ട്രാര്‍ക്കും പരാതി നല്‍കിയെങ്കിലും അഞ്ച് മാസം കഴിഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ല.
വിദ്യാര്‍ഥി യൂനിയന്‍ സമാനമായ എന്‍ ഐ ടിയിലെ സ്റ്റുഡന്റ്സ് അഫയേഴ്സ് കൗണ്‍സിലില്‍ കഴിഞ്ഞ വര്‍ഷം പകുതി സീറ്റ് മലയാളി ഇതര വിദ്യാര്‍ഥികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തി സെനറ്റ് തീരുമാനമെടുത്തത് വിവാദമായിരുന്നു.
കോഴിക്കോട് എന്‍ ഐ ടിയില്‍ 70 ശതമാനത്തോളം മലയാളി വിദ്യാര്‍ഥികളാണുള്ളത്. നേരത്തേ അധ്യാപകരിലും അനധ്യാപക ജീവനക്കാരിലും നല്ലൊരു ശതമാനം മലയാളികളായിരുന്നു. അനധ്യാപക ജീവനക്കാര്‍ക്ക് തെറ്റായ രീതിയിൽ കേരള ശമ്പള സ്കെയില്‍ നടപ്പാക്കിയതിനെ തുടർന്ന് അടുത്ത മാസം മുതല്‍ മുൻകാല ശമ്പളത്തിലെ കൂടുതൽ വരുന്ന തുക തിരിച്ചുപിടിക്കാനുള്ള റജിസ്ട്രാറുടെ തീരുമാനവും ബാധിക്കുക മലയാളി ജീവനക്കാരെയാണ്. നിയമനം ലഭിക്കുന്ന അധ്യാപകര്‍ നിശ്ചിത വര്‍ഷം കൊണ്ട് അക്കാദമിക് സ്കോര്‍ പോയിന്റ് നേടിയാല്‍ മാത്രമേ തസ്തിക സ്ഥിരം നിയമനമായി കണക്കാക്കുകയുള്ളൂവെന്ന നിബന്ധന മൂലം അധികൃതരുടെ അനിഷ്ടം ഉണ്ടായാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും കരാര്‍ അടിസ്ഥാനത്തില്‍ തുടരേണ്ട സ്ഥിതി ഉണ്ട്. ഇതുമൂലം മലയാളികള്‍ അടക്കമുള്ള, മികച്ച അക്കാദമിക് കരിയര്‍ ഉള്ള അധ്യാപകര്‍ ജോലി ഉപേക്ഷിച്ച് പോകുന്ന സാഹചര്യം ഉണ്ടെന്ന് മുതിര്‍ന്ന അധ്യാപകര്‍ പറയുന്നു.
രണ്ട് മാസം മുമ്പ് മലയാള പത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതും ലൈബ്രറിയില്‍ മലയാളം പുസ്തകങ്ങള്‍ക്കുള്ള ഓര്‍ഡര്‍ രജിസ്ട്രാര്‍ ഇടപെട്ട് റദ്ദാക്കിയതും സംസ്ഥാന പാത കൈയേറി ഉടമസ്ഥാവകാശം കാണിച്ച് ബോര്‍ഡ് സ്ഥാപിച്ചതും വിവാദമായിരുന്നു. വിവിധ കോഴ്സുകളിലേക്ക് ചോയ്സ് ഫില്ലിംഗ് നടക്കുന്ന സമയം തന്നെ അഡ്മിനിസ്ട്രേഷന് വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിവാദം ഉണ്ടാക്കുന്നത് മലയാളി വിദ്യാര്‍ഥികളുടെ ഒഴുക്ക് തടയുന്നതിന് വേണ്ടിയാണെന്നാണ് ഒരു വിഭാഗം അധ്യാപകര്‍ ആരോപിക്കുന്നത്.