Kozhikode
അന്താരാഷ്ട്ര നിലവാരത്തിലേക്കുയരാൻ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ
473 കോടിയുടെ വികസന പദ്ധതി പ്രധാനമന്ത്രി ഓൺലൈനായി പ്രഖ്യാപിക്കും
കോഴിക്കോട് | കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് 473 കോടി രൂപയുടെ സമഗ്രമായ സ്‌റ്റേഷൻ നവീകരണ പദ്ധതി. ഇതിന്റെ ഭാഗമായി നിലവിൽ സ്‌റ്റേഷനിലുള്ള അഞ്ച് ട്രാക്കുകൾക്ക് പുറമെ നാല് പുതിയ ട്രാക്കുകൾ ഉൾപ്പെടെ ആകെ ഒമ്പത് ട്രാക്കുകൾ യാഥാർഥ്യമാക്കും. റെയിൽവേ സ്‌റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ 2009ൽ യു പി എ സർക്കാർ തുടക്കമിട്ട പദ്ധതിയുടെ രണ്ടാംഘട്ടമാണ് ഇപ്പോൾ നടക്കുന്നതെന്ന് എം കെ രാഘവൻ എം പി വാർത്താസമ്മേളനത്തിൽ അറിയിച്ചു. പുനർ നവീകരണ പദ്ധതിയുടെ പ്രഖ്യാപനം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി നിർവഹിക്കും.
നിലവിലെ അഞ്ച് മീറ്റർ വീതിയിലുള്ള രണ്ട് ഫൂട്ട് ഓവർ ബ്രിഡ്ജുകൾക്ക് പകരം 12 മീറ്റർ വീതിയിലുള്ള ഇരിപ്പിടങ്ങളോട് കൂടിയ രണ്ട് പുതിയ ഫൂട്ട് ഓവർ ബ്രിഡ്ജുകൾ സ്‌റ്റേഷന്റെ തെക്കുഭാഗത്തും വടക്കുഭാഗത്തും സ്ഥാപിക്കും. കിഴക്കുഭാഗത്തുള്ള ടെർമിനലിനെയും പടിഞ്ഞാറു ഭാഗത്തുള്ള ടെർമിനലിനെയും ബന്ധിപ്പിച്ച് മധ്യത്തിൽ 48 മീറ്റർ വീതിയിലുള്ള കോൺകോഴ്‌സിൽ ബിസിനസ്സ് ലോഞ്ച് അടക്കമുള്ള സജ്ജീകരിക്കും. ഇരുഭാഗങ്ങളിലും മൾട്ടി ലെവൽ പാർക്കിംഗ് സൗകര്യങ്ങളും പാർക്കിംഗുകളിലേക്ക് ഫൂട്ട് ഓവർ ബ്രിഡ്ജുകളിൽ നിന്നും കോൺകോഴ്‌സിൽ നിന്നും സ്‌കൈവാക്ക് സൗകര്യവും പ്രാവർത്തികമാകും.
നിലവിലെ മുഴുവൻ റെയിൽവേ ക്വാർട്ടേഴ്‌സുകളും പൊളിച്ചുനീക്കി ആധുനിക സൗകര്യങ്ങളോടു കൂടിയ നാല് ടവറുകളിലായി ബഹുനില ക്വാട്ടേഴ്‌സ് നിർമിക്കും. പടിഞ്ഞാറ് ഭാഗത്ത് മാത്രം 4.2 ഏക്കറിൽ വാണിജ്യ കേന്ദ്രം സജ്ജമാകും. വടക്ക് കിഴക്ക് ഭാഗത്ത് 4,050 സ്‌ക്വയർ മീറ്ററിലും തെക്ക് കിഴക്ക് ഭാഗത്ത് 1,306 സ്‌ക്വയർ മീറ്ററിലും വാണിജ്യ കേന്ദ്രങ്ങൾ യഥാർഥ്യമാകും. ആർ എം എസ്, പാർസൽ കയറ്റാനും ഇറക്കാനുമുള്ള പ്രത്യേക കേന്ദ്രം, ഗ്രൗണ്ട് പാർക്കിംഗ്, ഭാവിയിലെ ലൈറ്റ് മെട്രോ സ്‌റ്റേഷനെ റെയിൽവേ സ്‌റ്റേഷനുമായി ബന്ധിപ്പിച്ച് ടെർമിനൽ പണിയാനുള്ള കേന്ദ്രം എന്നിവയും പ്രൊജക്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫ്രാൻസിസ് റോഡിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് നേരിട്ട് പ്രവേശനവും സാധ്യമാകുമെന്ന് എം പി പറഞ്ഞു.
യു പി എ സർക്കാറിന്റെ കാലത്ത് മുന്നണി ചെയർപേഴ്‌സണായിരുന്ന സോണിയാഗാന്ധിയുടെ മുമ്പിൽ അവതരിപ്പിച്ച ആവശ്യത്തിന് കേന്ദ്രസർക്കാർ അനുമതി നൽകിയതിനെ തുടർന്ന് വലിയ നഗരങ്ങളെപ്പോലും പിന്തള്ളിയാണ് പദ്ധതി കോഴിക്കോടിന് ലഭിച്ചത്. ഇക്കാലയളവിൽ വികസനം മുടക്കാൻ ചിലർ നടത്തിയ സമരാഭാസങ്ങളെയെല്ലാം അതിജീവിച്ചാണ് 473 കോടി രൂപയുടെ രണ്ടാംഘട്ട വികസന പദ്ധതി അംഗീകാരം കിട്ടിയതെന്ന് എം കെ രാഘവൻ കൂട്ടിച്ചേർത്തു.