icf swanthanam
ഐ സി എഫ് സാന്ത്വനം; നാല് വര്‍ഷത്തിന് ശേഷം കോഴിക്കോട് സ്വദേശിക്ക് ജയില്‍ മോചനം
അഞ്ചു വര്‍ഷം മുമ്പ് നടന്ന വാഹനാപകടമാണ് സിറാജിന്റെ ജീവിതം മാറ്റിമറിച്ചത്. സഊദിയിലെ ത്വാഇഫില്‍ ഡ്രെെവറായി ജോലി ചെയ്തിരുന്ന സിറാജ് താനോടിച്ച വാഹനം അപകടത്തില്‍ പെട്ട് രണ്ട് അറബ് വംശജര്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് സഊദി ജയിലിലായത്

ദമാം/കോഴിക്കോട് | ഐ സി എഫിന്റെ കാരുണ്യത്തില്‍ നാല് വര്‍ഷമായി സഊദി ജയിലില്‍ നിന്നും യുവാവിന് മോചനം. കോഴിക്കോട് ഈങ്ങാപ്പുഴ എലോക്കര സ്വദേശി സിറാജാണ് നാല് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം നാടണയുന്നത്.
അഞ്ചു വര്‍ഷം മുമ്പ് നടന്ന വാഹനാപകടമാണ് സിറാജിന്റെ ജീവിതം മാറ്റിമറിച്ചത്. സഊദിയിലെ ത്വാഇഫില്‍ ഡ്രെെവറായി ജോലി ചെയ്തിരുന്ന സിറാജ് താനോടിച്ച വാഹനം അപകടത്തില്‍ പെട്ട് രണ്ട് അറബ് വംശജര്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് സഊദി ജയിലിലായത്. ജയില്‍ മോചിതനാകണമെങ്കില്‍ 75 ലക്ഷം രൂപ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ദിയയായി നല്‍കണമെന്ന് സഊദി കോടതി ഉത്തരവിട്ടു.
ക്യാന്‍സര്‍ രോഗിയായ പിതാവും മാതാവും ഭാര്യയും ചെറിയ കുഞ്ഞുമോളും ഉള്‍ക്കൊള്ളുന്ന കുടുംബത്തിന്റെ പുരയിടം വിറ്റാല്‍ പോലും ഈ ഭീമമായ തുക കണ്ടെത്തുക അസാധ്യമായിരുന്നു. ഇതേ തുടര്‍ന്നാണ് കേരള മുസ്‌ലിം ജമാഅത്ത് ഐ സി എഫ് സഊദി കമ്മിറ്റി വിഷയത്തില്‍ ഇടപെട്ടത്. തുക കുറച്ച് നല്‍കാന്‍ കമ്മിറ്റി കോടതിയില്‍ അപ്പീല്‍ നല്‍കുകയും ബന്ധുക്കളെ സമീപിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് 33 ലക്ഷം രൂപയായി മരണപ്പെട്ടവരുടെ അവകാശികള്‍ ഇളവ് ചെയ്ത് കൊടുത്തു.
എന്നാല്‍ ഈ തുകയും നല്‍കാന്‍ ബന്ധുക്കള്‍ക്ക് കഴിയാത്തതിനെ തുടര്‍ന്ന്, ഐ സി എഫ് സഊദി നാഷണല്‍ കമ്മിറ്റി സിറാജിന്റെ മോചനത്തിന് വേണ്ടി പണം സ്വരൂപിക്കുകയായിരുന്നു. പ്രത്യേക ആക്ഷന്‍ ടീം രൂപവത്കരിച്ച് രംഗത്തിറങ്ങുകയും കീഴ്ഘടകങ്ങള്‍ വഴി മുഴുവന്‍ സംഖ്യയും ശേഖരിച്ച് നല്‍കുകയുമായിരുന്നു. പണം നല്‍കിയതോടെ കഴിഞ്ഞ ദിവസം സിറാജിനെ ജയിലില്‍ നിന്നും മോചിപ്പിച്ചതോടെയാണ് നാട്ടിലെത്താനുള്ള വഴിയൊരുങ്ങിയത്.
ജയില്‍ മോചിതനായതോടെ രണ്ട് ദിവസത്തിനകം വീടണയും. ജയില്‍ മോചിതനായ സിറാജ് കേരള മുസ്‌ലിം ജമാഅത്തിനും ഐ സി എഫ് സഊദി നാഷണല്‍ കമ്മിറ്റിക്കും പ്രത്യേകം നന്ദി പറഞ്ഞു.