Kerala
കോഴിക്കോട് സിക സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില തൃപ്തികരം
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വൈറസ് വ്യാപിക്കാതിരിക്കാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതായും ആരോഗ്യവകുപ്പ്
കോഴിക്കോട് | ജില്ലയില്‍ സിക വൈറസ്ബാധ സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യനില തൃപ്തികരം. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വൈറസ് വ്യാപിക്കാതിരിക്കാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.
ഈ മാസം 17ന് ബെംഗരുവില്‍നിന്നാണ് യുവതി കോഴിക്കോടെത്തിയത്. വയറു വേദനയും പനിയുമുള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അവിടെ നടത്തിയ പരിശോധനയില്‍ സിക്ക വൈറസ് സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു.
തുടര്‍ന്ന് ഉടന്‍ ആരോഗ്യപ്രവര്‍ത്തകര്‍ രോഗിയുടെ ചേവായൂരിലുള്ള വീടും പരിസരവും ശുചീകരിക്കുകയും മറ്റും ചെയ്തിരുന്നു. പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കു സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചു. ഈ പരിശോധനാ ഫലമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.
അതേസമയം, വൈറസ് ബാധിതയായിരുന്ന യുവതിയിപ്പോള്‍ രോഗമുക്തയാണ്. വീട്ടിലെ കുടുംബാംഗങ്ങള്‍ക്കോ ഒപ്പമുള്ളവര്‍ക്കോ വൈറസ് ബാധയില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഡെങ്കി, ചിക്കുന്‍ഗുനിയ വൈറസുകള്‍ പകരുന്ന അതേ ഇനമായ ഈഡിസ് വിഭാഗത്തില്‍പെട്ട കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക്ക വൈറസ്.