Connect with us

പടനിലം

കോഴിക്കോട്: മത്സരം അടിത്തട്ട് തൊട്ട്

ഒന്നര പതിറ്റാണ്ടിൽ രാഘവൻ ഉണ്ടാക്കിയെടുത്ത വ്യക്തി ബന്ധങ്ങൾക്കു മീതെ "കരീംക്ക'ക്ക് എന്തു ചെയ്യാൻ കഴിയും എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Published

|

Last Updated

തീപാറുന്ന പോരാട്ടമാണെങ്കിലും കോഴിക്കോട് പക്ഷേ നിശബ്ദമാണ്. തൊട്ടടുത്ത് കോലാഹലങ്ങളിൽ വീർപ്പുമുട്ടുന്ന വടകരയെ അപേക്ഷിച്ച് കാര്യങ്ങൾ ശാന്തം. കണക്കുകളിൽ വീര്യം കൂടിയ ചുവന്ന മണ്ണാണ്. ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ഒന്നിലൊഴികെ എൽ ഡി എഫ് ആധിപത്യം. പക്ഷേ, ലോക്സഭയിലേക്ക് വരുന്പോൾ കഴിഞ്ഞ മൂന്ന് തവണയും കോഴിക്കോട്ടുകാർ പിന്തുണച്ചത് കോൺഗ്രസ്സിന്റെ എം കെ രാഘവനെയെന്ന് മാത്രം.

ഇത്തവണ തൊഴിലാളി നേതാവും രാജ്യസഭാംഗമായ എളമരം കരീമിനെയിറക്കി മണ്ഡലം പിടിക്കാനാണ് ഇടത് മുന്നണിയുടെ ശ്രമം. ഒന്നര പതിറ്റാണ്ടിൽ രാഘവൻ ഉണ്ടാക്കിയെടുത്ത വ്യക്തി ബന്ധങ്ങൾക്കു മീതെ “കരീംക്ക’ക്ക് എന്തു ചെയ്യാൻ കഴിയും എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

പരീക്ഷണങ്ങൾ
രാഘവനെ വീഴ്ത്താൻ എൽ ഡി എഫ് പല പരീക്ഷണങ്ങൾ ഇതിന് മുമ്പ് നടത്തിയിട്ടുണ്ട്. സി പി എമ്മിന്റെ സമുന്നത നേതാവ് എ വിജയരാഘവനിലൂടെ 2014ലും കോഴിക്കോട്ടുകാരുടെ പ്രിയങ്കരനായ എ പ്രദീപ്കുമാറിലൂടെ 2019ലും ശ്രമിച്ചു പരാജയപ്പെട്ടു. 2009ൽ പി എ മുഹമ്മദ് റിയാസിനെതിരെ നേടിയ നേരിയ വിജയത്തെക്കാൾ തിളക്കം കൂട്ടുകയായിരുന്നു തുടർന്ന് നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും എം കെ രാഘവൻ.
സി എ എ അടക്കമുള്ള വിഷയങ്ങളിൽ പാർലിമെന്റിൽ നടത്തിയ ഇടപെടലുകളും ബില്ലവതരണവും താരതമ്യം ചെയ്യുന്പോൾ രാഘവനെക്കാൾ മുന്നിലാണ് കരീം എന്നാണ് എൽ ഡി എഫിന്റെ അവകാശവാദം. എന്നാൽ, രാജ്യസഭയിൽ സി പി എമ്മിന്റെ പാർലിമെന്ററി പാർട്ടി നേതാവായ കരീമിന് കിട്ടിയ അത്രയും സമയം ലോക്‌സഭയിൽ രാഘവന് ലഭിക്കില്ല എന്നത് സ്വാഭാവികമാണെന്ന് യു ഡി എഫ് വിശദീകരിക്കുന്നു.

മുസ്‌ലിം വോട്ട്
വികസനവും മികവും രാഷ്ട്രീയവും തരാതരം പോലെ ചർച്ച ചെയ്യുന്ന കോഴിക്കോട്ടെ 39 ശതമാനം വരുന്ന മുസ്‌ലിം വോട്ടർമാർക്ക് വിധിനിർണയത്തിൽ കാര്യമായ പങ്കുണ്ട്. വിവിധ മുസ്‌ലിം സംഘടനകളുടെ ആസ്ഥാനമാണ് കോഴിക്കോട്. ഓരോ വിഭാഗത്തിനും അവരവരുടേതായ രാഷ്ട്രീയ കാഴ്ചപ്പാടുകളും ദേശീയബോധവുമുണ്ട്. നഗര വോട്ടർമാരുടെയും യുവാക്കളുടെയും എണ്ണത്തിലുള്ള വർധന എങ്ങനെ സ്വാധീനിക്കുമെന്ന് മുന്നണികൾക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല.

രാഹുൽ ഇഫക്ട്
പോൾ ചെയ്ത വോട്ടിന്റെ 45. 85 ശതമാനമാണ് കഴിഞ്ഞ തവണ എം കെ രാഘവന് ലഭിച്ചത്. 37.93 ശതമാനം വോട്ട് എൽ ഡി എഫിലെ എ പ്രദീപ്കുമാർ നേടി. 2014ന് അപേക്ഷിച്ച് എൽ ഡി എഫിന് വോട്ട് കുറയുകയും രാഘവന് കൂടുകയുമായിരുന്നു.

വയനാട്ടിൽ രാഹുൽ ഗാന്ധിയുണ്ടാക്കിയ പ്രതിഫലനം ചുരമിറങ്ങി കോഴിക്കോട്ടെത്തിയെന്നായിരുന്നു എൽ ഡി എഫ് വിലയിരുത്തൽ. ഇത്തവണയും രാഹുൽ വയനാട്ടിൽ മത്സരിക്കുന്നുണ്ടെങ്കിലും ഈ ആനുകൂല്യം രാഘവന് ലഭിക്കില്ലെന്ന് ഇടതു പക്ഷം കണക്കുകൂട്ടുന്നു.

മുതിർന്ന നേതാവ് എം ടി രമേശിനെയാണ് ബി ജെ പി ഇത്തവണ കളത്തിലിറക്കിയത്. കഴിഞ്ഞ തവണ 14.98 ശതമാനം വോട്ടാണ് ബി ജെ പി സ്വന്തമാക്കിയത്. ബി എസ് പിയുടേതടക്കം 13 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്.