Kerala
കോഴിക്കോട് ട്രെയിനിലെ ആക്രമണം; പരുക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി
ആക്രമണത്തില്‍ ഒമ്പത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്
കോഴിക്കോട് | കോഴിക്കോട് ട്രെയിനിലുണ്ടായ ആക്രമണത്തില്‍ പരുക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഞായറാഴ്ച രാത്രി ഒമ്പതോടെ കണ്ണൂര്‍ ഭാഗത്തേക്ക് പോയ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിന്‍ എലത്തൂര്‍ കോരപ്പുഴ പാലത്തില്‍ എത്തിയപ്പോള്‍ ആയിരുന്നു അക്രമം. ആക്രമണത്തില്‍ ഒമ്പത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ മൂന്ന് പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെ പുലര്‍ച്ചെ റെയില്‍വേ ട്രാക്കില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ട്രെയ്‌നില്‍ നിന്ന് ചാടിയതാകാമെന്നാണ് നിഗമനം.
അതേ സമയം പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതിയുടെ രേഖാചിത്രം നേരത്തെ പോലീസ് പുറത്തുവിട്ടിരുന്നു. സംഭവത്തില്‍ അന്വേഷണത്തിനായി ഡിജിപി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്.