Connect with us

KPCC

കെ പി സി സിയുടെ വിശാല നേതൃയോഗം ഇന്ന്‌; പാര്‍ട്ടി പുനസ്സംഘടന ലക്ഷ്യം

ലോകസഭാ തിരഞ്ഞെടുപ്പ് വിജയം ചൂണ്ടിക്കാട്ടി പുനസ്സംഘടന തടയാനും നീക്കം

Published

|

Last Updated

തിരുവനന്തപുരം | പാര്‍ട്ടി പുനസ്സംഘടന ലക്ഷ്യമിട്ട് കെ പി സി സിയുടെ വിശാല നേതൃയോഗം ഇന്ന്‌ തിരുവനന്തപുരത്ത് ചേരും. പ്രവര്‍ത്തനം മോശമായ ഡി സി സി അധ്യക്ഷന്മാര്‍ക്കും തര്‍ക്കമുള്ള ഇടങ്ങളില്‍ മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാര്‍ക്കും മാറ്റമുണ്ടായേക്കും.

സംഘടനാ ദൗര്‍ബല്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ പുനസ്സംഘടന ലക്ഷ്യമിട്ടെങ്കിലും ലോക സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായ മികച്ച ഫലം പലരുടെയും സ്ഥാനം ഉറപ്പിക്കും. സ്ഥാനം തെറിക്കുമെന്നു കരുതിയ പലരും തിരഞ്ഞെടുപ്പ് ഫലം ഉയര്‍ത്തിക്കാട്ടി സ്ഥാനത്തു തുടരാനുള്ള നീക്കവും ആരംഭിച്ചു.

കെ പി സി സി പ്രസിഡന്റ് കെ സുധാകരനെയും ചുരുക്കം ഭാരവാഹികളെയും നിലനിര്‍ത്തിയാവും പുതിയ പട്ടിക തയ്യാറാക്കുക. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപിച്ച കെ പി സി സി സെക്രട്ടറിമാരുടെ പട്ടികയിലും മാറ്റം കൊണ്ടുവരാന്‍ നീക്കം നടക്കുന്നുണ്ട്.

ചില ഡി സി സി പ്രസിഡന്റുമാരെയും മാറ്റാന്‍ ഒരുങ്ങുന്നുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ വിജയം ഉണ്ടായ സാഹചര്യത്തില്‍ ഉടച്ചുവാര്‍ക്കല്‍ വേണ്ടെന്ന വാദവും ശക്തിപ്രാപിച്ചിട്ടുണ്ട്. ഗ്രൂപ്പടിസ്ഥാനത്തില്‍ വീതം വെയ്പ്പ് നടന്നെന്ന ആരോപണം കേള്‍ക്കുന്ന ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളിലും അഴിച്ചുപണിയുണ്ടാകും.