Connect with us

Kerala

ഷാഫി പറമ്പില്‍ സ്വന്തം നിലയ്ക്കുള്ള പ്രചാരണം അവസാനിപ്പിക്കണമെന്ന് കെ പി സി സി നിര്‍ദ്ദേശം

ഷാഫി പറമ്പലിന്റെ നോമിനിയായാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന ആരോപണം ശക്തം

Published

|

Last Updated

പാലക്കാട് | ഷാഫി പറമ്പലിന്റെ നോമിനിയായാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ട് സ്ഥാനാര്‍ഥിയായതെന്ന വികാരം കോണ്‍ഗ്രസ്സില്‍ ശക്തി പ്രാപിച്ചിരിക്കെ പാര്‍ട്ടി പ്രവര്‍ത്തകരേയും അനുഭാവികളേയും പ്രകോപിപ്പിക്കുന്ന ഷാഫി പറമ്പിലിന് താക്കീത്.

സ്വന്തം നിലയ്ക്കുള്ള പ്രചാരണം ഷാഫി പറമ്പില്‍ അവസാനിപ്പിക്കണമെന്ന് കെ പി സി സി നേതൃത്വം നിര്‍ദ്ദേശിച്ചു. പ്രചാരണം ഡി സി സിയോട് ആലോചിച്ച് മതിയെന്ന് നേതൃത്വം അറിയിച്ചു. സരിനെ പിന്തുണച്ച് പോസ്റ്റിട്ടതിന് ഷാഫി പറമ്പില്‍ അനുകൂലികള്‍ മര്‍ദ്ദിച്ചെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രംഗത്തുവന്നതോടെ മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിനകത്ത് രൂക്ഷമായ പ്രതിസന്ധി നിലനില്‍ക്കുന്നതാണ് വ്യക്തമാകുന്നത്. യൂത്ത് കോണ്‍ഗ്രസ് നെന്മാറ മണ്ഡലം സെക്രട്ടറി ശ്രീജിത്ത് ബാബുവാണ് മര്‍ദ്ദനമേറ്റെന്ന വെളിപ്പെടുത്തലുമായി രംഗത്തുവന്നത്.

ഇന്ന് രാവിലെ ജോലിക്കായി പോകുന്നതിനിടെയാണ് മര്‍ദനമേറ്റതെന്നും ഷാഫിയെ അനുകൂലിക്കുന്ന ബൂത്ത് പ്രസിഡന്റായ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് മര്‍ദിച്ചതെന്നും ശ്രീജിത്ത് നെന്മാറ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ശ്രീജിത്ത് നെന്മാറ ആശുപതിയില്‍ ചികിത്സയിലാണ്. പാര്‍ട്ടിയില്‍ ഒപ്പം നില്‍ക്കുന്നവരെ മാത്രമെ ഷാഫി സംരക്ഷിക്കുകയുള്ളുവെന്ന് ശ്രീജിത്ത് ബാബു ആരോപിച്ചു. അല്ലാത്തവരെ പുറത്താക്കും. ഉള്‍പാര്‍ട്ടി ജനാധിപത്യമില്ലെന്ന് ഇതിനു മുമ്പും പരാതിപ്പെട്ടിരുന്നു. സരിനെ അനുകൂലിച്ച് എഫ്ബി പോസ്റ്റിട്ടതാണ് പ്രകോപനം.

സരിന്‍ എന്ത് പ്രശ്‌നം ഉണ്ടായാലും ഒപ്പം നില്‍ക്കുന്നയാളാണെന്നും ശ്രീജിത് പറഞ്ഞു.സരിനെ അനുകൂലിച്ച് കഴിഞ്ഞ ദിവസം ശ്രീജിത്ത് ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. സരിനൊപ്പം എന്നായിരുന്നു പോസ്റ്റെന്നും ഇത് പിന്നീട് നേതാക്കളുടെ നിര്‍ദേശ പ്രകാരം നീക്കം ചെയ്തിരുന്നുവെന്നും ശ്രീജിത്ത് പറഞ്ഞു. പല യോഗങ്ങളിലും പാര്‍ട്ടിയിലെ ജനാധിപത്യമില്ലായ്മയെ ചോദ്യം ചെയ്തിരുന്നുവെന്നും എന്നാല്‍ അപ്പോഴേക്കെ വിമര്‍ശിക്കുന്നവരെ പുറത്താക്കുന്ന നടപടിയാണ് സ്വീകരിച്ചുവരുന്നതെന്നും ശ്രീജിത്ത് പറഞ്ഞു.

പ്രവര്‍ത്തകര്‍ക്കിടയിലെ അസംതൃപ്തി രൂക്ഷമാക്കുന്നതിനാണ് ഷാഫിയുടെ സാന്നിധ്യം ഉപകരിക്കുന്നത് എന്നതിനാലാണ് ഷാഫിക്ക് കെ പി സി സികര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

 

Latest