Connect with us

Kerala

ജമാഅത്തിന് 'കൈ'കൊടുത്തത് തിരിച്ചടിച്ചെന്ന് കെ പി സി സി അന്വേഷണ സമിതി റിപ്പോര്‍ട്ട്

പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ കനത്ത പരാജയമുണ്ടായിട്ടും കോണ്‍ഗ്രസ് ഒരു പരിഹാര ക്രിയക്കു തയ്യാറാകാത്തതും ന്യൂനപക്ഷങ്ങളെ യു ഡി എഫില്‍ നിന്നകറ്റി.

Published

|

Last Updated

കോഴിക്കോട് | കേരളത്തില്‍ യു ഡി എഫിനു നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്കു കാരണം എക്കാലത്തും യു ഡി എഫിനൊപ്പം അടിയുറച്ച് നിന്നിരുന്ന മുസ്ലിം വിഭാഗങ്ങള്‍ കൈയൊഴിഞ്ഞതാണെന്ന കെ പി സി സി അന്വേഷണ സമിതി റിപ്പോര്‍ട്ട് കോണ്‍ഗ്രസിനെ തിരിഞ്ഞുകുത്തുന്നു. മുസ്ലിം വിഭാഗങ്ങളെ വിശ്വാസത്തിലെടുക്കാനായിട്ടില്ലെങ്കില്‍ കോണ്‍ഗ്രസിനുള്ള തിരിച്ചടി തുടരുമെന്നും സമിതികള്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും മുസ്ലിം സമുദായം കോണ്‍ഗ്രസില്‍ നിന്ന് അകലാനുണ്ടായ കാരണങ്ങള്‍ കൃത്യമായി ചൂണ്ടിക്കാട്ടുന്നില്ല. ബി ജെ പിയെ നേരിടാന്‍  ബദല്‍ നയ പരിപാടികള്‍ ഇല്ലെന്നതു ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളിയാണ്. മൃദു ഹിന്ദുത്വവുമായി ബി ജെ പിയെ നേരിടുന്ന കോണ്‍ഗ്രസില്‍ ദേശീയ തലത്തില്‍ തന്നെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടതു കേരളത്തിലും തിരിച്ചടിയായി എന്നാണു വിലയിരുത്തപ്പെടുന്നത്.

മത രാഷ്ട്ര വാദം ഉയര്‍ത്തുന്ന ജമാഅത്തെ ഇസ്ലാമിയുമായി യു ഡി എഫ് ഉണ്ടാക്കിയ കൂട്ടുകെട്ട്  മുസ്ലിം സമൂഹത്തില്‍ വലിയ പ്രത്യാഘാതത്തിനു കാരണമായി. കേരളത്തില്‍ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ പരസ്യമായി ഉണ്ടാക്കിയ സഖ്യത്തിലൂടെ കനത്ത തിരിച്ചടി നേരിട്ടിട്ടും നിയമ സഭാ തിരഞ്ഞെടുപ്പില്‍ സഖ്യം തുടര്‍ന്നതോടെ സമുദായത്തിനു കോണ്‍ഗ്രസിലുണ്ടായിരുന്ന വിശ്വാസ്യത നഷ്ടമാക്കി. മുന്‍ തിരഞ്ഞെടുപ്പുകളിലൊക്കെ രഹസ്യമായി ഇടപെട്ടിരുന്ന ജമാഅത്തെ ഇസ്ലാമി തിരഞ്ഞെടുപ്പില്‍ പരസ്യമായി ഇടപെട്ടതോടെ ഇതര സമുദായ സംഘടനകളെല്ലാം  യു ഡി എഫിന് എതിരാവുകയായിരുന്നു. പരസ്യ സഖ്യമല്ലാതെ ഒരു ബന്ധത്തിനുമില്ലെന്നു ജമാഅത്തെ ഇസ്ലാമി നിലപാടെടുത്തതോടെ യു ഡി എഫ് അതിനു വഴങ്ങുകയായിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയ അപ്രഖ്യാപിത രാഷ്ട്രീയ സഖ്യത്തിനെതിരെ കോണ്‍ഗ്രസിനകത്തു തന്നെ എതിര്‍പ്പുയര്‍ത്തിയിട്ടും ലീഗിന്റെ സമ്മര്‍ദത്തിനു വഴങ്ങി മുന്നോട്ടു പോയി.

യു ഡി എഫിനെ പിന്തുണയ്ക്കുന്ന ഹിന്ദു, മതേതര വോട്ടുകൾ നഷ്ടപ്പെടാന്‍ ജമാഅത്തെ ഇസ്ലാമി ബന്ധം ഇടയാക്കുമെന്ന ആശങ്ക അന്നത്തെ കെ പി സി സി അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രനെ പോലുള്ള നേതാക്കള്‍ ഉയര്‍ത്തിയിരുന്നു. ജമാഅത്ത് ബന്ധം മുന്‍നിര്‍ത്തി സി പി എം നടത്തിയ കടന്നാക്രമണത്തില്‍ യു ഡി എഫിനു കാലിടറി.  യു ഡി എഫുമായി തിരഞ്ഞെടുപ്പു ധാരണയുണ്ടാക്കി  സ്വന്തം അടിത്തറ വികസിപ്പിക്കുക മാത്രമാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ലക്ഷ്യമെന്നു യു ഡി എഫിനെ പിന്തുണക്കുന്ന ഇ കെ വിഭാഗം ഉള്‍പ്പെടെയുള്ളവര്‍ തിരിച്ചറിഞ്ഞിരുന്നു.  മാതൃസംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യംതന്നെയാണ് വെല്‍ഫെയര്‍ പാര്‍ട്ടി പ്രയോഗിച്ചത്.  തദ്ദേശ സ്ഥാപനങ്ങളില്‍ പ്രാതിനിധ്യം വര്‍ധിപ്പിക്കുക, നിയമസഭയില്‍ അക്കൗണ്ട് തുറക്കുക, വിവാദങ്ങളെ അവഗണിച്ചു ധാരണയും സഖ്യവുമായി മുന്നോട്ടു പോവുക എന്ന ജമാഅത്ത് തന്ത്രം നടപ്പാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നോക്കുകുത്തിയായി നിന്നു. യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ ജമാഅത്ത് അമീര്‍ എം ഐ അബ്ദുല്‍ അസീസിനെ സന്ദര്‍ശിച്ചതിനു പിന്നാലെ യു ഡി എഫ്- ജമാഅത്തെ ബന്ധം സജീവ ചര്‍ച്ചയാവുകയും സമുദായ സംഘടനകള്‍ തന്നെ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, സഖ്യ ചര്‍ച്ചയുടെ ഭാഗമായിത്തന്നെ യു ഡി എഫിന്റെ ഒട്ടുമിക്ക നേതാക്കളും ഒരു വര്‍ഷത്തിനിടയില്‍ നിരവധി ജമാഅത്ത്, വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ യു ഡി എഫുമായും എല്‍ ഡി എഫുമായും പ്രാദേശിക നീക്കുപോക്കുണ്ടാക്കിയ വെല്‍ഫെയര്‍ പാര്‍ട്ടി 42 വാര്‍ഡുകളിലാണ് വിജയിച്ചത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20 നിയോജക മണ്ഡലങ്ങളിലും യു ഡി എഫിനെ പിന്തുണച്ചു.  ഒരിടത്തും വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിച്ചില്ല. തുടര്‍ന്നാണ് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കൂടി ബാധകമാകുന്ന ധാരണ വേണം എന്ന് ജമാഅത്തെ ഇസ്ലാമി നേതൃത്വം വാശിപിടിച്ചത്. പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല, മുന്‍ യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍, മുസ്ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, കെ പി എ മജീദ്, ആര്‍ എസ് പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടെ വിവിധ ചര്‍ച്ചകളില്‍ പങ്കെടുത്തു. ഒരുപടികൂടി കടന്ന് തദ്ദേശ തിരഞ്ഞെടുപ്പിലെ ബന്ധം ഉറപ്പിക്കുന്നതിനു ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വത്തിനു കത്തും നല്‍കി. തദ്ദേശ തിരഞ്ഞെടുപ്പിലും നിശ്ചിത വാര്‍ഡുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയും യു ഡി എഫും പരസ്പരം മത്സരിക്കില്ലെന്ന ധാരണയിലൂടെ  വെല്‍ഫെയര്‍ പാര്‍ട്ടിയുടെ തദ്ദേശ ജനപ്രതിനിധികളുടെ എണ്ണം വര്‍ധിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, സമുദായ സംഘടനകള്‍ മതേതര വിഭാഗങ്ങള്‍ക്കപ്പുറം അണിചേര്‍ന്ന് ഈ രഹസ്യ നീക്കങ്ങളെല്ലാം അട്ടിമറിച്ചു. ആര്‍ എസ് എസിനു ബി ജെ പിക്കു മേല്‍ ഉള്ളതുപോലെ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഓരോ നീക്കവും എന്നു സമുദായം നേരത്തെ തിരിച്ചറിഞ്ഞിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, ദേശീയ വൈസ് പ്രസിഡന്റ് ഇ സി ആയിഷ എന്നിവര്‍ ജമാഅത്ത് ഉന്നതാധികാര സമിതി (ശൂറാ) അംഗങ്ങളാണെന്നും  ജമാഅത്തിനും വെല്‍ഫെയര്‍ പാര്‍ട്ടിക്കും ഇടയില്‍ ഇവര്‍ കൂടി ഉള്‍പ്പെട്ട കൂടിയാലോചനാ സമിതിയാണ് പദ്ധതി തയ്യാറാക്കുന്നതെന്നും സമുദായത്തിനു വ്യക്തമായിരുന്നു.

 2011 ഒക്ടോബറില്‍ രൂപവത്കരിച്ച വെല്‍ഫെയര്‍ പാര്‍ട്ടി 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അഞ്ചിടത്തു മത്സരിച്ച് അറുപതിനായിരത്തോളം വോട്ടുകള്‍ നേടിയിരുന്നു. അതിന്റെ ഇരട്ടി വോട്ടുകള്‍ 2019ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തില്‍ തങ്ങള്‍ക്കു നല്‍കാന്‍ കഴിഞ്ഞു എന്നായിരുന്നു അവകാശവാദം. ഇസ്ലാമിക രാഷ്ട്രം ജമാഅത്തെ ഇസ്ലാമി ലക്ഷ്യമെന്നും അവരുമായി സഖ്യത്തിനൊരുങ്ങുന്ന മുസ്ലിംലീഗിന്റെ തീരുമാനം മതനിരപേക്ഷ രാഷ്ട്രീയത്തോടുള്ള വെല്ലുവിളിയാണെന്നുമുള്ള സി പി എമ്മിന്റെ പ്രഖ്യാപനം മുസ്ലിം സമൂഹത്തിലെ എല്ലാ വിഭാഗവും അംഗീകരിച്ചു എന്നാണു നിയമസഭാ തിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പില്‍ എല്‍ ഡി.എഫിനെ നേരിടാനുള്ള ശക്തി യു ഡി എഫിന് ഇല്ല എന്ന തിരിച്ചറിവാണ് തീരുമാനത്തിനു പിന്നിലെന്നും ഈ നീക്കം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണെന്നും സി പി എം പ്രചരിപ്പിച്ചു. ഭൂരിപക്ഷ വര്‍ഗീയത വളര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ മുന്നോട്ടു വരുമ്പോള്‍ മതനിരപേക്ഷ നിര ശക്തിപ്പെടേണ്ടത് അനിവാര്യമാണെന്നും എന്നാല്‍,  യു ഡി എഫ് വര്‍ഗ്ഗീയ ശക്തികളോട് സന്ധി ചെയ്യുന്നത് ആത്മഹത്യാപരമാണെന്നും സി പി എം പ്രചരിപ്പിച്ചു. ഇസ്ലാമിക രാഷ്ട്രം എന്ന നിലപാടാണ് ജമാഅത്തെ ഇസ്ലാമി പിന്തുടരുന്നത്. ഇത് ഭൂരിപക്ഷ വര്‍ഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതുമാണ്. അതുകൊണ്ടുതന്നെ മുസ്ലിംലീഗിന്റെ നടപടി സമുദായ താല്പര്യത്തിന് എതിരാണെന്ന് മുസ്ലിം ജനവിഭാഗം തിരിച്ചറിയണമെന്ന സി പി എം പ്രചാരണവും കുറിക്കു കൊണ്ടു.

ലീഗ് വര്‍ഗീയ താല്‍പര്യങ്ങള്‍ക്കു കീഴടങ്ങുകയാണെന്നും യു ഡി എഫ് നേതൃത്വം മുസ്ലിം ലീഗ് ഏറ്റെടുക്കുകയാണെന്നുമുള്ള പ്രചാരണങ്ങളും തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഉയര്‍ന്നു നിന്നു.
പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ കനത്ത പരാജയമുണ്ടായിട്ടും കോണ്‍ഗ്രസ് ഒരു പരിഹാര ക്രിയക്കു തയ്യാറാകാത്തതും ന്യൂനപക്ഷങ്ങളെ യു ഡി എഫില്‍ നിന്നകറ്റി. ഈ കാര്യങ്ങളൊന്നും ശാസ്ത്രീയമായി വിശകലനം ചെയ്യാനോ പരിഹരിക്കാനോ തയ്യാറാവാതെയാണ് കോണ്‍ഗ്രസ് മുന്നോട്ടു പോകുന്നത് എന്നതിനാല്‍  കെ പി സി സി അന്വേഷണ സമിതി റിപ്പോര്‍ട്ടിന് രാഷ്ട്രീയ നിരീക്ഷകര്‍ പ്രത്യേക പ്രാധാന്യം കല്‍പ്പിക്കുന്നില്ല.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest