Kerala
വാര്‍ഡ് പ്രസിഡന്റുമാര്‍ക്ക് മാര്‍ഗരേഖയുമായി കെ പി സി സി
വാര്‍ഡ് കമ്മിറ്റി നേതാക്കള്‍ മാസത്തിലൊരിക്കല്‍ നിര്‍ബന്ധമായും വാര്‍ഡിലെ എല്ലാ വീടുകളിലും ഗൃഹസന്ദര്‍ശനം നടത്തണമെന്നാണ് പ്രധാന നിര്‍ദേശം.

തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ സംസ്ഥാനത്തെ വാര്‍ഡ് കമ്മിറ്റികള്‍ക്ക് മാര്‍ഗരേഖയുമായി കെ പി സി സി. വാര്‍ഡ് കമ്മിറ്റി നേതാക്കള്‍ മാസത്തിലൊരിക്കല്‍ നിര്‍ബന്ധമായും വാര്‍ഡിലെ എല്ലാ വീടുകളിലും ഗൃഹസന്ദര്‍ശനം നടത്തണമെന്നാണ് പ്രധാന നിര്‍ദേശം. വീടുകളുമായി ശക്തമായ ബന്ധം നിലനിര്‍ത്തണം. ജനങ്ങളുടെ സുഖദുഃഖങ്ങളില്‍ പങ്കാളികളായി സംഘടന പ്രവര്‍ത്തനം നടത്തേണ്ടത് വാര്‍ഡ് കമ്മിറ്റികളുടെ കടമയാണെന്നും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം ലിജു വാര്‍ഡ് പ്രസിഡന്റുമാര്‍ക്ക് അയച്ച മാര്‍ഗരേഖയില്‍ പറയുന്നു.
പാര്‍ട്ടികള്‍ ഫ്ളാറ്റുകളുമായും റസിഡന്റ്സ് അസോസിയേഷനുകളുമായും നല്ല ബന്ധം സൂക്ഷിക്കണം. പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കണം. അവര്‍ക്ക് സര്‍ക്കാരില്‍ നിന്നു ലഭിക്കേണ്ട സേവനങ്ങള്‍ പാര്‍ട്ടി ഇടപെട്ട് ഉറപ്പാക്കണം.
പാര്‍ട്ടി അനുഭാവികളായ തൊഴിലുറപ്പ് പദ്ധതികള്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണ്‍വാടി വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരെ സംഘടിപ്പിക്കണം. കര്‍ഷക ക്ഷേമനിധി ഉള്‍പ്പെടെയുള്ള ക്ഷേമനിധികളില്‍ അര്‍ഹരായവര്‍ക്ക് അംഗത്വമെടുത്ത് നല്‍കണം. മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ചികിത്സ സഹായനിധികളില്‍ അര്‍ഹരായവര്‍ക്ക് അംഗത്വമെടുത്ത് നല്‍കണമെന്നും മാര്‍ഗരേഖയില്‍ ആവശ്യപ്പെടുന്നു.