Connect with us

Kerala

കെപിസിസി പ്രസിഡന്റിന്റെ കത്ത് കിട്ടിയിട്ടില്ല; പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അഭിപ്രായം പറയും: കെ മുരളീധരന്‍

അഭിപ്രായം പറയാന്‍ പാടില്ലെന്ന് ആണെങ്കില്‍ അറിയിച്ചാല്‍ മതി, പിന്നെ വായ തുറക്കില്ല

Published

|

Last Updated

തിരുവനന്തപുരം |  കോണ്‍ഗ്രസിനെതിരായ പരസ്യ വിമര്‍ശത്തിന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അയച്ച കത്ത് കിട്ടിയിട്ടില്ലെന്ന് കെ മുരളീധരന്‍. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അഭിപ്രായം പറയുമെന്ന് മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തണം എന്ന് പറഞ്ഞാല്‍ നിര്‍ത്തും. പാര്‍ട്ടിക്ക് അകത്ത് പ്രവര്‍ത്തിക്കുന്ന നേരത്ത് അഭിപ്രായം പറയും. അഭിപ്രായം പറയാന്‍ പാടില്ലെന്ന് ആണെങ്കില്‍ അറിയിച്ചാല്‍ മതി, പിന്നെ വായ തുറക്കില്ല- കെ മുരളീധരന്‍ പറഞ്ഞു

വിമര്‍ശനങ്ങള്‍ പാര്‍ട്ടി വേദിക്ക് പുറത്ത് നടത്തിയെന്നാണ് കെ മുരളീധരനും എം കെ രാഘവനുമെതിരെ കെപിപിസിയുടെ വിമര്‍ശവനം. എന്നാല്‍ എവിടെയാണ് പാര്‍ട്ടി വേദിയെന്നും മുരളീധരന്‍ ചോദിച്ചു. രാഷ്ട്രീയ കാര്യ സമിതി വിളിക്കണമെന്നും എക്‌സിക്യൂട്ടീവ് വിളിക്കണമെന്നുമൊക്കെ പറഞ്ഞത് പാര്‍ട്ടി വേദിക്ക് വേണ്ടിയാണ്. അതിലെന്താണ് തെറ്റെന്ന് മനസ്സിലായിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസിനെ പരസ്യമായി വിമര്‍ശിച്ചുവെന്ന പേരില്‍ എം കെ രാഘവന് താക്കീത് നല്‍കുകയും കെ മുരളീധരന് പ്രസ്താവനകളില്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നല്‍കുകയും ചെയ്ത് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കത്തയക്കുകയായിരുന്നു

കോഴിക്കോട് നടന്ന ഒരു ചടങ്ങില്‍, കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഉപയോഗിച്ച് വലിച്ചെറിയല്‍ സംസ്‌കാരമാണെന്ന് എം കെ രാഘവന്‍ പറഞ്ഞിരുന്നു. മിണ്ടാതിരിക്കുന്നവര്‍ക്കെ പാര്‍ട്ടിയില്‍ സ്ഥാനമുള്ളു എന്നും രാഘവന്‍ വിമര്‍ശിച്ചിരുന്നു. ഇന്നു ആരും രാജാവ് നഗ്‌നനാണ് എന്ന പറയാന്‍ തയ്യാറല്ല. സ്ഥാനമാനം നഷ്ടപ്പെടുമെന്ന പേരില്‍ ആരും ഒന്നും പറയില്ല എന്നായിരുന്നു രാഘവന്റെ വാക്കുകള്‍. ഇതിനെ പിന്തുണച്ച് കെ മുരളീധരനും രംഘത്തെത്തിയിരുന്നു.കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വികാരമാണ് എം കെ രാഘവന്‍ പറഞ്ഞതെന്നായിരുന്നു അദ്ദേഹത്തെ പിന്തുണച്ചുള്ള മുരളീധരന്റെ പ്രതികരണം.

 

Latest