Congress Groupism
കെ പി സി സി പുനഃസംഘടന; വെടിനിർത്തലുമായി എ, ഐ ഗ്രൂപ്പുകൾ
കെ പി സി സി രാഷ്ട്രീയകാര്യസമിതി യോഗം വിളിച്ച് ചർച്ച ചെയ്യണമെന്ന ഗ്രൂപ്പ് നേതാക്കളുടെ ആവശ്യവും നേതൃത്വം അംഗീകരിച്ചിട്ടുണ്ട്
തിരുവനന്തപുരം | വിയോജിപ്പുകൾ നിലനിർത്തി തന്നെ കെ പി സി സി പുനഃസംഘടനയുമായി സഹകരിക്കാൻ എ, ഐ ഗ്രൂപ്പുകൾ ധാരണയിലെത്തി. പുനഃസംഘടനയിൽ മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടെയും അഭിപ്രായങ്ങൾ കൂടി പരിഗണിക്കുമെന്ന് നേതൃത്വം ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് ഗ്രൂപ്പുകൾ വെടിനിർത്താൻ തീരുമാനിച്ചത്.
കെ പി സി സി രാഷ്ട്രീയകാര്യസമിതി യോഗം വിളിച്ച് ചർച്ച ചെയ്യണമെന്ന ഗ്രൂപ്പ് നേതാക്കളുടെ ആവശ്യവും നേതൃത്വം അംഗീകരിച്ചിട്ടുണ്ട്. സമവായത്തിലെത്തിയ സാഹചര്യത്തിൽ കെ പി സി സി രാഷ്ട്രീയ കാര്യസമിതി യോഗം ഉടൻ വിളിക്കും. താഴേത്തട്ടിലെ പുനഃസംഘടനക്ക് മാനദണ്ഡം നിശ്ചയിക്കാൻ അഞ്ചംഗ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. അതേസമയം, മുതിർന്ന നേതാക്കൾ നൽകുന്ന പേരുകൾ കെ പി സി സി നേതൃത്വം അംഗീകരിക്കുന്നത് സംബന്ധിച്ച് തർക്കമുണ്ടായാൽ അത് സമവായത്തെ ബാധിച്ചേക്കും. പാർട്ടിയിൽ സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പുനഃസംഘടന പാടില്ലെന്ന ഉറച്ച നിലപാട് മയപ്പെടുത്താൻ ഗ്രൂപ്പുകൾ തയ്യാറായിരിക്കുന്നത്. ഇതോടെ പുതിയ നേതൃത്വം വന്നതിന് ശേഷമുണ്ടായ അഭിപ്രായ ഭിന്നതകൾക്ക് താത്കാലിക പരിഹാരമാകുകയാണ്. ഗ്രൂപ്പ് നേതാക്കൾ പട്ടിക നൽകാത്തതിനാൽ പുനഃസംഘടന പാതിവഴിയിലായിരുന്നു.
തദ്ദേശ വാർഡുകളുടെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉൾപ്പെടെ ഗ്രൂപ്പ് നേതാക്കളുടെ പിന്നാക്കം പോക്ക് നേതൃത്വത്തെ വലക്കുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ്സിൽ നേതൃമാറ്റം നടന്നിരുന്നുവെങ്കിലും മുതിർന്ന നേതാക്കളുടെ അതൃപ്തിയും പരാതികളും പരിഹരിക്കാതെയാണ് മുന്നോട്ടുപോയിരുന്നത്.
ഇതിനിടെ പുതിയ നേതാക്കൾ മുതിർന്ന നേതാക്കളുടെ തീരുമാനങ്ങളെ പൂർണമായി അംഗീകരിക്കാതിരുന്നത് മൂലം ഉടലെടുത്ത അസ്വാരസ്യങ്ങൾ രമ്യമായി പരിഹരിക്കുന്നതിന് ദേശീയ നേതൃത്വം താത്പര്യം കാണിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് താത്കാലിക വെടിനിർത്തലിന് ഗ്രൂപ്പ് നേതൃത്വം നടപടി സ്വീകരിച്ചത്.