Connect with us

Kerala

കെ പി സി സി പുനസ്സംഘടന വേഗത്തിലാക്കും; വി ഡി സതീശന്റെ 'പ്ലാന്‍ 63'ന് ഹൈക്കമാന്‍ഡ് പിന്തുണ

2001ല്‍ കോണ്‍ഗ്രസ്സ് നേടിയ 63 സീറ്റുകള്‍ നിലനിര്‍ത്തേണ്ടതുണ്ടെന്നും ഈ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് മുന്നേറ്റമുണ്ടാക്കാന്‍ കഴിയൂവെന്നുമാണ് സതീശന്‍ അറിയിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | നേതൃമാറ്റ ചര്‍ച്ചകള്‍ക്ക് പിന്നാലെ കെ പി സി സി പുനസ്സംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡ്. ഇതിന് മുന്നോടിയായി ദീപാദാസ് മുന്‍ഷി കേരള നേതാക്കളുമായി നടത്തുന്ന കൂടിക്കാഴ്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. അതിനു ശേഷം കെ സി വേണുഗോപാലുമായി ആശയവിനിമയം നടത്തിയ ശേഷം കേരളത്തിലെ സ്ഥിതിഗതികള്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിക്കും. പ്രതിപക്ഷ നേതാവും കെ പി സി സി അധ്യക്ഷനും ഏകോപനമില്ലാതെ മുന്നോട്ട് പോകുന്നുവെന്ന പരാതികള്‍ക്കിടെയാണ് പുനസ്സംഘടന വേഗത്തില്‍ വേണമെന്ന ധാരണയിലേക്ക് ഹൈക്കമാന്‍ഡും നീങ്ങിയത്.

സുധാകരനെ മാറ്റണമെന്ന് ഒരുവിഭാഗം പറയുമ്പോള്‍ പകരം ആരെന്ന ചോദ്യത്തിന് കേരള നേതാക്കള്‍ക്കിടയില്‍ സമയവായമില്ല. അതും ദീപാദാസ് മുന്‍ഷി ഹൈക്കമാന്‍ഡിനെ അറിയിക്കും. അതിനിടെ, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ജയിക്കാനുള്ള, പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ‘പ്ലാന്‍ 63’ന് ഹൈക്കമാന്‍ഡ് പിന്തുണ നല്‍കി. പുതിയ തന്ത്രത്തിനെതിരെ പാര്‍ട്ടിക്കുള്ളിലെ ചില വിഭാഗങ്ങളില്‍ നിന്നും എതിര്‍പ്പുയര്‍ന്നെങ്കിലും വകവെക്കാതെ മുന്നോട്ട് പോകാനുളള നിര്‍ദേശമാണ് സതീശന് ഹൈക്കമാന്‍ഡില്‍ നിന്നും ലഭിച്ചതെന്നാണ് വിവരം. വി ഡി സതീശനും തന്റെ നിലപാട് ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.

2001ല്‍ കോണ്‍ഗ്രസ്സ് നേടിയ 63 സീറ്റുകള്‍ നിലനിര്‍ത്തേണ്ടതുണ്ടെന്നും ഈ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് മുന്നേറ്റമുണ്ടാക്കാന്‍ കഴിയൂവെന്നുമാണ് സതീശന്‍ അറിയിച്ചത്. 21 സിറ്റിംഗ് സീറ്റടക്കം കോണ്‍ഗ്രസ്സിന് ജയിക്കാവുന്ന 63 സീറ്റുകളിലെ തന്ത്രങ്ങളായിരുന്നു വി ഡി സതീശന്‍ രാഷ്ട്രീയകാര്യ സമിതില്‍ ഉന്നയിച്ചിരുന്നത്.

 

Latest