kr narayanan visual institute
വിദ്യാര്‍ഥി സമരത്തിനൊടുവില്‍ കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ രാജിവെച്ചു
കഴിഞ്ഞ 47 ദിവസമായി വിദ്യാര്‍ഥികള്‍ സമരം നടത്തുന്നുണ്ട്.
കോട്ടയം | കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവെച്ചു. സ്ഥാപനത്തിലെ അതിരൂക്ഷമായ ജാതി വിവേചനം ചൂണ്ടിക്കാട്ടി ഡയറക്ടര്‍ രാജിവെക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ 47 ദിവസമായി വിദ്യാര്‍ഥികള്‍ സമരം നടത്തുന്നുണ്ട്. അതേസമയം, തന്റെ രാജിക്ക് വിവാദങ്ങളുമായി ബന്ധമില്ലെന്ന് ശങ്കര്‍ മോഹന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മൂന്ന് വര്‍ഷത്തെ കാലാവധി അവസാനിച്ചതിനാലാണ് രാജി സമര്‍പ്പിച്ചതെന്ന് ശങ്കര്‍ മോഹന്‍ പറഞ്ഞു. സര്‍ക്കാറോ ചെയര്‍മാനോ തന്നോട് രാജിവെക്കാന്‍ പറഞ്ഞിട്ടില്ല. രണ്ട് ദിവസം മുമ്പ് ചെയര്‍മാന് രാജി നല്‍കിയതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഓഫീസിലും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലും നേരിട്ടെത്തിയാണ് അദ്ദേഹം രാജിക്കത്ത് നൽകിയത്.
മുന്‍ ചീഫ് സെക്രട്ടറി ജയകുമാര്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തി ഉന്നതതല അന്വേഷണ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. മുഖ്യമന്ത്രി അടക്കം ഇടപെട്ടാണ് ഈ സമിതിയെ നിയോഗിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് ശങ്കര്‍ മോഹന് എതിരാണെന്ന് സൂചനകളുണ്ടായിരുന്നു. രണ്ടാഴ്ച മുമ്പ് സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല.