Connect with us

Editorial

കെ എസ് ഇ ബിയുടെ ഷോക്ക്

നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വില വര്‍ധന മൂലം കടുത്ത പ്രയാസത്തിലൂടെ നീങ്ങുന്ന കേരളീയ ജനതയുടെ നടുവൊടിക്കുന്നതാണ് കെ എസ് ഇ ബിയുടെ പുതിയ നിരക്ക് വര്‍ധന.

Published

|

Last Updated

വൈദ്യുതി ബോര്‍ഡിന്റെ കെടുകാര്യസ്ഥതയുടെ പാപഭാരം പൊതുജനങ്ങളുടെ മേല്‍ കെട്ടിവെക്കുകയാണ് സര്‍ക്കാര്‍. രണ്ട് തവണയായി യൂനിറ്റിന്മേല്‍ 28 പൈസയുടെ അധിക ബാധ്യതയാണ് കെ എസ് ഇ ബി ഉപഭോക്താക്കളുടെ മേല്‍ കെട്ടിയേല്‍പ്പിക്കുന്നത്. ഈ മാസം ഒന്ന് മുതല്‍ യൂനിറ്റിന് 16 പൈസയും അടുത്ത ഏപ്രില്‍ മുതല്‍ വീണ്ടും 12 പൈസയുമാണ് വര്‍ധന. രണ്ട് വര്‍ഷത്തിനിടെ മൂന്നാം തവണയും 2016ല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അഞ്ചാം തവണയുമാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്. വീടുകളില്‍ വൈദ്യുതി ഉപയോഗിച്ചാലും ഇല്ലെങ്കിലും നല്‍കേണ്ട ഫിക്‌സഡ് ഫീസിലും വര്‍ധന വരുത്തി. പ്രതിമാസം 250 യൂനിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് അഞ്ച് മുതല്‍ 30 രൂപ വരെയും 250 യൂനിറ്റിനു മുകളില്‍ 40 മുതല്‍ 50 രൂപ വരെയുമാണ് വര്‍ധന. വര്‍ധിപ്പിച്ച വൈദ്യുതി നിരക്ക് ജൂലൈയില്‍ നടപ്പാക്കാനായിരുന്നു നേരത്തേ കെ എസ് ഇ ബിയുടെ തീരുമാനം. മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഈ മാസത്തേക്ക് നീട്ടിയത്.

ആഭ്യന്തര ഉത്പാദനത്തിലെ കുറവ് മൂലം പുറമെ നിന്ന് കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങേണ്ടി വരുന്നത് കാരണവും വര്‍ധിച്ചു വരുന്ന പ്രവര്‍ത്തന പരിപാലന ചെലവ് കാരണവും വൈദ്യുതി ബോര്‍ഡിന് വന്നുചേര്‍ന്ന അധിക ബാധ്യതയാണ് നിരക്ക് കൂട്ടുന്നതിന് കാരണമായി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറയുന്നത്. 70 ശതമാനം വൈദ്യുതി പുറത്ത് നിന്ന് വാങ്ങുകയാണത്രെ. ഇതിലുപരി ബോര്‍ഡിന്റെ കെടുകാര്യസ്ഥത, അഴിമതി, നിര്‍മാണത്തിലിരിക്കുന്ന ജലവൈദ്യുത പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതില്‍ വന്ന കാലതാമസം, ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ വരുത്തിയ പരിധിവിട്ട വര്‍ധന തുടങ്ങിയവയാണ് കെ എസ് ഇ ബിയുടെ നഷ്ടത്തിന് കാരണമെന്നാണ് അറിയുന്നത്. നിരക്ക് കൂട്ടുന്നതിന്റെ മുന്നോടിയായി റെഗുലേറ്ററി കമ്മീഷന്‍ നടത്തിയ തെളിവെടുപ്പില്‍ ഇക്കാര്യങ്ങള്‍ പലരും ചൂണ്ടിക്കാണിച്ചതാണ്.

ചെറുതും വലുതുമായ നിരവധി ജലവൈദ്യുത പദ്ധതികള്‍ നിര്‍മാണത്തിലുണ്ട് സംസ്ഥാനത്ത്. നിര്‍മാണം തുടങ്ങി ദശാബ്ദങ്ങള്‍ പിന്നിട്ടു ഇവയില്‍ പലതും. സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യുമെന്ന പ്രഖ്യാപനത്തോടെ ആരംഭിക്കുന്ന പദ്ധതികള്‍ പിന്നീട് പാതിവഴിയില്‍ നില്‍ക്കുകയാണ്. കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന ഈ പദ്ധതികള്‍ പൂര്‍ത്തിയാക്കിയാല്‍ ഉയര്‍ന്ന വിലക്ക് പുറത്തു നിന്ന് വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കാനാകും. അതുപോലെ 2,600 മെഗാവാട്ട് ശേഷിയുള്ള രാമക്കല്‍മേട്, അട്ടപ്പാടി, പാപ്പന്‍പാറ, മാമൂട്ടിമേട് തുടങ്ങി കാറ്റാടി വൈദ്യുത പദ്ധതികളും കെ എസ് ഇ ബിയുടെ പരിഗണനയിലുണ്ട്. നഷ്ടങ്ങളുടെ കണക്ക് പെരുപ്പിച്ചു കാണിച്ച് വര്‍ഷാവര്‍ഷം വൈദ്യുതി നിരക്ക് കൂട്ടുകയല്ലാതെ നിര്‍മാണത്തിലിരിക്കുന്നതും പരിഗണനയിലുള്ളതുമായ പദ്ധതികളുടെ പൂര്‍ത്തീകരണത്തില്‍ ബോര്‍ഡിനോ വൈദ്യുതി വകുപ്പിനോ ശ്രദ്ധയില്ല.
കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിക്കുന്നതിന് 2016ല്‍ അന്നത്തെ സര്‍ക്കാര്‍ ഒപ്പിട്ട കരാര്‍ റദ്ദാക്കിയതാണ് കെ എസ് ഇ ബിയുടെ പ്രവര്‍ത്തന ചെലവ് കൂടാന്‍ മറ്റൊരു കാരണം. ജിന്‍ഡാല്‍, ജാബുവ, ബാന്‍കോ, ഇന്ത്യ തെര്‍മല്‍ പവര്‍ ലിമിറ്റഡ് എന്നീ നാല് കമ്പനികളില്‍ നിന്ന് 25 വര്‍ഷത്തേക്ക് യൂനിറ്റിന് 4.15 രൂപ മുതല്‍ 4.29 രൂപ വരെയുള്ള നിരക്കില്‍ വൈദ്യുതി വാങ്ങാനായിരുന്നു കരാര്‍. അകാരണമായാണ് റഗുലേറ്ററി കമ്മീഷന്‍ ഈ കരാറുകള്‍ റദ്ദാക്കിയത്. പകരം 10.25 രൂപ മുതല്‍ 14 രൂപ വരെ നിരക്കിലാണ് നിലവില്‍ പുറമെ നിന്ന് വൈദ്യുതി വാങ്ങുന്നത്. നേരത്തേയുള്ള കരാര്‍ റദ്ദാക്കിയതിനു പിന്നിലെ കാരണം ദുരൂഹമാണ്. ഇതിന്റെ പിന്നില്‍ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം.

സംസ്ഥാനത്തിന്റെ നിലവിലെ പരമാവധി വൈദ്യുതി ആവശ്യകത 5,000-5,500 മെഗാവാട്ടാണ്. ആറ് വര്‍ഷം കൊണ്ടിത് 10,000 മെഗാവാട്ടായി ഉയരുമെന്നാണ് ഒക്ടോബര്‍ അവസാനം അപ്പര്‍ ചെങ്കുളം ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കവെ മന്ത്രി കൃഷ്ണന്‍ കുട്ടി പറഞ്ഞത്. അതേസമയം, കേരളത്തിന്റെ വൈദ്യുത ഉത്പാദന ശേഷി ഇതിനുമെത്രയോ മുകളിലാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ഏകദേശം 45,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട് കേരളത്തിനെന്നാണ് വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സസ്റ്റയിനബിള്‍ എനര്‍ജിയും വേള്‍ഡ് ലൈഫ് ഫണ്ടും ചേര്‍ന്ന് തയ്യാറാക്കിയ പഠന റിപോര്‍ട്ടില്‍ പറയുന്നത്.

വൈദ്യുതി ബോര്‍ഡ് ശമ്പളം കുത്തനെ വര്‍ധിപ്പിച്ചത് സര്‍ക്കാറുമായി ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായാണ്. നഷ്ടത്തിലോടുന്ന സ്ഥാപനമെന്ന നിലയില്‍ മന്ത്രിസഭയുടെ അനുമതിയോടെ മാത്രമേ കെ എസ് ഇ ബിയില്‍ ശമ്പള വര്‍ധന നടപ്പാക്കാവൂ എന്നാണ് ചട്ടം. ശമ്പള വര്‍ധന നടപ്പാക്കി പിന്നീട് സര്‍ക്കാറിന്റെ അനുമതി നേടുകയായിരുന്നു കെ എസ് ഇ ബിയുടെ രീതി. 2021 ജനുവരി 18ന് സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തില്‍ ഈ രീതി ഇനി പിന്തുടരരുതെന്നും സര്‍ക്കാറുമായി ചര്‍ച്ച നടത്തി മുന്‍കൂര്‍ അനുമതി നേടിയ ശേഷം മാത്രമേ ശമ്പളവും അലവന്‍സും വര്‍ധിപ്പിക്കാവൂ എന്നും നിര്‍ദേശം നല്‍കിയിരുന്നു. ഈ ഉത്തരവ് മറികടന്ന് സംസ്ഥാനത്തെ മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിലും ഇല്ലാത്ത വിധം ഉയര്‍ന്ന ശമ്പള വര്‍ധനവാണ് ബോര്‍ഡ് നടപ്പാക്കിയത്. ഇതോടെ ബോര്‍ഡിന്റെ പ്രവര്‍ത്തന ചെലവ് 36.1 ശതമാനത്തില്‍ നിന്ന് 46.5 ശതമാനമായി ഉയര്‍ന്നു. ശമ്പള വര്‍ധനവിന്റെ പേരില്‍ കെ എസ് ഇ ബിയില്‍ നടക്കുന്നത് ധൂര്‍ത്താണെന്ന് കഴിഞ്ഞ വര്‍ഷത്തെ റിപോര്‍ട്ടില്‍ സി എ ജി കുറ്റപ്പെടുത്തിയിരുന്നു. അനുമതിയില്ലാതെ ശമ്പള വര്‍ധന വരുത്തി ഉണ്ടാക്കിയ അധിക ഭാരം ജനങ്ങളുടെ മേല്‍ കെട്ടിവെക്കുന്നത് ന്യായീകരിക്കാവതല്ലെന്നും സി എ ജി ചൂണ്ടിക്കാട്ടിയിരുന്നു.
എനര്‍ജി ചാര്‍ജിനു പുറമെ ഫിക്‌സഡ് ചാര്‍ജ്, മീറ്റര്‍ വാടക, സെസ്സ്, സര്‍ചാര്‍ജ്, ഡെപ്പോസിറ്റ്, അഡ്വാന്‍സ് ഡെപ്പോസിറ്റ്, പീക്ക് അവര്‍ അധികനിരക്ക് എന്നിങ്ങനെ പല പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കുന്നുണ്ട് കെ എസ് ഇ ബി. ഈ പിടിച്ചുപറിക്ക് എന്ത് ന്യായീകരണമെന്ന ചോദ്യത്തിന് ബന്ധപ്പെട്ടവര്‍ക്ക് മറുപടിയില്ല. നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വില വര്‍ധന മൂലം കടുത്ത പ്രയാസത്തിലൂടെ നീങ്ങുന്ന കേരളീയ ജനതയുടെ നടുവൊടിക്കുന്നതാണ് കെ എസ് ഇ ബിയുടെ പുതിയ നിരക്ക് വര്‍ധന.

Latest