Connect with us

Kerala

ആയിരം രൂപക്ക് മുകളിലുള്ള കെ എസ് ഇ ബി ബില്ലുകള്‍ ഇനി മുതല്‍ ഓണ്‍ലൈനായി അടക്കണം

അടുത്ത തവണ മുതല്‍ ഇത് നിര്‍ബന്ധമായി നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി

Published

|

Last Updated

തിരുവനന്തപുരം |  ആയിരം രൂപക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകള്‍ ഇനി കൗണ്ടറുകളില്‍ നേരിട്ട് സ്വീകരിക്കില്ലെന്ന് കെഎസ്ഇബി . ഇത്തരം ബില്ലുകള്‍ ഓണ്‍ലൈനായി അടക്കാനാണ് കെഎസ്ഇബി ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ആയിരത്തിന് മുകളില്‍ ബില്ലുകള്‍ വരുന്ന ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ ബേങ്കിങ്ങും യുപിഐ ഡിജിറ്റല്‍ വാലറ്റുകളും ഉപയോഗിക്കേണ്ട സ്ഥിതിയാണ്.

അടുത്ത തവണ മുതല്‍ ഇത് നിര്‍ബന്ധമായി നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ബുദ്ധിമുട്ടുള്ളവക്ക് വളരെ കുറച്ചു തവണ മാത്രം ഇളവ് നല്‍കിയാല്‍ മതിയെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. 500 രൂപക്ക് മുകളിലുള്ള ബില്ലുകളും കൗണ്ടറുകളില്‍ അടയ്ക്കുന്നത് നിരുത്സാഹപ്പെടുത്തും. തീരുമാനം എല്ലാ തരം ഉപഭോക്താക്കള്‍ക്കും ബാധകമാണ്. നിലവില്‍ ഏതാണ്ട് പാതി ഉപഭോക്താക്കളും പണമടയ്ക്കുന്നത് ഡിജിറ്റലായെന്ന് കെഎസ്ഇബി പറയുന്നു. പണം പിരിവ് പൂര്‍ണമായും ഡിജിറ്റലാക്കണമെന്ന് മെയ് 12ന് ചേര്‍ന്ന ബോര്‍ഡ് യോഗം നിര്‍ദ്ദേശിച്ചിരുന്നു. ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന് കാട്ടി ഊര്‍ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കിയ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് ഇപ്പോഴത്തെ നടപടി.അതേസമയം പ്രീപെയ്ഡ് കണക്ഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള മുന്നൊരുക്കമായാണ് പുതിയ നടപടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.