Kerala
കെ എസ് ഇ ബി ഇന്ധന സര്‍ചാര്‍ജ്: പൊതു തെളിവെടുപ്പ് 12ന്
വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പൊതു തെളിവെടുപ്പ്

തിരുവനന്തപുരം | ഉപഭോക്താക്കളില്‍ നിന്ന് ഇന്ധന സര്‍ചാര്‍ജ് ഈടാക്കാന്‍ കെ എസ് ഇ ബി നല്‍കിയ അപേക്ഷയില്‍ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഈ മാസം 12ന് പൊതു തെളിവെടുപ്പ് നടത്തുന്നു. പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നതിനുള്ള പൊതു തെളിവെടുപ്പ് 12ന് രാവിലെ 11ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് നടക്കുക.
2022 ജൂലൈ മുതല്‍ സെപ്തംബര്‍ വരെയും 2022 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുമുള്ള കാലയളവില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനും വാങ്ങുന്നതിനും കമ്മീഷന്‍ അംഗീകരിച്ച ഇന്ധന ചെലവിനേക്കാള്‍ ഇന്ധന വിലയിലുണ്ടായ വര്‍ധനവ് മൂലമുണ്ടായ അധികബാധ്യത, ഇന്ധന സര്‍ചാര്‍ജ്ജായി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാനുള്ള അപേക്ഷയിലാണ് പൊതു തെളിവെടുപ്പ് നടത്തുന്നത്. 2022 ഡിസംമ്പര്‍ ഒമ്പതിനും കഴിഞ്ഞ ഫെബ്രുവരി 15നും കെ എസ് ഇ ബി നല്‍കിയ പെറ്റീഷനുകള്‍ കമ്മീഷന്റെ www.erckerala.org വെബ്‌സൈറ്റില്‍ ലഭ്യമാണ്.
തെളിവെടുപ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഈ മാസം 11ന് ഉച്ച 12ന് മുമ്പ് പേരും വിശദവിവരങ്ങളും കമ്മീഷന്‍ സെക്രട്ടറിയെ kserc@erckerala.org എന്ന ഇ-മെയില്‍ വഴി അറിയിക്കണം. തപാല്‍ മുഖേനയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം.
അഭിപ്രായങ്ങള്‍ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍, കെ പി എഫ് സി ഭവനം, സി വി രാമന്‍പിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695 010 എന്ന വിലാസത്തില്‍ ഏപ്രില്‍ 12 അഞ്ചുമണി വരെ സ്വീകരിക്കും.