Kerala
കെഎസ്ഇബി ഓഫീസ് അക്രമം; വൈദ്യുതി വിച്ഛേദിച്ച നടപടിയില്‍ പ്രതിഷേധിച്ച് ഉപഭോക്താക്കള്‍
കെസ്ഇബിയുടേത് പ്രതികാര നടപടിയാണെന്നും നിയമപരമായി നേരിടുമെന്നും യൂത്ത് കോണ്‍ഗ്രസ്
തിരുവനമ്പാടി | കെഎസ്ഇബി ജീവനക്കാരനെ മര്‍ദ്ദിച്ചയാളുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ച നടപടിയില്‍ പ്രതിഷേധം. തിരുവമ്പാടി സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ അജ്മലിന്റെ വീട്ടിലെ വൈദ്യുതി കണക്ഷനാണ് വിച്ഛേദിച്ചത്. ഇതിന് പിന്നാലെ കെഎസ്ഇബി നടപടിക്കെതിരെ പ്രതിഷേധവുമായി അജ്മലിന്റെ മാതാപിതാക്കള്‍ രംഗത്തെത്തി. തിരുവമ്പാടി കെഎസ്ഇബി ഓഫീസിന് മുന്നില്‍ മെഴുകുതിരി കത്തിച്ചാണ് അജ്മലിന്റെ പിതാവ് റസാഖും മാതാവും പ്രതിഷേധിച്ചത്. ഇതിനിടെ അജ്മലിന്റെ പിതാവ് റസാഖ് കുഴഞ്ഞു വീണു. തുടര്‍ന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
വൈദ്യുതി ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് അജ്മലിന്റെ വീട്ടിലെ വൈദ്യുതി കണക്ഷന്‍ കഴിഞ്ഞ ദിവസം വിച്ഛേദിച്ചിരുന്നു. അജ്മലിന്റെ പിതാവിന്റെ പേരിലാണ് വൈദ്യുതി കണക്ഷനുള്ളത്. പിന്നീട് ബില്‍ അടച്ചതിനെ തുടര്‍ന്ന് വൈദ്യുതി കണക്ഷന്‍ പുനസ്ഥാപിക്കാനെത്തിയ ജീവനക്കാരെ അജ്മല്‍ കയ്യേറ്റം ചെയ്യുകയായിരുന്നു.
അസി.എന്‍ജീനിയര്‍ പ്രശാന്ത് നല്‍കിയ പരാതിയില്‍ അജ്മലിനെതിരെ പൊലീസ് കേസെടുത്തു. ഇത് ചോദ്യം ചെയ്ത് ഇന്ന് രാവിലെ അജ്മലും സുഹൃത്തും കെഎസ്ഇബി ഓഫീസിലെത്തി ഓഫീസ് തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ജീവനക്കാര്‍ ചേര്‍ന്ന് അജ്മലിനെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് ബോര്‍ഡ് ചെയര്‍മാന്‍ അജ്മലിന്റെ വീട്ടിലെ വൈദ്യുത ബന്ധം വീണ്ടും വിച്ഛേദിക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍ കെസ്ഇബിയുടേത് പ്രതികാര നടപടിയാണെന്നും നിയമപരമായി നേരിടുമെന്നും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.