cyclone gulab
അണക്കെട്ടുകൾ തുറക്കേണ്ട സാഹചര്യമില്ലെന്ന് കെ എസ് ഇ ബി
അണക്കെട്ടുകളുടെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നറിയിച്ചത്
തിരുവനന്തപുരം | ഗുലാബ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ കെ എസ് ഇ ബിയുടെ കീഴിലുള്ള സംസ്ഥാനത്തെ അണക്കെട്ടുകൾ തുറക്കേണ്ടസാഹചര്യമില്ലെന്ന് കെ എസ് ഇ ബി അധികൃതർ വ്യക്തമാക്കി. അണക്കെട്ടുകളുടെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നറിയിച്ചത്. പ്രധാന ജലസംഭരണികളായ ഇടുക്കി, ഇടമലയാർ, ബാണാസുര സാഗർ എന്നിവിടങ്ങളിൽ ഇപ്പോഴത്തെ സംഭരണശേഷി അപ്പർ റൂൾ ലെവലിനു വളരെയധികം താഴെയാണെന്നതിനാൽ ഇവിടങ്ങളിൽ നിന്ന് താഴേക്ക് ജലം തുറന്നുവിടേണ്ട സാഹചര്യം ഇപ്പോൾ നിലവിൽ ഇല്ല.
കെ എസ് ഇ ബിയുടെ പ്രധാന അണക്കെട്ടുകളായ ഇടുക്കിയിൽ ആകെ സംഭരണശേഷിയുടെ 79.86 ശതമാനവും ഇടമലയാർ 81.15 ശതമാനവും ബാണാസുര സാഗർ 81.07 ശതമാനവുമാണ് ജലമാണുള്ളത്. മറ്റൊരു പ്രധാന ജലസംഭരണിയായ കക്കിയിൽ ഇപ്പോൾ 79.38 ശതമാനം ജലമുണ്ട്. അപ്പർ റൂൾ ലെവലിലേക്ക് എത്താൻ ഇനിയും 1.15 മീറ്റർ (16.42 ദശലക്ഷം ഘനമീറ്റർ) ശേഷിക്കുന്നുണ്ട്. ഇവിടെ നിന്നുള്ള ജലം ഉപയോഗിച്ച് ശബരിഗിരി പദ്ധതിയിൽ പരമാവധി ശേഷിയിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. അതേസമയം കുണ്ടള, പെരിങ്ങൽക്കുത്ത്, മൂഴിയാർ ജലസംഭരണികൾ നിറഞ്ഞതോടെ ജില്ലാ ദുരന്തനിവാരണ സമിതി അനുമതിയോടെ നിയന്ത്രിത തോതിൽ ജലം പുറത്തേക്ക് ഒഴുക്കിതുടങ്ങിയിട്ടുണ്ട്. ഒപ്പം ലോവർ പെരിയാറും കല്ലാർക്കുട്ടിയും തുറന്നിട്ടുണ്ട്.
പറമ്പിക്കുളം ആളിയാർ കരാറിന്റെ ഭാഗമായ കേരള ഷോളയാറിൽ നിലവിലുള്ള രണ്ട് മെഷീനും പൂർണതോതിൽ പ്രവർത്തിപ്പിച്ച് ജലം നിയന്ത്രിക്കുന്നുണ്ട്. ഇവിടെ പൂർണ ജലനിരപ്പിലെത്താൻ ഇനിയും 1.60 അടി കൂടി വേണമെന്നിരിക്കെ ഇതും തുറക്കേണ്ട സാഹചര്യമില്ല. ചാലക്കുടിപ്പുഴയിലെ ജലനിയന്ത്രണം ഉറപ്പാക്കുന്നതിന് തമിഴ്‌നാട് സർക്കാരുമായി നിരന്തരം ബന്ധപ്പെട്ടുവരുന്നുണ്ട്. സ്ഥിതിഗതികൾ കെ എസ് ഇ ബി ലിമിറ്റഡിന്റെ ഡാം സുരക്ഷാ വിഭാഗത്തിന്റെ നിരന്തര നിരീക്ഷണത്തിലാണ്.
കേന്ദ്ര ജല കമ്മീഷന്റെ കീഴിലുള്ള അരങ്ങാലി എന്ന ജലം അളക്കുന്ന സ്ഥലത്ത് ചാലക്കുടി പുഴയിൽ 1.32 മീറ്റർമാത്രമാണ് ഇപ്പോഴത്തെ ജലനിരപ്പ്. അപകടനില 8.10 മീറ്റർ ആണെന്നിരിക്കെ ചാലക്കുടി നദീതടത്തിൽ ആശങ്കാജനകമായ അവസ്ഥ നിലവിലില്ലെന്നും കെ എസ് ഇബി അറിയിച്ചു. നിലവിൽ പറമ്പിക്കുളം ജലസംഭരണിയിൽ നിന്ന് 4400 ക്യുബിക്‌സ് ജലം ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കുന്നുണ്ട്.