Kerala
കെഎസ്ഇബി സമരം സമവായത്തിലേക്ക്; വൈദ്യുതി മന്ത്രി ഓഫിസേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളുമായി ഇന്ന് ചര്‍ച്ച നടത്തും
ഇന്ന് നടത്തുന്ന ചര്‍ച്ചയില്‍ സമരം അവസാനിപ്പിക്കുന്നതിനുള്ള ധാരണ ഉണ്ടായേക്കുമെന്നാണ് സൂചന
തിരുവനന്തപുരം | കെഎസ്ഇബി സമരം അവസാനിപ്പിക്കാന്‍ വകുപ്പ് മന്ത്രി ഇടപെടുന്നു. പ്രശ്‌നപരിഹാരത്തിനായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി ഓഫിസേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളുമായും ചെയര്‍മാന്‍ ബി അശോകുമായും ഇന്ന് കൂടിക്കാഴ്ച നടത്തും. ഓഫിസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വൈദ്യുതി ഭവന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹവും നിരാഹാര സമരവും തുടരുന്ന സാഹചര്യത്തിലാണിത്.സംഘടന ഭാരവാഹികളുടെ സസ്‌പെന്‍ഷന്‍ പിന്‍വിലക്കുക, ചെയര്‍മാന്റെ ഏകാധിപത്യ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യഗ്രഹ സമരം നടക്കുന്നത്.
എന്നാല്‍ ചെയര്‍മാനെ മാറ്റണമെന്ന ആവശ്യം ആരും ഉന്നയിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ന് നടത്തുന്ന ചര്‍ച്ചയില്‍ സമരം അവസാനിപ്പിക്കുന്നതിനുള്ള ധാരണ ഉണ്ടായേക്കുമെന്നാണ് സൂചന. ചെയര്‍മാന്റെ സമീപനം തിരുത്തിയില്ലെങ്കില്‍ ചട്ടപ്പടി സമരത്തിലേക്ക് നീങ്ങേണ്ടി വരുമെന്ന മുന്നറിയിപ്പും ഓഫീസേഴ്‌സ് അസോസിയേഷന്‍ നല്‍കിയിട്ടുണ്ട്.
ഇതിനിടെ കെഎസിഇബി തര്‍ത്തക്കത്തില്‍ ചെയര്‍മാന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കി. തൊഴിലാളി സംഘടനകള്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുകയാണെന്നു മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം മുഖ്യമന്ത്രി ഒരുക്കണമെന്നുമാണ് കത്തില്‍ പറയുന്നത് .