Connect with us

From the print

കല്‍ക്കരി വൈദ്യുതി കേന്ദ്രങ്ങളുമായി കൈകോര്‍ക്കാന്‍ കെ എസ് ഇ ബി

ജനുവരിക്ക് മുമ്പായി കോള്‍ ഇന്ത്യ ലിമിറ്റഡുമായി കരാര്‍ ഒപ്പിടും.

Published

|

Last Updated

പാലക്കാട് | വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കല്‍ക്കരി താപവൈദ്യുത നിലയങ്ങളുമായി സഹകരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കെ എസ് ഇ ബി ഒരുങ്ങുന്നു. ജലവൈദ്യുത പദ്ധതികള്‍ സ്ഥാപിക്കുന്നതിനുള്‍പ്പെടെയുള്ള തടസ്സങ്ങള്‍ കാരണം സംസ്ഥാനത്ത് ഉപഭോഗത്തിന് അനുസരിച്ചുള്ള വൈദ്യുതി ഉത്പാദനം നടക്കുന്നില്ല. ഇതുമൂലം പ്രതിസന്ധി സമയത്ത് അമിത തുക നല്‍കിയാണ് വൈദ്യുതി വാങ്ങുന്നത്. ഇത് കെ എസ് ഇ ബിയെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇതൊഴിവാക്കാനാണ് കല്‍ക്കരി വൈദ്യുതി കേന്ദ്രങ്ങളുമായി സഹകരിക്കാനൊരുങ്ങുന്നത്.

വൈദ്യുതി ക്ഷാമം നേരിടുന്ന സംസ്ഥാനങ്ങളെ സഹായിക്കുന്നതിന് കേന്ദ്ര ഊര്‍ജമന്ത്രാലയം ‘ശക്തി’ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം ഇതര സംസ്ഥാനങ്ങളില്‍ വൈദ്യുതി പ്ലാന്റുകളില്‍ അഞ്ച് വര്‍ഷത്തേക്ക് 4,500 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ച് വൈദ്യുതി സംഭരിക്കാനാകും. ഈ വര്‍ഷം കേന്ദ്ര ഊര്‍ജമന്ത്രാലയം സംസ്ഥാനത്തിന് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. വൈദ്യുതി ഉത്പാദനത്തിനും കല്‍ക്കരി വാങ്ങുന്നതിനുമുള്ള കരാര്‍ കോള്‍ ഇന്ത്യാ ലിമിറ്റഡുമായാണ് ഒപ്പിടേണ്ടത്.

ജനുവരിക്ക് മുമ്പ് കരാര്‍ ഒപ്പുവെക്കും. ഇപ്രകാരം ലഭ്യമാകുന്ന വൈദ്യുതി യൂനിറ്റിന് അഞ്ച് രൂപക്ക് നല്‍കാനാകും. ഇത് ബോര്‍ഡിന് മാത്രമല്ല, ജനങ്ങള്‍ക്കും വളരെ ഉപകാരപ്രദമായിരിക്കുമെന്നും കെ എസ് ഇ ബി അധികൃതര്‍ അറിയിച്ചു.

ഈയിടെ നടന്ന വൈദ്യുതി താരിഫ് സംബന്ധിച്ച ഹിയറിംഗില്‍ ചാര്‍ജ് വര്‍ധനക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നിരുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഇനിയും അമിത നിരക്കില്‍ വൈദ്യുതി വാങ്ങി ഉയര്‍ന്ന നിരക്ക് ഈടാക്കാന്‍ സാധിക്കില്ല. ഇത് മുന്‍കൂട്ടി കണ്ടാണ് കല്‍ക്കരി വൈദ്യുത നിലയങ്ങളുമായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ കരാര്‍ ഒപ്പിടാന്‍ തീരുമാനം. 2,000ത്തില്‍ കെ എസ് ഇ ബി ഒഡിഷ ഹൈഡ്രോ പവര്‍ കോര്‍പറേഷന്‍, ഗുജറാത്ത് പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ്, ഒഡിഷയിലെ താര്‍ച്ചറല്‍ സ്വകാര്യ കമ്പനി എന്നിവയുമായി വൈദ്യുതി ഉത്പാദിപ്പിച്ച് വൈദ്യുതി വാങ്ങുന്നതിന് കരാര്‍ ഒപ്പിടാന്‍ തയ്യാറായിരുന്നു. എന്നാല്‍ മൂന്ന് കമ്പനികള്‍ക്ക് കല്‍ക്കരി ലഭ്യമാക്കുന്നതിനുള്ള തടസ്സം കാരണം പിന്‍വലിക്കേണ്ടിവന്നു. എന്നാല്‍ കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ ‘ശക്തി’ പദ്ധതിയാണ് വീണ്ടും ഇത്തരം സംരംഭം നടപ്പാക്കാന്‍ കെ എസ് ഇ ബിയെ പ്രേരിപ്പിച്ചത്.

 

Latest