Kerala
ഡിസംബര്‍ ഒന്ന് മുതല്‍ എല്ലാ ഉപഭോക്തൃ സേവനങ്ങളും ഓണ്‍ലൈനാക്കാന്‍ കെഎസ്ഇബി
ഏതെങ്കിലും ഓഫീസില്‍ നേരിട്ട് അപേക്ഷ സ്വീകരിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ചെയര്‍മാന്‍ ബിജു പ്രഭാകര്‍ പറഞ്ഞു.

തിരുവനന്തപുരം| ഡിസംബര്‍ ഒന്ന് മുതല്‍ എല്ലാ ഉപഭോക്തൃ സേവനങ്ങളും ഓണ്‍ലൈന്‍ ആക്കാനൊരുങ്ങി കെഎസ്ഇബി. പുതിയ കണക്ഷന്‍ എടുക്കുന്നതുള്‍പ്പെടെ എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ ആകും. പുതിയതായി ഉപഭോക്തൃ സേവന വിഭാഗം രൂപീകരിക്കാനും തീരുമാനമായി.
ഏതെങ്കിലും ഓഫീസില്‍ നേരിട്ട് അപേക്ഷ സ്വീകരിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ചെയര്‍മാന്‍ ബിജു പ്രഭാകര്‍ പറഞ്ഞു. ആദ്യം ലഭിക്കുന്ന അപേക്ഷ ആദ്യം പരിഗണിക്കണം. അപേക്ഷകള്‍ സ്വീകരിച്ചാല്‍ രണ്ട് പ്രവൃത്തി ദിവസത്തിനുള്ളില്‍ തുകയെത്രയെന്ന് അറിയിക്കണം. തുടര്‍ നടപടികള്‍ വാട്ട്സ്ആപ്പിലും എസ്എംഎസ്സായും ഉപഭോക്താവിന് ലഭിക്കുന്നതാണ്. വിതരണ വിഭാഗം ഡയറക്ടര്‍ ഇത് കൃത്യമായി നിരീക്ഷിച്ച് ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളുടെ സേവനത്തിനും പരാതി പരിഹാരത്തിനുമായി വിതരണ വിഭാഗം ഡയറക്ടറുടെ കീഴില്‍ കസ്റ്റമര്‍ കെയര്‍ സെല്ല് തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും ഓരോ കസ്റ്റമര്‍ കെയര്‍ സെന്റര്‍ വീതം തുടങ്ങും. ഐടി വിഭാഗത്തിന്റെ കീഴിലായിരുന്ന കെഎസ്ഇബിയുടെ 1912 കാള്‍ സെന്റര്‍ ഇനി കസ്റ്റമര്‍ കെയര്‍ സെല്ലിന്റെ ഭാഗമാവും. ഇംഗ്ലീഷിലുള്ള കെഎസ്ഇബിയുടെ വെബ്സൈറ്റില്‍ മലയാളവും പറ്റുമെങ്കില്‍ തമിഴും കന്നട ഭാഷയും ഉള്‍പ്പെടുത്തണമെന്നും തീരുമാനമായി.