Kerala
കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം ; വനിതാദിനത്തില്‍ വനിതകള്‍ക്കായി വിനോദയാത്ര
ഈമാസം എട്ട് മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ കോഴിക്കോട് ഡിപ്പോയില്‍ നിന്ന് വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് വനിതാ യാത്രികര്‍ക്ക് സവാരി പോകാം
കോഴിക്കോട് |ലോക വനിതാദിനത്തോടനുബന്ധിച്ച് വനിതകള്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് പ്രത്യേക ട്രിപ്പുകളൊരുക്കി കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്‍. ഈമാസം എട്ട് മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ കോഴിക്കോട് ഡിപ്പോയില്‍ നിന്ന് വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് വനിതാ യാത്രികര്‍ക്ക് സവാരി പോകാം. വനിതാ സംഘടനകള്‍ക്കും ഗ്രൂപ്പുകള്‍ക്കുമായാണ് ട്രിപ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇവര്‍ക്ക് മുന്‍കൂട്ടി ബുക്കിംഗ് നടത്താം. നെല്ലിയാമ്പതി, ജാനകിക്കാട്, വയനാട്, മലമ്പുഴ, വണ്ടര്‍ലാ, ഗവി, സൈലന്റ് വാലി, വാഗമണ്‍ തുടങ്ങിയ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുളള പാക്കേജുകളാണ് നിലവിലുള്ളത്. ഇതിന് പുറമേ, കൂടുതല്‍ വനിതകള്‍ പുത്തന്‍ സ്ഥലങ്ങളുടെ ആശയങ്ങളുമായി സമീപിച്ചാല്‍ അവിടേക്കും ട്രിപ്പുകള്‍ സജ്ജീകരിക്കും.
ഇത് കൂടാതെ വനിതാദിനത്തില്‍ സ്ത്രീകള്‍ക്കായി വണ്ടര്‍ലാ, ജാനകിക്കാട്, പെരുവണ്ണാമൂഴികരിയാത്തന്‍ പാറ, വാഗമണ്‍, കുമളി സ്‌പെഷ്യല്‍ ട്രിപ്പുകളുണ്ടാകും. നിരക്കിളവോടെയാണ് എല്ലാ ട്രിപ്പുകളും ഒരുക്കുന്നത്.
എട്ടിന് വണ്ടര്‍ലാ വാട്ടര്‍ തീം പാര്‍ക്കിലേക്കുളള യാത്രക്കുള്ള ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. പ്രവേശന ഫീസും യാത്രാ നിരക്കും ഉള്‍പ്പടെ 1,935 രൂപയാണ് ഒരാള്‍ക്ക് ഈടാക്കുന്നത്. രാവിലെ നാലിന് പുറപ്പെട്ട് വൈകിട്ട് ആറിന് തിരിച്ചെത്തുന്ന രീതിയിലാണ് ഈ യാത്ര ക്രമീകരിച്ചിരിക്കുന്നത്.
ജാനകിക്കാട്, പെരുവണ്ണാമൂഴി, കരിയാത്തന്‍ പാറ എന്നിവിടങ്ങളിലേക്ക് 360 രൂപയാണ് നിരക്ക്. രാവിലെ നാലിന് പുറപ്പെട്ട് വൈകിട്ട് ആറിന് തിരിച്ചെത്തും. വാഗമണ്‍- കുമളി മൂന്ന് ദിവസത്തെ യാത്രക്ക് ഭക്ഷണം, യാത്ര, താമസം ഉള്‍പ്പെടെ 4,430 രൂപയാണ് ഈടാക്കുന്നത്. ബുക്കിംഗിനായി കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്ലിന്റെ 9846100728, 9544477954, 99617 61708 നമ്പറുകളില്‍ ബന്ധപ്പെടാം. അവധിക്കാലം ആഘോഷിക്കാന്‍ ജില്ലയില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേ്ക്ക് വിനോദയാത്ര തുടങ്ങുന്നതും പരിഗണനയിലുണ്ടെന്ന് കോഴിക്കോട് ഡിപ്പോയിലെ ടൂര്‍ കോ-ഓര്‍ഡിനേറ്റര്‍ പി കെ ബിന്ദു പറഞ്ഞു. യാത്രകള്‍ക്ക് 38 പേര്‍ക്ക് സഞ്ചരിക്കാവുന്ന സൂപ്പര്‍ ഡീലക്‌സ് പുഷ്ബാക്ക് ബസുകള്‍ ലഭ്യമാണ്.