Connect with us

Kerala

കെഎസ്ആര്‍ടിസി ബസ് തടഞ്ഞ കേസ്; ആര്യ രാജേന്ദ്രന്റെയും സച്ചിന്‍ദേവിന്റെയും മൊഴി ഇന്ന് രേഖപ്പെടുത്തും

എംഎല്‍എ ബസില്‍ അതിക്രമിച്ചു കയറിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം.

Published

|

Last Updated

തിരുവനന്തപുരം| കെഎസ്ആര്‍ടിസി ബസ് തടഞ്ഞ കേസില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെയും സച്ചിന്‍ദേവ് എംഎല്‍എയുടെയും മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. എംഎല്‍എ ബസില്‍ അതിക്രമിച്ചു കയറിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം. കെ എസ് ആര്‍ ടി സി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ മേയര്‍ക്കും എം എല്‍ എയ്ക്കുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, അസഭ്യം പറയല്‍ എന്നീ പരാതികളാണ് ഹരജിയില്‍ ആരോപിച്ചിരിക്കുന്നത്.

മേയറുടെ സഹോദരന്‍ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയും കേസെടുക്കാന്‍ കന്റോണ്‍മെന്റ് പോലീസിനോട് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ടേറ്റ് കോടതി 3 നിര്‍ദേശം നല്‍കി. പരാതി കോടതി പോലീസിന് കൈമാറി. പോലീസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാത്ത സാഹചര്യത്തിലാണ് ഡ്രൈവര്‍ കോടതിയെ സമീപിച്ചത്.

എന്നാല്‍ സമാനസ്വഭാവമുളള ഹരജിയില്‍ കഴിഞ്ഞ ദിവസം എടുത്ത കേസില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. യാത്രക്കിടെ ഡ്രൈവര്‍ ഒരു മണിക്കൂറിലേറെ ഫോണില്‍ സംസാരിച്ചുവെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ ബസ്സിലെ സി സി ടി വി മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കി. പാപ്പനംകോടുളള കെ എസ ആര്‍ ടി സി വര്‍ക്ക്ഷോപ്പില്‍ വെച്ചാണ് ക്യാമറകള്‍ സ്ഥാപിച്ചത്. ഇവിടെ നിന്നുള്ള രേഖകള്‍ പോലീസ് ശേഖരിച്ചു. ക്യാമറ സ്ഥാപിച്ചശേഷം ബസ് ഓടിച്ചവര്‍, ബസിലുണ്ടായിരുന്ന കണ്ടക്ടര്‍മാര്‍ എന്നിവരില്‍ നിന്നും മൊഴിയെടുക്കും.

 

 

 

Latest