Connect with us

ksrtc

കെ എസ് ആർ ടി സി ബസ് പിൻചക്രമില്ലാതെ ഓടിച്ചു; ഏഴ് ജീവനക്കാർക്ക് സസ്‌പെൻഷൻ

യാത്രക്കിടെ ബസിന്റെ പിൻഭാഗത്ത് നിന്ന് വലിയ ശബ്ദം കേട്ടതിനെ തുടർന്ന് ഡ്രൈവറും കണ്ടക്ടറും ഇറങ്ങി പരിശോധിച്ചപ്പോഴാണ് പിൻഭാഗത്ത് നാല് ടയറുകൾ വേണ്ട സ്ഥാനത്ത് മൂന്ന് ടയറുകളെ ഉള്ളൂവെന്ന് ബോധ്യപ്പെട്ടത്

Published

|

Last Updated

കോഴിക്കോട് | മതിയായ പിൻചക്രമില്ലാതെ കെ എസ് ആർ ടി സി ബസ് ഓടിച്ച ഏഴ് ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. നിലമ്പൂർ ഡിപ്പോയിലെ അഞ്ച് മെക്കാനിക്കുകൾക്കും ഒരു ടയർ ഇൻസ്‌പെക്ടർക്കും ഒരു വെഹിക്കിൾ സൂപ്പർ വൈസർക്കുമാണ് സസ്‌പെൻഷൻ. ഡിപ്പോയിൽ നിന്ന് ബസെടുക്കുന്നതിന് മുമ്പ് ടയറുകൾ പൂർണമായും ഉണ്ടോ എന്ന് പരിശോധന നടത്താതിരുന്ന ഡ്രൈവർക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല.

കഴിഞ്ഞ ഒക്ടോബർ ഏഴിന് രാവിലെ ആറിന് നിലമ്പൂർ ഡിപ്പോയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള സർവീസിനിടെയാണ് സംഭവം. യാത്രക്കിടെ ബസിന്റെ പിൻഭാഗത്ത് നിന്ന് വലിയ ശബ്ദം കേട്ടതിനെ തുടർന്ന് ഡ്രൈവറും കണ്ടക്ടറും ഇറങ്ങി പരിശോധിച്ചപ്പോഴാണ് പിൻഭാഗത്ത് നാല് ടയറുകൾ വേണ്ട സ്ഥാനത്ത് മൂന്ന് ടയറുകളെ ഉള്ളൂവെന്ന് ബോധ്യപ്പെട്ടത്. ഇതേ തുടർന്ന് സർവീസ് നിർത്തി യാത്രക്കാർക്ക് പണം തിരികെ നൽകി. തുടർന്ന് കെ എസ് ആർ ടി സി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരുടെ ഭാഗത്ത് ഗുരുതര വീഴ്ച കണ്ടെത്തിയത്.

സർവീസ് നടത്തുന്നതിന്റെ തലേ ദിവസമാണ് ബസിന്റെ ടയർ മറ്റൊരു സൂപ്പർഫാസ്റ്റ് ബസിന് ഊരിയിട്ടത്. ഇക്കാര്യം ടയർ ഇൻസ്‌പെക്ടർ വെഹിക്കിൾ സൂപ്പർവൈസറെ അറിയിക്കുകയോ ലോഗ് ഷീറ്റിൽ രേഖപ്പെടുത്തുകയോ ചെയ്തില്ല. ബസിന് റിപ്പയർ നടത്തിയത് ലോഗ് ഷീറ്റിൽ രേഖപ്പെടുത്താത്തതിനാണ് അഞ്ച് മെക്കാനിക്കുകൾക്കെതിരെ നടപടിയെടുത്തത്. ബസ് സർവീസിന് യോഗ്യമാണോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്താതിരുന്നത് വെഹിക്കിൾ സൂപ്പർവൈസറുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ചയാണെന്നും അന്വേഷണത്തിൽ കണ്ടെത്തി.

വെഹിക്കിൾ സൂപ്പർവൈസർ കെ സുബ്രഹ്മണ്യൻ, മെക്കാനിക്കുകളായ സുകുമാരൻ കെ പി, അനൂപ് കെ, അബ്ദുൽ ഗഫൂർ കെ ടി, രഞ്ജിത് കുമാർ ഇ, ടിപ്പു മുഹ്‌സിൻ എ പി, ടയർ ഇൻസ്‌പെക്ടർ എൻ അബ്ദുൽ അസീസ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

---- facebook comment plugin here -----

Latest