Connect with us

Kerala

കെ എസ് ആര്‍ ടി സി ബസുകള്‍ വഴിയില്‍ കുടുങ്ങി; കൊടുംവനത്തിനുള്ളില്‍ പെട്ട് യാത്രക്കാര്‍

പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ 5.30നും 6.30നും പുറപ്പെട്ട ബസുകളാണ് പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനത്തിന്റെ ഭാഗമായ വനപ്രദേശത്ത് കുടുങ്ങിയത്.

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ട-ഗവി-കുമളി റൂട്ടില്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് കെ എസ് ആര്‍ ടി സി ബസുകള്‍ വഴിയില്‍ കുടുങ്ങി. പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ 5.30നും 6.30നും പുറപ്പെട്ട ബസുകളാണ് പാതിവഴിയില്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനത്തിന്റെ ഭാഗമായ വനപ്രദേശത്ത് കുടുങ്ങിയത്. ദുഃഖവെള്ളി അവധി ദിനത്തില്‍ കുടുംബസമേതം സംസ്ഥാനത്തിന്റെ വിവധ ജില്ലകളില്‍ നിന്നുമെത്തിയവരായിരുന്നു യാത്രക്കാരില്‍ ഏറെയും.

രാവിലെ 5.30ന് പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് നിറയെ യാത്രക്കാരുമായി പുറപ്പെട്ട ബസ് കുമളിയില്‍ എത്തി മടങ്ങവേ സ്റ്റിയറിങ് ബോക്്സിന്റെ തകരാറിലായതിനെ തുടര്‍ന്നാണ് ഗവിക്ക് സമീപത്തായി വനത്തിനുളളില്‍ കുടങ്ങിയത്. 6.30ന് പത്തനംതിട്ടയില്‍ നിന്ന് ഗവിക്ക് പോയ കെ എസ് ആര്‍ ടി സി ബസ് ജോയിന്റ് ഓടിഞ്ഞ് കക്കിഡാമിന് സമീപത്തായും കാട്ടില്‍ പെട്ടു. ഈ പ്രദേശത്ത് മൊബൈല്‍ കവറേജ് ഇല്ലാത്തതിനാല്‍ ബസുകള്‍ കാടിനുളളില്‍ തകരാറിലായ വിവരം മണിക്കൂറുകള്‍ക്കു ശേഷമാണ് പത്തനംതിട്ട ഡിപ്പോയില്‍ അറിഞ്ഞത്. വൈകിട്ടോടെ പത്തനംതിട്ടയില്‍ നിന്ന് മറ്റൊരു കെ എസ് ആര്‍ ടി സി ബസ് എത്തിച്ച് യാത്രക്കാരെ കൊണ്ടുപോകാനാണ് ആലോചിക്കുന്നത്.

വനത്തിനുളളില്‍ ബസ് പണിമുടക്കിയതോടെ വന്യ മൃഗങ്ങള്‍ വിഹരിക്കുന്ന കാട്ടിനുള്ളില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന ചിന്ത മാത്രമാണ് ഉണ്ടായിരുന്നതെന്ന് മലപ്പുറത്തു നിന്നും എത്തിയ യാത്രക്കാര്‍ പറഞ്ഞു. 70 കിലോമീറ്ററോളം കൊടും വനത്തിലൂടെ കടന്നു പോകുന്ന പത്തനംതിട്ട-ഗവി-കുമളി റൂട്ടില്‍ കെ എസ് ആര്‍ ടി സിയുടെ പഴഞ്ചന്‍ ബസുകളാണ് സര്‍വീസ് നടത്തുന്നതെന്ന് പൊതുവെ ആക്ഷേപമുണ്ട്. ഇതിനിടെയാണ് ഒരു ദിവസം തന്നെ രണ്ടു ബസുകള്‍ യാത്രക്കാരുമായി വനത്തിനുളളില്‍ കുടുങ്ങിയത്. ഏതാനും ദിവസം മുമ്പും വനത്തിനുളളില്‍ കെ എസ് ആര്‍ ടി സി ബസ് യാത്രക്കാരുമായി കുടുങ്ങിയിരുന്നു.