ksrtc salary
കെ എസ് ആർ ടി സി ശമ്പള വിതരണം ഇന്ന് മുതൽ
സർവീസുകൾ മുടക്കരുതെന്ന് സി എം ഡി
തിരുവനന്തപുരം | കെ എസ് ആർ ടി സിയിൽ ഇന്ന് മുതൽ ശമ്പള വിതരണം ആരംഭിക്കുമെന്ന് സി എം ഡി അറിയിച്ചു. ശമ്പളം മുടങ്ങിയതിനെ തുടർന്ന് വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസങ്ങളിലായി ജീവനക്കാർ ജോലി ബഹിഷ്‌കരിച്ചിരിക്കുകയാണ്. ഇതേത്തുതുടർന്ന് പ്രതിദിന വരുമാനത്തിൽ ഏകദേശം മൂന്നരക്കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. കൊവിഡിന് ശേഷമുള്ള റെക്കോർഡ് വരുമാനമായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച കെ എസ് ആർ ടി സിക്ക് ലഭിച്ചത്. 5.79 കോടി രൂപ. വെള്ളിയാഴ്ചയും അതു പോലെ തന്നെ വരുമാനം ലഭിക്കേണ്ടതായിരുന്നു. എന്നാൽ, ജീവനക്കാരുടെ നിസ്സഹകരണത്തെ തുടർന്ന് അത് 4.83 കോടിയായി കുറഞ്ഞു.
ഈ സാഹചര്യത്തിൽ ഇന്നും ജീവനക്കാർ ഡ്യൂട്ടി ബഹിഷ്‌കരണം നടത്തിയാൽ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കും. ക്രിസ്മസ് അവധി ഉൾപ്പെടെയുള്ളവ പരിഗണിച്ച് വളരെയധികം യാത്രക്കാർ കെ എസ് ആർ ടി സിയെ ആശ്രയിക്കുന്നതിനാൽ ജീവനക്കാർ ജോലി ബഹിഷ്‌കരിച്ച് സർവീസ് മുടക്കരുതെന്നും സി എം ഡി പറഞ്ഞു.
ബഹിഷ്‌കരണം മൂലം സർവീസുകൾ മുടങ്ങിയാൽ കെ എസ് ആർ ടി സിയെ ജനങ്ങളിൽ നിന്ന് അകറ്റാനേ അത് ഉപകരിക്കൂ. അതുകൊണ്ട് ഇന്ന് ശമ്പളം വിതരണം ചെയ്യുമെന്നുള്ള ഉറപ്പിന്മേൽ നിലവിൽ ഡ്യൂട്ടി ബഹിഷ്‌കരിക്കുന്ന സംഘടനകൾ അതിൽ നിന്ന് പിൻമാറി സർവീസ് നടത്തണമെന്നും സി എം ഡി അഭ്യർഥിച്ചു.