Kerala
കെ എസ് ആര്‍ ടി സി: ശമ്പളം ഇന്ന് മുതല്‍ നല്‍കിത്തുടങ്ങും, ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കാന്‍ നീക്കം
ശമ്പള വിതരണം പൂര്‍ത്തിയാക്കാന്‍ 35 കോടി രൂപ കൂടി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രി നേരിട്ട് ഇടപെട്ട് ഇന്ന് മുതല്‍ തന്നെ ശമ്പളം വിതരണം ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു.
തിരുവനന്തപുരം | കെ എസ് ആര്‍ ടി സി യില്‍ ഇന്ന് മുതല്‍ ശമ്പളം നല്‍കിത്തുടങ്ങും. മെയ് മാസത്തെ ശമ്പളമാണ് ആദ്യം നല്‍കുക. തുടര്‍ന്ന് ശമ്പള വിതരണം ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കാനാണ് നീക്കം. നാളെ മുതല്‍ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ശമ്പളം കിട്ടിത്തുടങ്ങും. ശമ്പള വിതരണം പൂര്‍ത്തിയാക്കാന്‍ 35 കോടി രൂപ കൂടി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രി നേരിട്ട് ഇടപെട്ട് ഇന്ന് മുതല്‍ തന്നെ ശമ്പളം വിതരണം ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് പണിമുടക്ക് നടത്തുമെന്ന് ഭരണാനുകൂല സംഘടനകളും ഓഫീസ് വളഞ്ഞ് ഉപരോധം സംഘടിപ്പിക്കുമെന്ന് സി ഐ ടി യുവും വ്യക്തമാക്കിയിരുന്നു. ഇതാണ് വിഷയത്തില്‍ പെട്ടെന്ന് ഇടപെടാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.
ഘട്ടംഘട്ടമായുള്ള ശമ്പള വിതരണത്തോട് യൂണിയന്‍ നേതാക്കള്‍ക്ക് യോജിപ്പില്ല. വേതനം ഒറ്റത്തവണയായി നല്‍കണമെന്നാണ് ആവശ്യം. കഴിഞ്ഞ മാസങ്ങളിലും ഈ നിലയിലാണ് ശമ്പളം കിട്ടിയത്. ഇതുകൊണ്ട് കാര്യമില്ലെന്നാണ് യൂണിയന്‍ നേതാക്കളുടെ നിലപാട്.
ഓവര്‍ഡ്രാഫ്റ്റായി പണം എടുത്ത് ശമ്പളം വിതരണം ചെയ്യാനാണ് ശ്രമം. കൈയില്‍ പണമില്ലാതെയാണ് കെ എസ് ആര്‍ ടി സി അധികൃതര്‍ ശമ്പള വിതരണത്തിലേക്ക് പോകുന്നത്. സര്‍ക്കാരില്‍ നിന്ന് പണം കിട്ടാതെ ശമ്പളം നല്‍കാനാവില്ലെന്നാണ് മാനേജ്‌മെന്റ് പറയുന്നത്